Tuesday, July 23, 2013

നേര് 
----------------------------------------------------------------------

ഇതെന്റെ ഭൂമികയാണ്!ചിതറിത്തെറിക്കുന്ന എന്റെ ചിന്താധൂളികളുടെ, പതഞ്ഞു പൊങ്ങുന്ന എന്റെ ആത്മസംഘര്‍ഷങ്ങളുടെ,കുമിഞ്ഞു കൂടുന്ന ആശയധാരകളുടെ, ജല്‍‌പ്പനങ്ങളുടെ ഭൂമിക!എന്നിലെ നേരറിയാനുള്ള എളിയ ശ്രമമാണ് ഈ ബ്ലോഗോവല്‍‌..അനുവാചകരെ നിങ്ങള്‍ക്കു സ്വാഗതം…….നമുക്കു സംസാരിക്കാം,
നേരുകളെയും നുണകളെയും കുറിച്ചു,അനുകൂലിക്കുകയോ,
പ്രതികൂലിക്കുകയോ ആവാം…
-------------------------------------------------------------------------------------------------
ഓര്‍ത്തുനോക്കുമ്പോള്‍..... ...
---------------------------------------------------------------------------

പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം. ആരെയും മയക്കിയിരുന്ന അപ്പൂപ്പന്‍താടികള്‍.

ഒരു മരത്തിന്റെ വിത്തിനെ വിരല്‍ത്തുമ്പില്‍ ഭദ്രമായി കൊരുത്തുപിടിച്ച വെളുത്തനാരുകള്‍ കണ്ടിട്ട് ''അപ്പൂപ്പന്റെ താടിപോലെയുണ്ടെന്ന്'' ആദ്യമായി പറഞ്ഞ ഭാവന അപാരതയുടെ ആകാശത്തേക്കാണ് പറന്നുപോയത്. മലയാളത്തിലെ ഏറ്റവും വെണ്മയേറിയ ഉപമയാണത്. ഒരുപാടൊരുപാട് അപ്പൂപ്പന്‍താടികള്‍ ഒരുമിച്ച് പറന്ന സന്ധ്യയില്‍. സ്‌കൂളിലേക്കുള്ള ഇടവഴിയില്‍.... വയല്‍വരമ്പിലൂടെ ഓടിക്കളിച്ചപ്പോള്‍..... ഇതിലേതെങ്കിലും ഒരു നിമിഷത്തില്‍ ഒരു കുഞ്ഞുനാവില്‍നിന്നായിരിക്കാം ആ പേര് വന്നത്. കള്ളമില്ലാത്ത മനസ്സിന്റെ വെള്ളനിറം മുഴുവന്‍ നിറഞ്ഞുണ്ടായ ഒരു പേര്.

കളിക്കൂട്ടുകാരിയോടൊപ്പം പറത്തുമ്പോഴായിരുന്നു അപ്പൂപ്പന്‍ താടികള്‍ക്ക് ഏറ്റവും ഭംഗി. മത്സരിച്ചൂതുമ്പോള്‍ കാറ്റിന്റെ കൈപിടിച്ച് നൃത്തംവെക്കുന്ന വെളുത്ത പൂക്കള്‍. വായുവിലൊരു തുമ്പപ്പൂക്കളം. കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ ഉയര്‍ന്നു ചാടണം. ശീല്‍ക്കാരങ്ങളില്‍ അപ്പൂപ്പന്‍താടികള്‍ തുടുത്തുവരും. അതില്‍ ചിലത് ഇലകളുടെ തുമ്പത്ത് ചെന്നുപറ്റും. പൊടുന്നനേ പൂചൂടിയ ചെടികള്‍. ചിലപ്പോള്‍ കാറ്റിന്റെ കുസൃതിയില്‍, അവളുടെ പിന്നിയിട്ട മുടിയില്‍ വന്നിരിക്കും ഒന്ന്. പിടിക്കാന്‍ ചെല്ലുമ്പോള്‍ റിബണുകള്‍ക്കിടയില്‍ ഒളിക്കും. ഒരു കുടന്ന അപ്പൂപ്പന്‍താടികള്‍ മുഖത്തേയ്ക്ക് ഊതിവിടുമ്പോള്‍ ആ വെളുത്ത അരിപ്പല്ലുകള്‍ക്കിടയില്‍നിന്നൊരു ചിരിപറക്കും.

കുട്ടിക്കാലത്തിലൂടെ ഇങ്ങനെ ഒത്തിരി കൗതുകങ്ങള്‍ ഒഴുകിനടന്നിരുന്നു. മനസ്സിനെ ഇന്നും മോഹിപ്പിക്കുന്ന ചിലത്. മാനം കാണാതെ ഒളിപ്പിച്ചുവെച്ചിരുന്ന മയില്‍പ്പീലിക്കനവുകള്‍. അവയ്ക്കായി ആരോടൊക്കെയോ മത്സരിച്ചു. തല്ലുകൂടി. പിണങ്ങി. കരച്ചില്‍കേട്ട കളിമുറ്റങ്ങള്‍. വാശിയുടെ നീറ്റലില്‍ ചുവന്ന കവിള്‍ത്തടങ്ങള്‍.

പുതിയകാലം ജെട്രോഫ എന്ന് പേരിട്ട് വിളിക്കുന്നതിനും മുന്‍പ് തെക്കന്മാര്‍ക്കും വടക്കന്മാര്‍ക്കും അത് കടലാവണക്ക് ആയിരുന്നു. അന്നതില്‍ പണം കായ്ച്ചിരുന്നില്ല. പകരം പച്ചത്തണ്ടുകളില്‍ അത്ഭുതത്തിന്റെ കുമിളകള്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു. വേലിപ്പത്തലുകള്‍ക്കിടയിലായിരുന്നു കടലാവണക്കുകള്‍ വളര്‍ന്നിരുന്നത്. കശുമാവുകളിലെറിഞ്ഞ് കൈതളരുമ്പോള്‍.. ഒളിച്ചുകളിയുടെ ഇടവേളകളില്‍ ഒക്കെയായിരിക്കും തണ്ടുപൊട്ടിക്കുക. ഒടിച്ചെടുക്കുമ്പോള്‍ വെളുത്ത കറയൊഴുകും. കടലാവണക്കുകള്‍ വേദനിച്ച് കരയുകയായിരുന്നിരിക്കണം. അതിന്റെ സങ്കടം വിരലുകളില്‍ പശപോലെ ഒട്ടി. ചീന്തിയ തണ്ട് രണ്ടായി മുറിയാതെ പിന്നെയുമൊടിക്കുമ്പോള്‍ എട്ടുകാലിവലപോലെയൊന്ന്. അതില്‍ പതിയെ ഊതുമ്പോള്‍ മുന്നിലൊരു ജാലവിദ്യ. ചെമ്മെ പറന്നുപോകുന്ന സോപ്പുകുമിളകള്‍.

വെയിലില്‍ അവ മഴവില്ലുകാട്ടിത്തരും. കാറ്റലകളില്‍ പൊട്ടിത്തകരും മുന്‍പ് നിമിഷങ്ങള്‍മാത്രം ആയുസ്സുള്ള ഏഴഴക്.

കടലാവണക്കിന്റെ കറവീണാല്‍ കണ്ണുപൊട്ടുമെന്ന് അമ്മമാര്‍ എപ്പോഴും പറഞ്ഞിരുന്നു. പേടിയുണ്ടെങ്കിലും ഇലത്തണ്ടുകള്‍കൊണ്ടുള്ള ഇന്ദ്രജാലം ഉപേക്ഷിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് ഊതുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഒടുവില്‍ ഒളികണ്‍നോട്ടങ്ങള്‍. കുമിളകള്‍ അപ്പോള്‍ കളിയാക്കിച്ചിരിച്ചുകൊണ്ട് ഉയര്‍ന്നുയര്‍ന്നു പോകുകയാകും.

അങ്ങനെയൊരുനാള്‍ ബാല്യവും അവയ്‌ക്കൊപ്പം തുമ്പിയായി പറന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. കടലാസു വഞ്ചിയെ എന്നോണം കാലം ഒഴുക്കിക്കൊണ്ടുപോയ നല്ല ദിവസങ്ങള്‍.

ഓര്‍മകളുടെ തീരത്തുണ്ട് ഇപ്പോഴും ആ തോണികള്‍. പഴയ നോട്ടുബുക്കിന്റെ താളുകള്‍ കീറിയുണ്ടാക്കിയ കിനാവിന്റെ കേവുവള്ളങ്ങള്‍. തോട്ടിറമ്പത്തിരുന്ന് ഒഴുക്കിവിടുമ്പോള്‍ അരികെ ഒരാള്‍കൂടിയുണ്ടാകും. കുഞ്ഞുകുഞ്ഞു സ്വപ്നങ്ങളും പേറി അവ ഓളങ്ങളിലാടിയുലഞ്ഞുനീങ്ങി. ഇടയ്ക്ക് മെല്ലെ മെല്ലെ വെള്ളം ഒഴുക്കിവിടുമ്പോള്‍ കാറ്റ്പിടിച്ച പായ്ക്കപ്പല്‍പോലെ ദിശമാറും. കുറുമ്പ് കട്ടുറുമ്പായി നോവിക്കുംനേരം പരസ്പരം തോണിമറിക്കും. നനഞ്ഞൊട്ടിയ ശരീരവുമായി തോടിന്റെ ആഴങ്ങളിലേക്കവ താണുപോകവേ മുഖത്തോടുമുഖം നോക്കി കരയും.

തോണികള്‍ മുങ്ങിപ്പോയപ്പോള്‍ കരഞ്ഞവര്‍ പഴുത്ത പ്ലാവിലകള്‍ വീഴുമ്പോള്‍ പച്ചിലകള്‍ക്കൊപ്പം ചിരിച്ചു മഞ്ഞനിറമുള്ള ഇലകള്‍ പെറുക്കിയെടുക്കാനും മത്സരമായിരുന്നു. കൈയിലടുക്കിയ പ്ലാവിലകളില്‍ മണ്ണ് പറ്റിയിട്ടുണ്ടാകും. തുടച്ചുകളയുമ്പോള്‍ കണ്ണുകളില്‍ കരുതലുണ്ട്. മണ്ണുപോകാനും ആരും തട്ടിപ്പറിക്കാതിരിക്കാനും. ഇലകളില്‍ തിണര്‍ത്തുനില്ക്കുന്ന വയസ്സന്‍ ഞരമ്പുകളിലേക്ക് ഈര്‍ക്കില്‍ ഓരോന്നായിവേണം കുത്തിയിറക്കാന്‍. ഒടുവില്‍ വൃത്തമൊക്കുമ്പോള്‍ ഗമയിലൊരു കിരീടം. രാജാവിന് ശിരസ്സിലേറ്റാനുള്ളത്. തോറ്റവനും ജയിച്ചവനും ഒരുപോലെയിട്ട തൊപ്പികള്‍. പൊന്തക്കാടുകള്‍ക്കിടയില്‍ കള്ളനെ തിരഞ്ഞുനടന്ന പ്ലാവില പോലീസുകാര്‍.

ഇവയെല്ലാം ബാല്യത്തിന്‍േറതുമാത്രമായിരുന്നു. ജീവിതത്തിന്റെ മറ്റൊരു ഋതുവിനും തിരികെ തരാനാകാത്തത്. മടങ്ങിവരാതെ മറഞ്ഞുപോയവ. വെറുതെയെന്നറിയുമ്പോഴും വീണ്ടുമൊരു കുട്ടിയാകാന്‍ കൊതിപ്പിക്കുന്ന സൗന്ദര്യങ്ങള്‍.
------------------------------------------------------------------------------------------------
-
മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല നെഞ്ചോടുചേര്‍ത്തു പിടിച്ച ഒരു സ്ലേറ്റില്‍ നിന്ന് തുടങ്ങുന്നു.

എല്ലാ അറിവുകളും അതില്‍ ആരംഭിച്ചു.തടി കൊണ്ടുള്ള ചതുരക്കുപ്പായമിട്ട കറുമ്പന്‍ കൂട്ടുകാരനായിരുന്നു സ്ലേറ്റ്.'ഇവിടെ എഴുതിവളരൂ'എന്നു പറഞ്ഞ് ചങ്കുകാട്ടിത്തന്ന ചങ്ങാതി.അവനായിരുന്നു ആദ്യ സഹപാഠിയും.സ്ലേറ്റിന്റെ ചട്ടയില്‍ ചെറിയ തകരക്കഷ്ണങ്ങള്‍ മുള്ളാണികള്‍ കൊണ്ട് ബട്ടണുകള്‍ പോലെ തുന്നിവച്ചിട്ടുണ്ടാകും.അതുപയോഗിച്ച് ഇടയ്ക്കിടെ സ്ലേറ്റ് കളിയായി നുള്ളിനോവിക്കുകയും ചെയ്തു.

സ്ലേറ്റില്‍ ആദ്യം തെളിഞ്ഞ അക്ഷരം 'അ' ആയിരുന്നു.'അ' ആനയെപ്പോലെ തോന്നിച്ചിരുന്നു അന്ന്.അതുകൊണ്ടുതന്നെ 'അ' എഴുതുകയായിരുന്നില്ല.പകരം വരച്ചു.വിരലിന് വഴികാട്ടാന്‍ ആരെങ്കിലും ചാരെ കാണും.കല്ലുപെന്‍സില്‍ കൊണ്ട് ആദ്യമായി സ്ലേറ്റിലെഴുതുമ്പോള്‍ ഒരു കൈപ്പടത്തിന്റെ കരുതല്‍ വിരലുകളെ പൊതിഞ്ഞുനിന്നു.ഒടുവില്‍ തനിയെ സ്ലേറ്റില്‍ പിച്ചവച്ചുകഴിയുമ്പോള്‍ അരികെ അമ്മയെങ്കില്‍ ഒരുമ്മ.അച്ഛന്‍ തരുന്നത് തോളിലൊരു തലോടല്‍.അപ്പൂപ്പന്റെ സമ്മാനം വലിയൊരു ചിരിയായിരുന്നു.സ്ലേറ്റിന്റെ കവിളിലപ്പോള്‍ മുറുക്കാന്‍ തരികള്‍ പൊട്ടിടും.

'അ' കഴിഞ്ഞാല്‍ 'മ്മ'.അതെഴുതുമ്പോള്‍ വലിയൊരു മല കയറിയിറങ്ങുന്നതുപോലെ തോന്നും.മടിയുടെ കിതപ്പ്.'വലിയ ആളാകണ്ടേ' എന്ന വാക്കില്‍ ചിണുങ്ങല്‍ മതിയാക്കി വീണ്ടും മലകയറ്റം.അങ്ങനെ ആദ്യമായി എഴുതിയ വാക്ക് 'അമ്മ' എന്നായി. അതുകാണ്‍കെ എല്ലാ ക്ഷീണവും പറന്നുപോയി.വാത്സല്യം ചുരത്തിനിന്ന രണ്ടക്ഷരങ്ങള്‍.

വാലുള്ള 'അ' ആയിരുന്നു 'ആ'.അങ്ങനെ പറഞ്ഞുതന്നതും അക്ഷരം പഠിപ്പിച്ചവര്‍ തന്നെ.പക്ഷേ എഴുതുമ്പോള്‍ വാലിനേക്കാള്‍ ഒരു തുമ്പിക്കൈ നീണ്ടുവരുന്ന തോന്നലായിരുന്നു.സ്ലേറ്റിലെ ആദ്യത്തെ വാക്കിന് അമ്മിഞ്ഞമധുരമായിരുന്നെങ്കില്‍ രണ്ടാമത്തേതില്‍ കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകം നെറ്റിപ്പട്ടം കെട്ടിനിന്നു.'ആന' എന്ന വാക്ക് പൂര്‍ത്തിയാകുമ്പോള്‍ വല്ലാത്തൊരു തലയെടുപ്പായിരുന്നു ആ അക്ഷരങ്ങള്‍ക്കും കുഞ്ഞുമനസ്സിനും.

സ്ലേറ്റിലെ ആദ്യാക്ഷരങ്ങളില്‍ നിന്ന് സ്‌കൂളിലേക്കുള്ള വഴിതുടങ്ങുന്നു.വളഞ്ഞുപുളഞ്ഞും കയറിയിറങ്ങിയുമുള്ള നാട്ടുപാതകള്‍.അതു ജീവിതയാത്രയുടെ ആരംഭം കൂടിയായിരുന്നു.ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്.ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.

കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.അത്ഭുതങ്ങള്‍ ഒളിച്ചിരുന്ന ഒറ്റയടിപ്പാതകള്‍.അതിന്റെ അരികുകളിലെ വേലിപ്പത്തലുകളില്‍ കട്ടുപറിക്കാന്‍ മാത്രമായി കണ്ണാന്തളികള്‍ വിടര്‍ന്നുനിന്നു.കൈ നീട്ടുമ്പോള്‍ ഇടയ്ക്ക് ഓന്തുകള്‍ നാവുനീട്ടി പേടിപ്പിച്ചു.പൊന്തകള്‍ക്കിടയില്‍ നിന്ന് 'ശൂ..ശൂ..'എന്ന ശബ്ദം വരുമ്പോള്‍ പേടിക്കണമെന്നാണ് നിര്‍ദ്ദേശം.പാമ്പിന്റെ വിളിയാണ്.അപ്പോള്‍ നടത്തം നെഞ്ചിടിപ്പോടെയാകും .

ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക;അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്.അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക.ഒപ്പം ഒരുപാടുപേരുണ്ടായിരുന്നെങ്കിലും കൂടുതലിഷ്ടം ഒരാളോടാകും.യാത്രയില്‍ എന്തിന്റെയും പാതിയവകാശി.വഴിയരികില്‍ മൂര്‍ച്ചയേറിയ നാവുള്ള ചില പുല്ലുകളുണ്ട്.കളിച്ചും ചിരിച്ചും കണ്ണുപൊത്തിയും നീങ്ങുമ്പോള്‍ അവ കുശുമ്പോടെ കാലില്‍ ഉരസും.നീറ്റലോടെ നിലവിളിക്കവെ തുപ്പലുപുരട്ടി തന്നിരുന്നതും ഏറ്റവും അരികെയുണ്ടായിരുന്നയാള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയിലെ പൂവുകളും പൂമ്പാറ്റകളും പിന്നെ നിധിപോലെ സൂക്ഷിച്ചുവച്ച കല്ലുപെന്‍സിലുകളും ആ സ്‌നേഹത്തിനുള്ളതായിരുന്നു.പകര്‍ന്നു കൊടുത്തിരുന്നത് കിനാവുകള്‍ കൂടിയായിരുന്നു.


മാമ്പഴക്കാലത്താണ് വഴിക്ക് ഏറ്റവും മധുരം.കണ്ണിമാങ്ങാചുന പുരണ്ട കാറ്റില്‍ മാവുകളിലേക്ക് കല്ലുകള്‍ മത്സരിച്ച് പറന്നു.കുപ്പായത്തില്‍ കറകള്‍ ഭൂപടങ്ങള്‍ വരച്ചു.

സ്ലേറ്റപ്പോള്‍ പുസ്തകസഞ്ചിയിലായിരിക്കും.സഞ്ചിയില്ലാത്തവര്‍ പുസ്തകങ്ങള്‍ക്കൊപ്പം കറുത്ത റബ്ബര്‍ കൊണ്ട് സ്ലേറ്റിന് അരഞ്ഞാണമിട്ടു.സ്‌കൂള്‍കാലത്തിന്റെ ഏറ്റവും ഇലാസ്തികതയേറിയ ഓര്‍മ്മകളിലൊന്ന് ഈ റബ്ബര്‍ ആണ്.ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെപ്രാവുകള്‍ക്കുനേരെ തൊടുത്ത തെറ്റാലിയുടെ ഞാണ്‍ .കയ്യിലും കഴുത്തിലുമണിഞ്ഞ കളിയാഭരണം.
മഴക്കാലത്ത് ചേമ്പിലകള്‍ക്കൊപ്പം സ്ലേറ്റൊരു കുടയാകും.ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ'യും 'പന'യും വഴിലെവിടെയോ ഒലിച്ചുപോകും.സ്ലേറ്റിന്റെ കവിളുകള്‍ എപ്പോഴും കൊതിച്ചത് മഷിപ്പച്ചയുടെ മുത്തമാണ്.മഷിപ്പച്ച തൊടുമ്പോള്‍ സ്ലേറ്റില്‍ നിന്ന് എന്തും മാഞ്ഞുപോകുമായിരുന്നു.നാലുമണിക്ക് ശേഷം മഷിപ്പച്ചകള്‍ ഉറക്കം നടിച്ച്കിടക്കും.സ്‌കൂള്‍വിട്ടുവരുന്നവര്‍ തൊടിയിലേക്കിറങ്ങുന്നത് അപ്പോഴാണ്.നുള്ളിയെടുക്കുമ്പോഴത്തെ വേദന മറന്നുപോകാനായിരിക്കണം മഷിപ്പച്ചകളെ കഴുകിയെടുത്തിരുന്നത്.ആഫ്രിക്കന്‍പായലുകള്‍ക്കടിയില്‍ വാലുപോലെ വെള്ളത്തിലൊളിച്ചുകിടന്ന നീളന്‍തണ്ടുകളായിരുന്നു മറ്റൊന്ന്.കുളത്തില്‍ ഏറ്റവും വലിയ തണ്ടിനുവേണ്ടിയാകും അന്വേഷണം.അവ നാളേക്കായി സ്ലേറ്റിനൊപ്പം സൂക്ഷിച്ചുവയ്ക്കുന്ന വമ്പിന്റെ അടയാളം കൂടിയായിരുന്നു. സ്ലേറ്റ്തുടയ്ക്കാന്‍ ഓരോ നാടിനുമുണ്ടായിരുന്നു ഇങ്ങനെ പലതരം ചെപ്പടിവിദ്യകള്‍. ഏതു തെറ്റും എളുപ്പത്തില്‍ മായ്ച്ചു കളയാമെന്ന കള്ളം ആദ്യമായി പഠിപ്പിച്ചു തന്നവ.
വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.മനസ്സപ്പോള്‍ ചോദിക്കും..ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ..


നാണത്തില്‍ ആകെ തുടുത്ത് നില്‍ക്കുകയാകും ഷീല. നസീറിന്റെ വിരല്‍ തൊട്ടാലുടന്‍ കൂമ്പാന്‍ കണക്കെ. മാറത്ത് ഒരു പ്രകാശശരം തറയ്ക്കുന്നത് അപ്പോഴാകും. ഓലക്കൊട്ടകയുടെ ദ്രവിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നൂണ്‍ഷോ ഒളിച്ചു കാണുന്ന സൂര്യന്‍. നയനമനോഹരമായ വെള്ളിത്തിരയില്‍ നിറയെ വെളിച്ചത്തുണ്ടുകള്‍. കൊട്ടകകള്‍ക്ക് ബീഡിപ്പുകയുടെ മണമായിരുന്നു. കപ്പലണ്ടിക്കടലാസുകളുടെ പക്ഷികള്‍ പാറിപ്പറന്ന കൂരകള്‍. തലമുറകള്‍ ഇവിടത്തെ തറകളിലിരുന്ന് മായക്കാഴ്ചകള്‍ കണ്ടുവളര്‍ന്നു. ഞെളിപിരികള്‍ ഏറ്റുവാങ്ങിയ ബെഞ്ചുകള്‍, ചൂരല്‍ക്കസേരകള്‍... മൂട്ടപോലെ ഇന്നും മനസ്സിലേക്ക് മിന്തിക്കയറുന്ന അനുഭവമാണത്. ഉദയായുടെ പൂവന്‍കോഴി കൂവിനിന്നതും പരീക്കുട്ടി പാടിയലഞ്ഞതും ജയന്‍ ഹെലികോപ്റ്ററിനൊപ്പം ചിറകറ്റുവീണതും ഓലക്കൊട്ടകകളിലെ വെള്ളത്തുണികളിലായിരുന്നു. കണ്ടം ബെച്ച തിരശ്ശീലകള്‍. തുന്നിച്ചേര്‍ത്ത തുണിക്കഷ്ണങ്ങളുടെ ദീര്‍ഘചതുരങ്ങള്‍ ചിലപ്പോള്‍ ജയഭാരതിയുടെ ചന്ദനനിറമുള്ള വയറ്റത്ത്. ഗോവിന്ദന്‍കുട്ടിയുടെ ചെങ്കണ്ണുകള്‍ക്ക് താഴെ കവിളത്ത്.
കൊട്ടകകള്‍ ഉറക്കെ പാടുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഗ്രാമത്തിനുമുഴുവന്‍ കേള്‍ക്കാനായി യേശുദാസും ജാനകിയും ഡ്യുവറ്റുമായി കോളാമ്പികളിലൂടെ പുറത്തേക്കിറങ്ങി വരും. സെക്കന്റ് ഷോയ്ക്ക് പാട്ടുവയ്ക്കുന്നതായിരുന്നു ഒരു ദിവസമൊടുങ്ങുന്നതിന്റെ അടയാളം. കടകള്‍ക്കുമുന്നില്‍ പലകകകള്‍ വീഴും. വരമ്പിലൂടെ ടോര്‍ച്ച് വെളിച്ചങ്ങള്‍ മിന്നിമിന്നിപ്പോകും. പാട്ട് നേര്‍ത്തുവരുമ്പോള്‍ അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന മുതിര്‍ന്നവര്‍ പറയും: 'അകത്തേക്കെടുത്തു'.
വര്‍ഷങ്ങള്‍ക്കുമുമ്പ് അവധിക്കു വന്നപ്പോള്‍ സിനിമാക്കൊട്ടകയില്‍ക്കയറി പൊന്നാപുരം കോട്ട കണ്ടവര്‍ ഇന്ന് തിരിച്ചുവരികയാണെങ്കില്‍ കുളമ്പടികള്‍ കേള്‍ക്കില്ല. കൊട്ടകകള്‍ കൊപ്രാക്കളങ്ങളായിക്കഴിഞ്ഞു. അല്ലെങ്കില്‍ കല്യാണഹാളുകള്‍. കാലവര്‍ഷത്തില്‍ ഓലനാരുകള്‍ പോലെ അഴുകിയകന്ന ഓര്‍മ്മ. നാട്ടുവഴികളിലൂടെ സിനിമാനോട്ടീസ് വിതറിനീങ്ങിയ വണ്ടികളും ഇന്നില്ല. ചരിത്രത്തിലേക്ക് ഓടിമറഞ്ഞ രണ്ടു വാക്കുകള്‍. നയനമനോഹരമായ വെള്ളിത്തിര. ശേഷം സ്‌ക്രീനില്‍. പത്തുവര്‍ഷത്തിനുശേഷം നാട്ടിലെത്തുന്ന മറുനാടന്‍ മലയാളിക്ക് നഷ്ടമായ കാഴ്ചകള്‍ ഇനിയുമുണ്ട്. കൈവീശി യാത്രയായപ്പോള്‍ കണ്‍മുന്നിലുണ്ടായിരുന്നതും മടങ്ങിവരുമ്പോള്‍ മറഞ്ഞുപോയതുമായ ചിലത്. ഒരു ദശകത്തിനിടെ ഇല്ലാതായ കൗതുകങ്ങള്‍.
ഓര്‍മ്മകളില്‍ തീവണ്ടിയുടെ നിറമെന്താണ്? തുരുമ്പുപോലുള്ള ചായവുമായി ഒരു ചൂളംവിളി. ഇടയ്ക്ക് പുലികളിക്കാരന്റെ മഞ്ഞവരകള്‍. ലോകത്ത് ആ നിറത്തില്‍ കാണാനാകുമായിരുന്ന ഏക വസ്തു നമ്മുടെ തീവണ്ടികള്‍ മാത്രമായിരുന്നു.നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ 'ഐ ആം ടോണി കുരിശിങ്കല്‍... ടോണി കുരിശിങ്കല്‍' എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് പറയുന്നത് ഇത്തരമൊരു തീവണ്ടിക്കൂപ്പെയിലിരുന്നാണ്. പഴയ തീവണ്ടിയെ അതിന്റെ എല്ലാവിധ ചന്തങ്ങളോടെയുീം ഈ സിനിമയില്‍ കാണാം. ഫ്രെയിമുകളിലുടനീളം പടര്‍ന്നോടുന്ന തുരുമ്പുനിറം. സല്ലാപത്തിലെ പാട്ടുകളില്‍ പാലക്കാടന്‍ പാളങ്ങളിലൂടെ തലങ്ങും വിലങ്ങും കൂവിപ്പായുന്നതും ഈ വണ്ടി തന്നെ. പക്ഷേ ബാലേട്ടനില്‍ അച്ഛനെയോര്‍ത്ത് ലാല്‍ കരയാന്‍ തുടങ്ങുമ്പോള്‍ ഒറ്റപ്പാലത്തെ പതിവു ലൊക്കേഷനായ മങ്കരവീടിനു മുന്നിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിക്ക് നീലനിറമാണ്. കാലമടിച്ച പുതിയ ചായം.പണ്ട് ഗള്‍ഫുകാരുടെ വണ്ടി ജയന്തി ജനതയായിരുന്നു. പ്രവാസ സ്വപ്‌നങ്ങളെ ടേക്ക് ഓഫിനായി മുംബൈ വരെയെത്തിച്ച നിത്യഹരിതനായിക. പോയപ്പോള്‍ യാത്രചെയ്ത ജയന്തിയില്‍ ഇനിയൊരിക്കലും മടങ്ങിവരാനാകില്ല. അവളും തനിനിറം ഉപേക്ഷിച്ചുകഴിഞ്ഞു.
തീവണ്ടികള്‍ നിറംമാറിയപ്പോള്‍ ബസ്സിനുള്ളില്‍ സംഭവിച്ചത് രൂപപരിണാമമാണ്. കണ്ടക്ടര്‍ ചെറിയ കീബോര്‍ഡുപോലെ കൊണ്ടുനടന്നിരുന്ന ആ നീളന്‍ തടിയുപകരണം അന്ത്യയാത്രയായി. ഇപ്പോള്‍ വിരലൊന്നു ഞെക്കിയാല്‍ ടിക്കറ്റു ചാടുന്ന ഇത്തിരിക്കുഞ്ഞന്‍ യന്ത്രമാണ് നാടിന്റെ ഫെയര്‍‌സ്റ്റേജ് നിശ്ചയിക്കുന്നത്. നമുക്കൊപ്പമുള്ള യാത്രക്കിടെ എവിടെയോ ഇറങ്ങിപ്പോയ ടിക്കറ്റ് റാക്കുകള്‍. ഇരുഭാഗത്തും വെള്ളിനിറത്തില്‍ വിരലുകള്‍ പോലെ വളഞ്ഞുനില്‍ക്കുന്ന തകിടുകളായിരുന്ന റാക്കുകളുടെ ഭംഗി. എങ്ങോട്ടേക്കുള്ള ടിക്കറ്റിനെയും അവ ആലിംഗനത്തിലൊതുക്കും. കണ്ടക്ടര്‍ വലിച്ചെടുക്കാന്‍ നോക്കിയാലും ചിലപ്പോള്‍ ഇഷ്ടം കൊണ്ട് ടിക്കറ്റിനെ പിടിച്ചുവയ്ക്കും. തനിക്ക് പാതി യാത്രക്കാരന് പാതി.റാക്കുകളുടെ തഴമ്പുണ്ടാകും പഴയ കണ്ടക്ടര്‍മാരുടെ കൈകള്‍ക്ക്. അവര്‍ ദീര്‍ഘദൂര യാത്രക്കുള്ള കണക്ഷന്‍ ടിക്കറ്റുകള്‍ മുറിച്ചുനല്‍കുന്നത് ഒരു കാഴ്ചയായിരുന്നു. സീറ്റിന്റെ മുകള്‍ കമ്പിയില്‍ ചാരി ആദ്യമൊരു ടിക്കറ്റെടുത്ത് ഇടംകൈയുടെ തള്ളവിരല്‍ കൊണ്ട് ഉറപ്പിച്ചു പിടിച്ച് പിന്നെ റാക്ക് പ്രത്യേക താളത്തില്‍ മറിച്ചെടുത്ത് തുപ്പല്‍ നനവ് കൊടുത്ത് മറ്റൊരെണ്ണമെടുത്ത്...
ബസ്സിനു നടുവിലെ വഴിയരികിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇപ്പോള്‍ പേടിവേണ്ട. റാക്കുകള്‍ തട്ടിയും മുട്ടിയും രസിച്ചിരുന്നത് ഇവരെയായിരുന്നു. അതിലെ മുള്ളാണികള്‍ നുള്ളി നോവിച്ചത് എത്രയോ യാത്രികരുടെ കുപ്പായങ്ങളെയാണ്. നോക്കിയയുടെ ആദ്യകാല മൊബൈല്‍ ഫോണുകളുടെ വലിപ്പത്തില്‍ കണ്ടക്ടറുടെ കഴുത്തില്‍ കിടക്കുന്ന ആധുനികന്‍ ആരെയും തൊടാനും പിടിക്കാനും പോകാത്ത ജന്റില്‍മാന്‍. വലിയ ടിക്കറ്റുകള്‍ക്കായി മറുപുറം തേടുകയും വേണ്ട. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ വിരല്‍തുമ്പില്‍. കാലമെപ്പോഴും ഇങ്ങനെയാണ്. നമ്മളില്‍നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തിക്കളഞ്ഞുകൊണ്ടിരിക്കും. രണ്ടായിരം ജൂണിലെ ഒരു കോടതി ഉത്തരവോടെ അണഞ്ഞുപോയത് മലയാളിയുടെ ചുണ്ടോടു ചേര്‍ന്നെരിഞ്ഞിരുന്ന ചില തീപ്പൊരികളായിരുന്നു. പുകവലിക്കാന്‍ തീ നല്‍കരുതെന്ന് കോടതി പറഞ്ഞപ്പോള്‍ മുറുക്കാന്‍ കടക്കാര്‍ തീയണച്ച് ബോര്‍ഡ് വെച്ചു. ദയവായി തീ ചോദിക്കരുത്. ചുണ്ണാമ്പുപാത്രത്തിനരികെ ഒരറ്റം ചുവന്ന് തൂങ്ങിനിന്ന ആ കയര്‍ ഒരു ശീലത്തെ ജ്വലിപ്പിച്ചതില്‍ പ്രധാനിയായിരുന്നു. ചുംബിക്കാനാനെന്നോണം എത്ര അരുമയായാണ് വലിയന്മാര്‍ അതിനെ ചുണ്ടോടുചേര്‍ത്തിരുന്നത്. സിരകളില്‍ തീ പടര്‍ത്താന്‍ പിന്നെയുമുണ്ടായിരുന്നില്ലേ നാടന്‍ ഉപകരണങ്ങള്‍. ഒഴിഞ്ഞ തീപ്പെട്ടിക്കൂടും കുറെ കൊള്ളികളും. ഒരു ചിമ്മിനിവിളക്കും ഒരേ അളവില്‍ മുറിച്ച സിഗരറ്റുകവറിന്‍ കഷ്ണങ്ങളും... ചുവപ്പിലും പച്ചയിലും മഞ്ഞയിലുമായി നൂലില്‍ ഞാന്നുകിടക്കുന്ന ഗ്യാസ്‌ലൈറ്റര്‍... ഇവയൊക്കെ ഗ്രാമ്യതയുടെ ചിഹ്നങ്ങളായിരനു്‌നു. ഇനിയൊരിക്കലും കാണാന്‍ പറ്റില്ലവയെ. ചെറിയ വലിയ നഷ്ടങ്ങള്‍. പോയകാലത്തേക്കുള്ള പ്രകാശബിന്ദുക്കള്‍. ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍.2പച്ചപ്പാടത്തിന് നടുവിലൂടെയോ മാമരങ്ങളെത്തൊട്ട് വളഞ്ഞുപുളഞ്ഞുനീളുന്ന ടാര്‍വഴികളിലൂടെയോ ഓടിവരുന്ന ബസ്സ് വെറുമൊരു ശകടം മാത്രമല്ലായിരുന്നു. നാടിന്റെ നാഴികമണി. പലതിലേക്കുമുള്ള പാലം. എല്ലാ വീട്ടിലും പരിചയക്കാരുള്ള വിരുന്നുകാരന്‍. ബസ്സിന്റെ യാത്ര മനസ്സുകളിലൂടെയായിരുന്നു. വാഹനപ്പെരുക്കത്തിനും മുമ്പാണ്. നാട്ടിന്‍പുറത്തിന്റേതായി ഒരു ബസ്സുണ്ടായിരുന്നു. അതായിരുന്നു ആ പ്രദേശത്തിന്റെ മുഴുവന്‍ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലുള്ളതു പോലൊരു പതിവ് ദൃശ്യം. പുലര്‍ച്ചക്കോഴി കൂവുന്നതിനൊപ്പം ആദ്യ ബസ്സുപോകും. കഞ്ഞികുടിക്കാന്‍ കൈകഴുകുമ്പോഴാകും ആ ഇരമ്പല്‍ കേള്‍ക്കുക. അവസാനത്തെ ബസ്സ് വരുന്നു. ബസ്സിന്റെ ബെല്ലുകള്‍ക്കൊപ്പം ചലിച്ചിരുന്നു നമ്മള്‍, പണ്ട്. ബസ്സിന്റെ സമയമായിരുന്നു നാടിന്റെ ഘടികാരം. ആദ്യ ബസ്സുപോകുമ്പോള്‍ ഒരു കോട്ടുവാ വിടരുന്നു. പകലിന്റെ മൂരിനിവര്‍ക്കല്‍. നട്ടുച്ചയുടെ ബസ്സ് ചോറ്റുപാത്രങ്ങളെ ഉണര്‍ത്തും. പാടത്തും കടയിലും പണിയെടുക്കുന്ന വീട്ടുകാരനുവേണ്ടി ധൃതിയോടെ പാത്രം തുടച്ചോടുന്ന വീട്ടമ്മമാര്‍ക്കുള്ള അടയാളം. നാലുമണിയുടേത് സ്‌കൂള്‍ വിടാറായി എന്ന ഓര്‍മ്മപ്പെടുത്തലാണ്. അങ്ങളെ പ്ലാവിലക്കുമ്പിളില്‍ വറ്റുകള്‍ നിറയും വരെ ബസ്സ് നമുക്കിടയിലൂടെ ഓടിക്കൊണ്ടേയിരുന്നു.
ബസ്സിന് പല ഭാവങ്ങളുണ്ട്. യാത്രികരില്‍ നിന്ന് പകര്‍ന്നത്. രാവിലെ കുളിച്ചീറനായുള്ള ആദ്യയാത്രയില്‍ അതിന് മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും മണമുണ്ടാകും. നഗരത്തിലേക്ക് പോകുന്നവരുടെ നവോന്മേഷം. അത്തറിലും വാട്ടിയ വാഴയിലയിലും നിന്ന് പരക്കുന്ന കൊതി. തീരദേശങ്ങളില്‍ ബസ്സ് രാവിലെ തന്നെ മത്സ്യഗന്ധിയാകും. കലപിലകള്‍. കശപിശകള്‍.ഉച്ചയൂണിനൊതുക്കുന്ന വണ്ടിയില്‍നിന്ന് വിയര്‍പ്പൊലിക്കുന്നുണ്ടാകും. പെന്‍ഷന്‍തുകയോ നേന്ത്രക്കുല വിറ്റുകിട്ടുന്ന കാശോ നിറച്ച മടിശ്ശീലകള്‍ കാണാമിതില്‍. മുറുക്കാന്‍ കടയില്‍നിന്ന് മുഷിഞ്ഞനോട്ടാലൊരു നാരങ്ങാവെള്ളം. അല്ലെങ്കിലൊരു മുറുക്കാന്‍. ഉച്ചതിരിഞ്ഞുള്ള വണ്ടിയില്‍ വരുന്നത് വിരുന്നുകാരാകും. അവരെ കാത്തെന്നോണം അടുപ്പുകളില്‍ ചായക്കലങ്ങള്‍ തിളയ്്ക്കുന്നുണ്ടാകും. ചെളിപുരണ്ട സ്‌കൂള്‍ കുപ്പായങ്ങളെപ്പോലെ ബസ്സപ്പോള്‍ മുഷിയാന്‍ തുടങ്ങിയിരിക്കും.
സന്ധ്യയ്ക്ക് അത് വന്നുനില്‍ക്കുന്നത് ആകുലതകള്‍ക്കുമേല്‍ വെളിച്ചമിട്ടുകൊണ്ടാണ്. തിരക്കോടെ ഇറങ്ങി വീടുതേടി ഓടുന്നവര്‍. ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്ന അച്ഛനൊപ്പം നീങ്ങുന്ന ഒരു പെണ്‍കുട്ടി. അവസാനത്തെ ബസ്സ് ആടിക്കുഴഞ്ഞായിരിക്കും വരിക. അതില്‍ 'ഴ'കാരത്തിലുള്ള പാട്ടുണ്ടാകും. കപ്പലണ്ടിയുടെ നനുത്ത പുറന്തോടുകളും കീറിയ സിനിമാടിക്കറ്റുകളും വീണുകിടക്കും.അരുമയായിരുന്നു അവള്‍. മിക്കവാറും എല്ലാ ബസ്സുകള്‍ക്കും ഒരു പെണ്‍പേരാകും. പത്മപ്രിയയെന്ന നായിക പ്രശസ്തയാകുന്നതിനും വളരെ മുമ്പ് നാട്ടുവഴികളിലൂടെ അതേപേരില്‍ സുന്ദരിയായ ബസ്സോടിയിരുന്നു. നെറ്റിയില്‍ പേറിയ കാല്‍പ്പനികമായ പിന്നെയുമെത്രയോ നാമങ്ങള്‍. അമ്പിളി, ജ്യോതി, സ്വപ്‌ന തുടങ്ങി ചുരുക്കം അക്ഷരങ്ങളിലൊതുങ്ങിയ ഭംഗി. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയോടെന്നപോലെയുള്ള അടുപ്പമായിരുന്നു നാട്ടുകാര്‍ക്ക് ഇവരോടെല്ലാം. ബസ്സുപോയോ എന്ന് ചോദ്യമില്ല. 'അമ്പിളി വന്നോ' എന്നാകും അന്വേഷണം. ഈ ബന്ധം സ്ഥിരം തമാശയായി സ്‌റ്റേജുകളിലേക്കും എത്രയോ സിനിമകളിലേക്കും ഉരുണ്ടുകയറി.
ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടിന്റെ ബന്ധുക്കളായിരുന്നു. ബസ്സിന്റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക. അമ്പലത്തിനുമുന്നിലെ അരയാല്‍ ചുവട്ടില്‍. ബസ്സ്‌സ്റ്റോപ്പിലെ വലിയ വാകയുടെ കീഴെ. അതുമല്ലെങ്കില്‍ പാലത്തിനോട് ചേര്‍ന്ന്. രാത്രിയുറക്കവും ഇവിടെയൊക്കെത്തന്നെ. എല്ലാവരുമുറങ്ങുമ്പോള്‍ ഗ്രാമത്തിന്റെ സ്വന്തം ബസ്സും ജാലകവിരികള്‍ പുതച്ച് നിശ്ചലമായിക്കിടക്കും. അതുകാണുമ്പോള്‍, 'ഞാനും നിങ്ങളിലൊരാളാണെന്ന്' ബസ്സ് മൗനമായി പറയുംപോലെ തോന്നും. ഊണിലും ഉറക്കത്തിലും അങ്ങനെ ബസ്സ് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു.
ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സിന്റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സിന്റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.
തുടരും......3ഒരാളോട് ആത്മാര്‍ത്ഥമായി ഇഷ്ടം തോന്നുകയെന്നത് കുട്ടി അമ്പിളിയമ്മാവനെ കൊതിക്കും പോലെ നിര്‍മലമാണ്. പ്രണയമുണ്ടായാല്‍ പിന്നെയത് പറഞ്ഞുതീര്‍ക്കും വരെ ഉള്ളിലൊരു പരവേശമായിരിക്കും. ഹൃദയം പിടിവാശി പിടിച്ച് ചിണുങ്ങും. തൊണ്ടയെപ്പോഴും വരണ്ടുണങ്ങി ദാഹിക്കുന്ന തരിശുനിലമാകും. നെഞ്ചിലാരോ അണക്കെട്ട് പണിയും. കാലമെത്ര കഴിഞ്ഞാലും കാമുകഭാവങ്ങള്‍ക്ക് മാറ്റമില്ല. പ്രേമം അറിയിക്കാന്‍ അക്ഷരങ്ങളെ മുതല്‍ അരയന്നത്തെ വരെ നമ്മള്‍ ഉപയോഗിച്ചു. ടെലിഫോണ്‍ മണികള്‍ ചിരിക്കുന്നതിനും പിന്നെ എസ്.എം.എസ്. എന്ന മൂന്നക്ഷരത്തിലേക്ക് എല്ലാം ചുരുങ്ങിയൊതുങ്ങുന്നതിനും മുമ്പുള്ള കഥയാണത്. അന്ന് അനുരാഗത്തിന്റെ അറിയിപ്പു വഴികള്‍ പലതായിരുന്നു.
ജീവിതവും യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുമ്പോള്‍ ആരും ആദ്യം ചിന്തിച്ചിരുന്നത് പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. പ്രണയത്തിന്റെ എക്കാലത്തേയും വലിയ ഒപ്പുകടലാസായിരുന്നു അത്. അനുരാഗികളുടെ ആത്മാവിന്റെ അക്ഷരമാല. 'മധുരസുന്ദരസുരഭിലമായ' സന്ദേശകാവ്യം.പ്രേമത്തിന്റെ ഇതിഹാസങ്ങളോളം പഴക്കമുള്ള ഈ പ്രകടനോപാധിയുടെ ലാളിത്യം മറ്റൊരു രീതിക്കുമില്ല. താമരയിലയില്‍ കോറിയ നഖമുനകളുടെ ഓര്‍മ. പ്രേമലേഖനമെഴുതാന്‍ തുടങ്ങുമ്പോള്‍ പ്രണയി ശകുന്തളയെപ്പോലെ എങ്ങനെയെഴുതണമെന്നറിയാതെ സന്ദേഹിയാകും. വാക്കുകളുടെ മഴ കാത്ത് വേഴാമ്പലായി മിഴിനട്ടിരിക്കും. രാത്രികള്‍ പകലുകള്‍. അതൊരു വേദന തന്നെയാണ്. എത്രയെഴുതിയാലും ഭാഷ അപൂര്‍ണമെന്നുതോന്നും. അക്ഷരങ്ങളുടെ അഴകളവുകള്‍ ചാഞ്ഞും ചരിഞ്ഞും നോക്കും. ഭംഗി പോരെന്നുതോന്നുമ്പോള്‍ ചുറ്റിനും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ പന്തുപോലെയുരുളും.പ്രണയലേഖനത്തിന് അലിഖിതമായ ചേരുവകളുണ്ട്. ആരും പറഞ്ഞതല്ല. അതങ്ങനെയാകണമെന്ന് പ്രേമിക്കുന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. എഴുതുന്ന കടലാസില്‍ തുടങ്ങണം റൊമാന്റിക് ഛായ. സാഹിത്യം നിര്‍ബന്ധം. കവിത പാകത്തിന്. ആദ്യവായനയില്‍ തന്നെ കരളില്‍ കൊള്ളണം.
ഒറ്റമൂച്ചിന് എഴുതിയിട്ട് കേശവന്‍നായര്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. മധുരമന്ദഹാസത്തോടെ സാറാമ്മ അയാളുടെ പിന്നില്‍ നില്‍ക്കുന്നതായ അനുഭൂതി. ചുമ്മാ ഒരു തോന്നല്‍. അയാള്‍ എഴുത്തുവായിച്ചു. കവിതയുണ്ട്. തത്ത്വശാസ്ത്രമുണ്ട്, മിസ്റ്റിസിസവുമുണ്ട്. എന്തിന് കേശവന്‍നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമുണ്ട്. എഴുത്ത് ഉദ്ദേശിച്ചതിലും നന്നായിട്ടുണ്ട്. അയാള്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു.(പ്രേമലേഖനം-വൈക്കം മുഹമ്മദ് ബഷീര്‍)
നിബന്ധനകളുടെ ഛന്ദസ്സിനൊപ്പിച്ച് പ്രേമലേഖനമെഴുതാനറിയാത്തവര്‍ കവിതയും കഥയുമെഴുതുന്നവരെ കൂട്ടുപിടിച്ചു. കഞ്ചാവ് ബീഡിയും കാലിച്ചാരായവും കൊടുത്ത് കടം വാങ്ങിയ കാല്പനികത. നല്ല കൈപ്പടയുള്ളവരെത്തേടിയും ആവശ്യക്കാരെത്തി. പ്രേമലേഖനങ്ങള്‍ കൈമാറുന്നതും ഒരു കാഴ്ചയായിരുന്നു. അമ്പലക്കുളക്കരയില്‍ കാത്തുനിന്ന്.... കലുങ്കിനരികെ വെച്ച് സൈക്കിളില്‍ വന്ന്... ഇലപ്പടര്‍പ്പുകള്‍ മൂടിയ ഇടവഴിയില്‍ പിന്നില്‍നിന്നു വിളിച്ച്.... നാലായി മടക്കിയ കടലാസ് വിറച്ച കൈകളാല്‍ ഏല്പിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ആരും കാണാതെയുള്ള അഭ്യാസം. കൊടുക്കുന്നയാളും ഏറ്റുവാങ്ങുന്നയാളും പേടമാനെപ്പോലെ ചുറ്റിനും കണ്ണോടിക്കും. തട്ടിപ്പറിച്ച് ഒറ്റയോട്ടം. അല്ലെങ്കില്‍ അതിവേഗം ബൗണ്ട് പുസ്തകത്തിലേക്ക് പൂഴ്ത്തിവെയ്ക്കല്‍.
പൂമുഖത്ത് കോണിച്ചുവട്ടില്‍ ചെന്നുനിന്നു. ചാരിയവാതില്‍ തുറന്നു. സ്വര്‍ണവളയിട്ട മിനുത്തു തുടുത്ത കൈ പുറത്തുകണ്ടു. കടലാസ്സ്. കൊഴുത്ത കൈയില്‍ മിനുത്ത കടലാസ്സ്. കൈമറഞ്ഞു. മുകളിലേക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി. നാലുപേജുള്ള പ്രേമലേഖനം. അഴകുള്ള അക്ഷരങ്ങള്‍. ജീവിതത്തില്‍ പ്രേമത്തിന്റെ ആദ്യത്തെ കൈനീട്ടം. മധുരമധുരമായ പ്രേമലേഖനം. മാദകപ്രണയത്തിന്റെ ആദ്യത്തെ കനത്ത ചെക്ക്. (കവിയുടെ കാല്‍പ്പാടുകള്‍ -പി. കുഞ്ഞിരാമന്‍നായര്‍)
നേരിട്ട് സ്‌നേഹം കൈമാറാന്‍ ചങ്കുറപ്പുപോരാത്തവര്‍ മൂന്നാമതൊരാളിന്റെ സഹായം തേടിയിരുന്നു. പ്രണയത്തിനിടയില്‍ എല്ലാ കാലത്തും പറന്നുനടന്ന പക്ഷികള്‍. പ്രിയമാനസരായ ഹംസങ്ങള്‍. ഇവരുടെ ദൗത്യങ്ങള്‍ പലതായിരുന്നു. പ്രേമലേഖനം കൊത്തിപ്പറക്കുന്നതു മുതല്‍ ഇഷ്ടമറിഞ്ഞു വരാനുള്ള ദൂതുവരെ. ഏറ്റവുമടുത്ത കൂട്ടുകാരാണ് സന്ദേശവാഹകരാകുക. ചാടുവാക്കുപറയാന്‍ ചാതുര്യമുള്ളവര്‍ ഈ വേഷത്തില്‍ ശോഭിച്ചിരുന്നു. ദൂതിനു പോകുന്നവര്‍ പ്രിയം മാത്രമേ പറയൂ. വിശേഷണങ്ങള്‍. വീരേതിഹാസങ്ങള്‍. ഏറ്റെടുത്ത ഉദ്യമം വിജയിപ്പിക്കാനുള്ള ചതുരുപായങ്ങള്‍.
നല്ലതു നല്ലതിനോടു ചേരണം, തവവല്ലഭനപരന്‍ തുല്യന്‍ നഹിനൂനം,മേഘവാഹനനെക്കാള്‍ ബലവാന്‍മോഹനാംഗനവനതി ഗുണവാന്‍കമനീരത്‌ന കനകങ്ങളുടെ;ഘടനയേ നിങ്ങളുടെ...(നളചരിതം ഒന്നാം ദിവസം-ഉണ്ണായി വാര്യര്‍)
ഹംസം തിരിച്ചുവരുന്നതുവരെ പ്രേമി ഉഴറി നടക്കും. 'തവ കരഗതമേ മമ കാമിതം ജീവിതവും..' എന്ന് മനസ്സില്‍ പറയും. ചലജളിത്ധംകാരം, ചെവികളിലംഗാരം, ചിലര്‍ ദൂരെ നിന്ന് ദൂതിന്റെ ദൃശ്യം ഒളികണ്ണാല്‍ പാര്‍ക്കും. നെഞ്ചിനുള്ളിലൊതുക്കിയതെല്ലാം മറ്റൊരു നാവിലൂടെയൊഴുകുന്നത് അകലെ നിന്ന് അറിയും.എന്തു പറഞ്ഞു എന്നറിയാനുള്ള ആകാംക്ഷ ജീവിതത്തിലെ ഏറ്റവും വലിയ കൊതികളിലൊന്നാണ്. ഹൃദയാഘാതമുണ്ടാക്കുന്ന ജിജ്ഞാസ. നാടകീയമായ വര്‍ണനക്കൊടുവില്‍ ഫലശ്രുതി. മുഖത്തേക്ക് പടരുന്ന നിഴലും നിലാവും.വെറുതെയായിരുന്നില്ല അനുരാഗമറിയിക്കാനുള്ള അഞ്ചലോട്ടങ്ങള്‍. ദൈവം തന്നെ നിനക്ക് പ്രതിഫലം തരുമെന്നാണ് നളന്‍ ഹംസത്തോട് പറഞ്ഞത്. പരിപ്പുവടയില്‍ തുടങ്ങി പതഞ്ഞുയരുന്ന പാതിരാപ്പാര്‍ട്ടികളില്‍ വരെയെത്തിയിരുന്നു ദൂതുപോയവര്‍ക്കുള്ള വിരുന്നൂട്ട്.ചിലര്‍ ധീരരായിരുന്നു. ഇടനിലകളില്‍ വിശ്വാസമില്ലാത്ത ഇവര്‍ 'എനിക്ക് നിന്നെ ഇഷ്ടമാണ്...' എന്ന് നേരിട്ട് ചെന്നങ്ങു പറഞ്ഞിട്ട് മടങ്ങി. അത് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ഭാഷയായിരുന്നു. പ്രണയത്തിന്റെ ഏറ്റവും തീഷ്ണമായ പ്രകടനം. നടന്നുപോകുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി ഇഷ്ടമറിയിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്....ഈ രീതിക്ക് ഒരുപാട് മുന്നൊരുക്കങ്ങളുണ്ടായിരുന്നു. പറയേണ്ട ഓരോ വാക്കും പലവട്ടം ആലോചിച്ചാകും തിരഞ്ഞെടുക്കപ്പെടുക. പിന്നീടത് മനസ്സിലേക്ക് പറഞ്ഞുറപ്പിക്കും. കണ്ണാടി കാമുകിയാകും. ഇങ്ങനെ ഇഷ്ടം സഞ്ചരിച്ച വഴികള്‍ എന്തൊക്കെയെന്തൊക്കെ...


അതിലേയ്ക്ക് നോക്കുമ്പോള്‍ ഒരത്ഭുത തൈലത്തിന്റെ മണം പരക്കുന്നതു പോലെ തോന്നുമായിരുന്നു. കഷണ്ടിക്ക് മരുന്നു കണ്ടിപിടിച്ച ഗോപാലകൃഷ്ണന്‍ നായര്‍ അസൂയയുണ്ടാക്കുന്ന കാഴ്ചയായിരുന്നു അന്ന്. തലകള്‍ മരുഭൂമിയായവര്‍ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് വിഗ്ഗുകള്‍ വരുന്നതിനും വളരെ മുമ്പാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം. തിരുവനന്തപുരം വഞ്ചിയൂര്‍കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഇറക്കിയ ഒരു ചെറിയ കുപ്പിയെ കേരളം ശിരസ്സിലേറ്റി. കഷണ്ടിക്കുള്ള ദിവ്യൗഷധം. അര്‍ഷിക് ഹെര്‍ബല്‍ മെഡിവിന്റെ അനൂപ് ഹെര്‍ബല്‍ ഓയില്‍. ആകെയുള്ള മൂന്നുനാലുനാരുകളെ പതിപ്പിച്ചു നിര്‍ത്താന്‍ ദിവസേന മണിക്കൂറുകളോളം അത്യധ്വാനം ചെയ്യുന്നവരും അതിനു പോലും കഴിയാതെ അമരീഷ്പുരിയെപ്പോലെ കണ്ണാടിപ്രതലമായ തലതടവി നടന്നവരും പിറകില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ കുറുനിരകള്‍ പോലെയുള്ള ചുരുക്കം ചുരുള്‍മുടികളില്‍ സ്വയം സമാധാനിച്ചവരും തലവര മാറിയെന്ന് ആശ്വസിച്ചു.മുടിയന്മാരാകാനായി തിരുവനന്തപുരത്തുനിന്ന് വണ്ടി കയറിയവരില്‍ കാസര്‍കോട്ടു നിന്നുള്ളവര്‍ വരെയുണ്ടായിരുന്നു. നേരിട്ടുപോകാനാകാത്തവര്‍ കൊല്ലത്തും നാഗര്‍കോവിലിലുമൊക്കെയുള്ള ബന്ധുക്കളുടെ കൈയില്‍ പണമേല്പിച്ചു വിട്ടു.ചില കാലങ്ങളില്‍ ചിലര്‍ ഇങ്ങനെ ഉയര്‍ന്നുവരും. അന്നുവരെ എവിടെയും കേള്‍ക്കാതിരുന്ന ചില പേരുകള്‍. ശൂന്യതയില്‍ നിന്നെന്നോണം അത്ഭുതങ്ങളുടെ ആകാശങ്ങളിലേയ്ക്ക് അവര്‍ ജ്വലിച്ചുയരും. താരങ്ങളാകും. പത്രങ്ങളുടെ തലക്കെട്ടുകളില്‍ എട്ടുകോളത്തില്‍ തലക്കെട്ട് കെട്ടി നില്ക്കും. നാടിന്‍ നാവിന്‍തുമ്പില്‍ സദാ കളിയാടും. ഒരു കാലത്തെ ഈ വാര്‍ത്താപുരുഷന്മാര്‍ ഇന്നും നമുക്കിടയിലെവിടെയോ ഉണ്ട്. ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരന്‍ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാര്‍ കോവില്‍ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവന്‍. പെട്ടെന്നൊരുനാള്‍ ലോകത്തിനു മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെപ്പോലെയായി അയാള്‍. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമര്‍പിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു. പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ നാലുമീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമര്‍ ലോകത്തെ ഞെട്ടിച്ചത് 1992 നവംബര്‍ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. കരിമ്പിന്‍ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമര്‍ പശ്ചിമഘട്ടവും കടന്ന് വളര്‍ന്നു.പച്ചില പെട്രോളിനു മേല്‍ നിഗൂഢയാത്രകളുടെ ഇരുട്ടുണ്ടായിരുന്നു. അത്ഭുത സസ്യത്തിന്റെ ഇലതേടി തോക്കേന്തിയ വളര്‍ത്തച്ഛന്‍ രാമയ്യക്കൊപ്പം ചെമ്പക്കക്കാട്ടിലൂടെ മേക്ക് തുടര്‍ച്ചിമലയിലേയ്ക്ക് പോകുന്നത് രാത്രിയുടെ രണ്ടാം പകുതിയിലാണെന്നാണ് രാമര്‍ പറഞ്ഞിരുന്നത്. ശാസ്ത്രലോകം ഇതുകേട്ട് തരിച്ചുനിലേ്ക്ക രാമര്‍ രണ്ടു രൂപയ്ക്ക് പെട്രോള്‍ വില്ക്കാന്‍ തുടങ്ങി.വിവാദങ്ങളുടെ തീ പടര്‍ത്തുകയായിരുന്നു രാമറിന്റെ പെട്രോള്‍. പരീക്ഷണങ്ങളില്‍ പരിശുദ്ധി തെളിയിക്കാനാകാതെ വന്നപ്പോള്‍ ഈ തമിഴനുമേല്‍ സംശയത്തിന്റെ പുകപരന്നു. രാമര്‍പിള്ള എണ്ണക്കിണര്‍പോലെ കത്തിയൊടുങ്ങി.മൂന്നു പേരുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു മന്ത്രിയുണ്ടായിരുന്നു പണ്ട്, നമുക്ക്. കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ മാറാത്താ വീരനായകന്മാരെ ഓര്‍മവരും. എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ തക്ക വീര്യമുള്ള പേര്. കോണോടുകോണിലെല്ലാം നേതാക്കള്‍ മുളച്ച കോണ്‍ഗ്രസ്സില്‍ വളര്‍ച്ച കണ്ണുചിമ്മുന്ന നേരം കൊണ്ടായിരുന്നു. . 1991ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രാമാണിത്തം നുരയുന്ന എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായപ്പോള്‍ കേരളം മുഴുവന്‍ അതിശയിച്ചു. ''യെന്തരിത്, യിതേത് പയല്....''മന്ത്രി വേഷത്തില്‍ പെട്ടെന്ന് വാര്‍ത്തുകളിലെ നായകനായി. ഖദര്‍ അഴിച്ചു വെച്ച് എകൈ്‌സസ് ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളുവാറ്റുകാരെ തേടി കാടുകയറി. കോടകളുടെ കലങ്ങളുടഞ്ഞു. ചാരാച്ചാലുകള്‍ നീന്തിക്കയറി പഴയ എം.എല്‍.എ. കുഞ്ഞികൃഷ്ണ നാടാരുടെ സഹോദരപുത്രന്‍ മുന്‍പേജുകളില്‍ ചിരിച്ചു നിന്നു. ഇതിനിടെയായിരുന്നു കല്യാണം. മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും കഴുത്തില്‍ വീണു. വിവാദങ്ങളും കുറവല്ലായിരുന്നു. കരുണാകരന്റെ ബിനാമിയെന്നുവരെ പേരുകേട്ടു. ആകപ്പാടെ ജഗപൊഗ. യെന്തൊരു ഓളമായിരുന്നു അത്.മന്ത്രി സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ സ്പിരിറ്റുപോലെ ആവിയായി. വന്നവേഗത്തില്‍ മറവിയിലായ ഏക മുന്‍മന്ത്രി ഒരു പക്ഷേ ഇദ്ദേഹം മാത്രമായിരിക്കും.6ശരിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം.മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്.എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.....ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം?അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം.പക്ഷെ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി.ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും.മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍...ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും വളക്കടത്തിരക്കിലും....നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച.പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക.വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക.ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്.മനസ്സിനൊരു വൈദ്യുതാഘാതം.ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല.ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം.പേരറിയാത്ത 'യെന്തോ ഒരിത്'.മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും.ഒരു പക്ഷേ എന്നേയ്ക്കുമായി.എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്. ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും.അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും.പൊള്ളിയപോലെ തോന്നും അന്നേരം.ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും.പിന്നെ അന്ത്യദര്‍ശനം.അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?കുട്ടിക്കാലത്ത് മാഞ്ഞൂര്‍ എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്.റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി.ഒന്നേ കണ്ടുള്ളൂ.പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്.തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. ഈ നഷ്്ടബോധമാണ് അതിന്റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്.കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്.അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്റെ മനസ്സിന്റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം..........അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി.

Saturday, July 20, 2013

ഓര്‍ത്തുനോക്കുമ്പോള്‍.....

നാണത്തില്‍ ആകെ തുടുത്ത് നില്‍ക്കുകയാകും ഷീല. നസീറിന്റെ വിരല്‍ തൊട്ടാലുടന്‍ കൂമ്പാന്‍ കണക്കെ. മാറത്ത് ഒരു പ്രകാശശരം തറയ്ക്കുന്നത് അപ്പോഴാകും. ഓലക്കൊട്ടകയുടെ ദ്രവിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നൂണ്‍ഷോ ഒളിച്ചു കാണുന്ന സൂര്യന്‍. നയനമനോഹരമായ വെള്ളിത്തിരയില്‍ നിറയെ വെളിച്ചത്തുണ്ടുകള്‍. കൊട്ടകകള്‍ക്ക് ബീഡിപ്പുകയുടെ മണമായിരുന്നു. കപ്പലണ്ടിക്കടലാസുകളുടെ പക്ഷികള്‍ പാറിപ്പറന്ന കൂരകള്‍. തലമുറകള്‍ ഇവിടത്തെ തറകളിലിരുന്ന് മായക്കാഴ്ചകള്‍ കണ്ടുവളര്‍ന്നു. ഞെളിപിരികള്‍ ഏറ്റുവാങ്ങിയ ബെഞ്ചുകള്‍, ചൂരല്‍ക്കസേരകള്‍... മൂട്ടപോലെ ഇന്നും മനസ്സിലേക്ക് മിന്തിക്കയറുന്ന അനുഭവമാണത്. ഉദയായുടെ പൂവന്‍കോഴി കൂവിനിന്നതും പരീക്കുട്ടി പാടിയലഞ്ഞതും ജയന്‍ ഹെലികോപ്റ്ററിനൊപ്പം ചിറകറ്റുവീണതും ഓലക്കൊട്ടകകളിലെ വെള്ളത്തുണികളിലായിരുന്നു. കണ്ടം ബെച്ച തിരശ്ശീലകള്‍. തുന്നിച്ചേര്‍ത്ത തുണിക്കഷ്ണങ്ങളുടെ ദീര്‍ഘചതുരങ്ങള്‍ ചിലപ്പോള്‍ ജയഭാരതിയുടെ ചന്ദനനിറമുള്ള വയറ്റത്ത്. ഗോവിന്ദന്‍കുട്ടിയുടെ ചെങ്കണ്ണുകള്‍ക്ക് താഴെ കവിളത്ത്.

കൊട്ടകകള്‍ ഉറക്കെ പാടുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഗ്രാമത്തിനുമുഴുവന്‍ കേള്‍ക്കാനായി യേശുദാസും ജാനകിയും ഡ്യുവറ്റുമായി കോളാമ്പികളിലൂടെ പുറത്തേക്കിറങ്ങി വരും. സെക്കന്റ് ഷോയ്ക്ക് പാട്ടുവയ്ക്കുന്നതായിരുന്നു ഒരു ദിവസമൊടുങ്ങുന്നതിന്റെ അടയാളം. കടകള്‍ക്കുമുന്നില്‍ പലകകകള്‍ വീഴും. വരമ്പിലൂടെ ടോര്‍ച്ച് വെളിച്ചങ്ങള്‍ മിന്നിമിന്നിപ്പോകും. പാട്ട് നേര്‍ത്തുവരുമ്പോള്‍ അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന മുതിര്‍ന്നവര്‍ പറയും: 'അകത്തേക്കെടുത്തു'.

വര്‍ഷങ്ങള്‍ക്കുമുമ്പ് അവധിക്കു വന്നപ്പോള്‍ സിനിമാക്കൊട്ടകയില്‍ക്കയറി പൊന്നാപുരം കോട്ട കണ്ടവര്‍ ഇന്ന് തിരിച്ചുവരികയാണെങ്കില്‍ കുളമ്പടികള്‍ കേള്‍ക്കില്ല. കൊട്ടകകള്‍ കൊപ്രാക്കളങ്ങളായിക്കഴിഞ്ഞു. അല്ലെങ്കില്‍ കല്യാണഹാളുകള്‍. കാലവര്‍ഷത്തില്‍ ഓലനാരുകള്‍ പോലെ അഴുകിയകന്ന ഓര്‍മ്മ. നാട്ടുവഴികളിലൂടെ സിനിമാനോട്ടീസ് വിതറിനീങ്ങിയ വണ്ടികളും ഇന്നില്ല. ചരിത്രത്തിലേക്ക് ഓടിമറഞ്ഞ രണ്ടു വാക്കുകള്‍. നയനമനോഹരമായ വെള്ളിത്തിര. ശേഷം സ്‌ക്രീനില്‍. പത്തുവര്‍ഷത്തിനുശേഷം നാട്ടിലെത്തുന്ന മറുനാടന്‍ മലയാളിക്ക് നഷ്ടമായ കാഴ്ചകള്‍ ഇനിയുമുണ്ട്. കൈവീശി യാത്രയായപ്പോള്‍ കണ്‍മുന്നിലുണ്ടായിരുന്നതും മടങ്ങിവരുമ്പോള്‍ മറഞ്ഞുപോയതുമായ ചിലത്. ഒരു ദശകത്തിനിടെ ഇല്ലാതായ കൗതുകങ്ങള്‍.

ഓര്‍മ്മകളില്‍ തീവണ്ടിയുടെ നിറമെന്താണ്? തുരുമ്പുപോലുള്ള ചായവുമായി ഒരു ചൂളംവിളി. ഇടയ്ക്ക് പുലികളിക്കാരന്റെ മഞ്ഞവരകള്‍. ലോകത്ത് ആ നിറത്തില്‍ കാണാനാകുമായിരുന്ന ഏക വസ്തു നമ്മുടെ തീവണ്ടികള്‍ മാത്രമായിരുന്നു.
നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ 'ഐ ആം ടോണി കുരിശിങ്കല്‍... ടോണി കുരിശിങ്കല്‍' എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് പറയുന്നത് ഇത്തരമൊരു തീവണ്ടിക്കൂപ്പെയിലിരുന്നാണ്. പഴയ തീവണ്ടിയെ അതിന്റെ എല്ലാവിധ ചന്തങ്ങളോടെയുീം ഈ സിനിമയില്‍ കാണാം. ഫ്രെയിമുകളിലുടനീളം പടര്‍ന്നോടുന്ന തുരുമ്പുനിറം. സല്ലാപത്തിലെ പാട്ടുകളില്‍ പാലക്കാടന്‍ പാളങ്ങളിലൂടെ തലങ്ങും വിലങ്ങും കൂവിപ്പായുന്നതും ഈ വണ്ടി തന്നെ. പക്ഷേ ബാലേട്ടനില്‍ അച്ഛനെയോര്‍ത്ത് ലാല്‍ കരയാന്‍ തുടങ്ങുമ്പോള്‍ ഒറ്റപ്പാലത്തെ പതിവു ലൊക്കേഷനായ മങ്കരവീടിനു മുന്നിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിക്ക് നീലനിറമാണ്. കാലമടിച്ച പുതിയ ചായം.
പണ്ട് ഗള്‍ഫുകാരുടെ വണ്ടി ജയന്തി ജനതയായിരുന്നു. പ്രവാസ സ്വപ്‌നങ്ങളെ ടേക്ക് ഓഫിനായി മുംബൈ വരെയെത്തിച്ച നിത്യഹരിതനായിക. പോയപ്പോള്‍ യാത്രചെയ്ത ജയന്തിയില്‍ ഇനിയൊരിക്കലും മടങ്ങിവരാനാകില്ല. അവളും തനിനിറം ഉപേക്ഷിച്ചുകഴിഞ്ഞു.

തീവണ്ടികള്‍ നിറംമാറിയപ്പോള്‍ ബസ്സിനുള്ളില്‍ സംഭവിച്ചത് രൂപപരിണാമമാണ്. കണ്ടക്ടര്‍ ചെറിയ കീബോര്‍ഡുപോലെ കൊണ്ടുനടന്നിരുന്ന ആ നീളന്‍ തടിയുപകരണം അന്ത്യയാത്രയായി. ഇപ്പോള്‍ വിരലൊന്നു ഞെക്കിയാല്‍ ടിക്കറ്റു ചാടുന്ന ഇത്തിരിക്കുഞ്ഞന്‍ യന്ത്രമാണ് നാടിന്റെ ഫെയര്‍‌സ്റ്റേജ് നിശ്ചയിക്കുന്നത്. നമുക്കൊപ്പമുള്ള യാത്രക്കിടെ എവിടെയോ ഇറങ്ങിപ്പോയ ടിക്കറ്റ് റാക്കുകള്‍. ഇരുഭാഗത്തും വെള്ളിനിറത്തില്‍ വിരലുകള്‍ പോലെ വളഞ്ഞുനില്‍ക്കുന്ന തകിടുകളായിരുന്ന റാക്കുകളുടെ ഭംഗി. എങ്ങോട്ടേക്കുള്ള ടിക്കറ്റിനെയും അവ ആലിംഗനത്തിലൊതുക്കും. കണ്ടക്ടര്‍ വലിച്ചെടുക്കാന്‍ നോക്കിയാലും ചിലപ്പോള്‍ ഇഷ്ടം കൊണ്ട് ടിക്കറ്റിനെ പിടിച്ചുവയ്ക്കും. തനിക്ക് പാതി യാത്രക്കാരന് പാതി.
റാക്കുകളുടെ തഴമ്പുണ്ടാകും പഴയ കണ്ടക്ടര്‍മാരുടെ കൈകള്‍ക്ക്. അവര്‍ ദീര്‍ഘദൂര യാത്രക്കുള്ള കണക്ഷന്‍ ടിക്കറ്റുകള്‍ മുറിച്ചുനല്‍കുന്നത് ഒരു കാഴ്ചയായിരുന്നു. സീറ്റിന്റെ മുകള്‍ കമ്പിയില്‍ ചാരി ആദ്യമൊരു ടിക്കറ്റെടുത്ത് ഇടംകൈയുടെ തള്ളവിരല്‍ കൊണ്ട് ഉറപ്പിച്ചു പിടിച്ച് പിന്നെ റാക്ക് പ്രത്യേക താളത്തില്‍ മറിച്ചെടുത്ത് തുപ്പല്‍ നനവ് കൊടുത്ത് മറ്റൊരെണ്ണമെടുത്ത്...

ബസ്സിനു നടുവിലെ വഴിയരികിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇപ്പോള്‍ പേടിവേണ്ട. റാക്കുകള്‍ തട്ടിയും മുട്ടിയും രസിച്ചിരുന്നത് ഇവരെയായിരുന്നു. അതിലെ മുള്ളാണികള്‍ നുള്ളി നോവിച്ചത് എത്രയോ യാത്രികരുടെ കുപ്പായങ്ങളെയാണ്. നോക്കിയയുടെ ആദ്യകാല മൊബൈല്‍ ഫോണുകളുടെ വലിപ്പത്തില്‍ കണ്ടക്ടറുടെ കഴുത്തില്‍ കിടക്കുന്ന ആധുനികന്‍ ആരെയും തൊടാനും പിടിക്കാനും പോകാത്ത ജന്റില്‍മാന്‍. വലിയ ടിക്കറ്റുകള്‍ക്കായി മറുപുറം തേടുകയും വേണ്ട. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ വിരല്‍തുമ്പില്‍. കാലമെപ്പോഴും ഇങ്ങനെയാണ്. നമ്മളില്‍നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തിക്കളഞ്ഞുകൊണ്ടിരിക്കും. രണ്ടായിരം ജൂണിലെ ഒരു കോടതി ഉത്തരവോടെ അണഞ്ഞുപോയത് മലയാളിയുടെ ചുണ്ടോടു ചേര്‍ന്നെരിഞ്ഞിരുന്ന ചില തീപ്പൊരികളായിരുന്നു. പുകവലിക്കാന്‍ തീ നല്‍കരുതെന്ന് കോടതി പറഞ്ഞപ്പോള്‍ മുറുക്കാന്‍ കടക്കാര്‍ തീയണച്ച് ബോര്‍ഡ് വെച്ചു. ദയവായി തീ ചോദിക്കരുത്. ചുണ്ണാമ്പുപാത്രത്തിനരികെ ഒരറ്റം ചുവന്ന് തൂങ്ങിനിന്ന ആ കയര്‍ ഒരു ശീലത്തെ ജ്വലിപ്പിച്ചതില്‍ പ്രധാനിയായിരുന്നു. ചുംബിക്കാനാനെന്നോണം എത്ര അരുമയായാണ് വലിയന്മാര്‍ അതിനെ ചുണ്ടോടുചേര്‍ത്തിരുന്നത്. സിരകളില്‍ തീ പടര്‍ത്താന്‍ പിന്നെയുമുണ്ടായിരുന്നില്ലേ നാടന്‍ ഉപകരണങ്ങള്‍. ഒഴിഞ്ഞ തീപ്പെട്ടിക്കൂടും കുറെ കൊള്ളികളും. ഒരു ചിമ്മിനിവിളക്കും ഒരേ അളവില്‍ മുറിച്ച സിഗരറ്റുകവറിന്‍ കഷ്ണങ്ങളും... ചുവപ്പിലും പച്ചയിലും മഞ്ഞയിലുമായി നൂലില്‍ ഞാന്നുകിടക്കുന്ന ഗ്യാസ്‌ലൈറ്റര്‍... ഇവയൊക്കെ ഗ്രാമ്യതയുടെ ചിഹ്നങ്ങളായിരനു്‌നു. ഇനിയൊരിക്കലും കാണാന്‍ പറ്റില്ലവയെ. ചെറിയ വലിയ നഷ്ടങ്ങള്‍. പോയകാലത്തേക്കുള്ള പ്രകാശബിന്ദുക്കള്‍. ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍.
2
പച്ചപ്പാടത്തിന് നടുവിലൂടെയോ മാമരങ്ങളെത്തൊട്ട് വളഞ്ഞുപുളഞ്ഞുനീളുന്ന ടാര്‍വഴികളിലൂടെയോ ഓടിവരുന്ന ബസ്സ് വെറുമൊരു ശകടം മാത്രമല്ലായിരുന്നു. നാടിന്റെ നാഴികമണി. പലതിലേക്കുമുള്ള പാലം. എല്ലാ വീട്ടിലും പരിചയക്കാരുള്ള വിരുന്നുകാരന്‍. ബസ്സിന്റെ യാത്ര മനസ്സുകളിലൂടെയായിരുന്നു. വാഹനപ്പെരുക്കത്തിനും മുമ്പാണ്. നാട്ടിന്‍പുറത്തിന്റേതായി ഒരു ബസ്സുണ്ടായിരുന്നു. അതായിരുന്നു ആ പ്രദേശത്തിന്റെ മുഴുവന്‍ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലുള്ളതു പോലൊരു പതിവ് ദൃശ്യം. പുലര്‍ച്ചക്കോഴി കൂവുന്നതിനൊപ്പം ആദ്യ ബസ്സുപോകും. കഞ്ഞികുടിക്കാന്‍ കൈകഴുകുമ്പോഴാകും ആ ഇരമ്പല്‍ കേള്‍ക്കുക. അവസാനത്തെ ബസ്സ് വരുന്നു. ബസ്സിന്റെ ബെല്ലുകള്‍ക്കൊപ്പം ചലിച്ചിരുന്നു നമ്മള്‍, പണ്ട്. ബസ്സിന്റെ സമയമായിരുന്നു നാടിന്റെ ഘടികാരം. ആദ്യ ബസ്സുപോകുമ്പോള്‍ ഒരു കോട്ടുവാ വിടരുന്നു. പകലിന്റെ മൂരിനിവര്‍ക്കല്‍. നട്ടുച്ചയുടെ ബസ്സ് ചോറ്റുപാത്രങ്ങളെ ഉണര്‍ത്തും. പാടത്തും കടയിലും പണിയെടുക്കുന്ന വീട്ടുകാരനുവേണ്ടി ധൃതിയോടെ പാത്രം തുടച്ചോടുന്ന വീട്ടമ്മമാര്‍ക്കുള്ള അടയാളം. നാലുമണിയുടേത് സ്‌കൂള്‍ വിടാറായി എന്ന ഓര്‍മ്മപ്പെടുത്തലാണ്. അങ്ങളെ പ്ലാവിലക്കുമ്പിളില്‍ വറ്റുകള്‍ നിറയും വരെ ബസ്സ് നമുക്കിടയിലൂടെ ഓടിക്കൊണ്ടേയിരുന്നു.

ബസ്സിന് പല ഭാവങ്ങളുണ്ട്. യാത്രികരില്‍ നിന്ന് പകര്‍ന്നത്. രാവിലെ കുളിച്ചീറനായുള്ള ആദ്യയാത്രയില്‍ അതിന് മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും മണമുണ്ടാകും. നഗരത്തിലേക്ക് പോകുന്നവരുടെ നവോന്മേഷം. അത്തറിലും വാട്ടിയ വാഴയിലയിലും നിന്ന് പരക്കുന്ന കൊതി. തീരദേശങ്ങളില്‍ ബസ്സ് രാവിലെ തന്നെ മത്സ്യഗന്ധിയാകും. കലപിലകള്‍. കശപിശകള്‍.ഉച്ചയൂണിനൊതുക്കുന്ന വണ്ടിയില്‍നിന്ന് വിയര്‍പ്പൊലിക്കുന്നുണ്ടാകും. പെന്‍ഷന്‍തുകയോ നേന്ത്രക്കുല വിറ്റുകിട്ടുന്ന കാശോ നിറച്ച മടിശ്ശീലകള്‍ കാണാമിതില്‍. മുറുക്കാന്‍ കടയില്‍നിന്ന് മുഷിഞ്ഞനോട്ടാലൊരു നാരങ്ങാവെള്ളം. അല്ലെങ്കിലൊരു മുറുക്കാന്‍. ഉച്ചതിരിഞ്ഞുള്ള വണ്ടിയില്‍ വരുന്നത് വിരുന്നുകാരാകും. അവരെ കാത്തെന്നോണം അടുപ്പുകളില്‍ ചായക്കലങ്ങള്‍ തിളയ്്ക്കുന്നുണ്ടാകും. ചെളിപുരണ്ട സ്‌കൂള്‍ കുപ്പായങ്ങളെപ്പോലെ ബസ്സപ്പോള്‍ മുഷിയാന്‍ തുടങ്ങിയിരിക്കും.

സന്ധ്യയ്ക്ക് അത് വന്നുനില്‍ക്കുന്നത് ആകുലതകള്‍ക്കുമേല്‍ വെളിച്ചമിട്ടുകൊണ്ടാണ്. തിരക്കോടെ ഇറങ്ങി വീടുതേടി ഓടുന്നവര്‍. ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്ന അച്ഛനൊപ്പം നീങ്ങുന്ന ഒരു പെണ്‍കുട്ടി. അവസാനത്തെ ബസ്സ് ആടിക്കുഴഞ്ഞായിരിക്കും വരിക. അതില്‍ 'ഴ'കാരത്തിലുള്ള പാട്ടുണ്ടാകും. കപ്പലണ്ടിയുടെ നനുത്ത പുറന്തോടുകളും കീറിയ സിനിമാടിക്കറ്റുകളും വീണുകിടക്കും.അരുമയായിരുന്നു അവള്‍. മിക്കവാറും എല്ലാ ബസ്സുകള്‍ക്കും ഒരു പെണ്‍പേരാകും. പത്മപ്രിയയെന്ന നായിക പ്രശസ്തയാകുന്നതിനും വളരെ മുമ്പ് നാട്ടുവഴികളിലൂടെ അതേപേരില്‍ സുന്ദരിയായ ബസ്സോടിയിരുന്നു. നെറ്റിയില്‍ പേറിയ കാല്‍പ്പനികമായ പിന്നെയുമെത്രയോ നാമങ്ങള്‍. അമ്പിളി, ജ്യോതി, സ്വപ്‌ന തുടങ്ങി ചുരുക്കം അക്ഷരങ്ങളിലൊതുങ്ങിയ ഭംഗി. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയോടെന്നപോലെയുള്ള അടുപ്പമായിരുന്നു നാട്ടുകാര്‍ക്ക് ഇവരോടെല്ലാം. ബസ്സുപോയോ എന്ന് ചോദ്യമില്ല. 'അമ്പിളി വന്നോ' എന്നാകും അന്വേഷണം. ഈ ബന്ധം സ്ഥിരം തമാശയായി സ്‌റ്റേജുകളിലേക്കും എത്രയോ സിനിമകളിലേക്കും ഉരുണ്ടുകയറി.

ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടിന്റെ ബന്ധുക്കളായിരുന്നു. ബസ്സിന്റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക. അമ്പലത്തിനുമുന്നിലെ അരയാല്‍ ചുവട്ടില്‍. ബസ്സ്‌സ്റ്റോപ്പിലെ വലിയ വാകയുടെ കീഴെ. അതുമല്ലെങ്കില്‍ പാലത്തിനോട് ചേര്‍ന്ന്. രാത്രിയുറക്കവും ഇവിടെയൊക്കെത്തന്നെ. എല്ലാവരുമുറങ്ങുമ്പോള്‍ ഗ്രാമത്തിന്റെ സ്വന്തം ബസ്സും ജാലകവിരികള്‍ പുതച്ച് നിശ്ചലമായിക്കിടക്കും. അതുകാണുമ്പോള്‍, 'ഞാനും നിങ്ങളിലൊരാളാണെന്ന്' ബസ്സ് മൗനമായി പറയുംപോലെ തോന്നും. ഊണിലും ഉറക്കത്തിലും അങ്ങനെ ബസ്സ് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു.

ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സിന്റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.
ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സിന്റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.

തുടരും......
3
ഒരാളോട് ആത്മാര്‍ത്ഥമായി ഇഷ്ടം തോന്നുകയെന്നത് കുട്ടി അമ്പിളിയമ്മാവനെ കൊതിക്കും പോലെ നിര്‍മലമാണ്. പ്രണയമുണ്ടായാല്‍ പിന്നെയത് പറഞ്ഞുതീര്‍ക്കും വരെ ഉള്ളിലൊരു പരവേശമായിരിക്കും. ഹൃദയം പിടിവാശി പിടിച്ച് ചിണുങ്ങും. തൊണ്ടയെപ്പോഴും വരണ്ടുണങ്ങി ദാഹിക്കുന്ന തരിശുനിലമാകും. നെഞ്ചിലാരോ അണക്കെട്ട് പണിയും. കാലമെത്ര കഴിഞ്ഞാലും കാമുകഭാവങ്ങള്‍ക്ക് മാറ്റമില്ല. പ്രേമം അറിയിക്കാന്‍ അക്ഷരങ്ങളെ മുതല്‍ അരയന്നത്തെ വരെ നമ്മള്‍ ഉപയോഗിച്ചു. ടെലിഫോണ്‍ മണികള്‍ ചിരിക്കുന്നതിനും പിന്നെ എസ്.എം.എസ്. എന്ന മൂന്നക്ഷരത്തിലേക്ക് എല്ലാം ചുരുങ്ങിയൊതുങ്ങുന്നതിനും മുമ്പുള്ള കഥയാണത്. അന്ന് അനുരാഗത്തിന്റെ അറിയിപ്പു വഴികള്‍ പലതായിരുന്നു.

ജീവിതവും യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുമ്പോള്‍ ആരും ആദ്യം ചിന്തിച്ചിരുന്നത് പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. പ്രണയത്തിന്റെ എക്കാലത്തേയും വലിയ ഒപ്പുകടലാസായിരുന്നു അത്. അനുരാഗികളുടെ ആത്മാവിന്റെ അക്ഷരമാല. 'മധുരസുന്ദരസുരഭിലമായ' സന്ദേശകാവ്യം.പ്രേമത്തിന്റെ ഇതിഹാസങ്ങളോളം പഴക്കമുള്ള ഈ പ്രകടനോപാധിയുടെ ലാളിത്യം മറ്റൊരു രീതിക്കുമില്ല. താമരയിലയില്‍ കോറിയ നഖമുനകളുടെ ഓര്‍മ. പ്രേമലേഖനമെഴുതാന്‍ തുടങ്ങുമ്പോള്‍ പ്രണയി ശകുന്തളയെപ്പോലെ എങ്ങനെയെഴുതണമെന്നറിയാതെ സന്ദേഹിയാകും. വാക്കുകളുടെ മഴ കാത്ത് വേഴാമ്പലായി മിഴിനട്ടിരിക്കും. രാത്രികള്‍ പകലുകള്‍. അതൊരു വേദന തന്നെയാണ്. എത്രയെഴുതിയാലും ഭാഷ അപൂര്‍ണമെന്നുതോന്നും. അക്ഷരങ്ങളുടെ അഴകളവുകള്‍ ചാഞ്ഞും ചരിഞ്ഞും നോക്കും. ഭംഗി പോരെന്നുതോന്നുമ്പോള്‍ ചുറ്റിനും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ പന്തുപോലെയുരുളും.പ്രണയലേഖനത്തിന് അലിഖിതമായ ചേരുവകളുണ്ട്. ആരും പറഞ്ഞതല്ല. അതങ്ങനെയാകണമെന്ന് പ്രേമിക്കുന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. എഴുതുന്ന കടലാസില്‍ തുടങ്ങണം റൊമാന്റിക് ഛായ. സാഹിത്യം നിര്‍ബന്ധം. കവിത പാകത്തിന്. ആദ്യവായനയില്‍ തന്നെ കരളില്‍ കൊള്ളണം.

ഒറ്റമൂച്ചിന് എഴുതിയിട്ട് കേശവന്‍നായര്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. മധുരമന്ദഹാസത്തോടെ സാറാമ്മ അയാളുടെ പിന്നില്‍ നില്‍ക്കുന്നതായ അനുഭൂതി. ചുമ്മാ ഒരു തോന്നല്‍. അയാള്‍ എഴുത്തുവായിച്ചു. കവിതയുണ്ട്. തത്ത്വശാസ്ത്രമുണ്ട്, മിസ്റ്റിസിസവുമുണ്ട്. എന്തിന് കേശവന്‍നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമുണ്ട്. എഴുത്ത് ഉദ്ദേശിച്ചതിലും നന്നായിട്ടുണ്ട്. അയാള്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു.
(പ്രേമലേഖനം-വൈക്കം മുഹമ്മദ് ബഷീര്‍)

നിബന്ധനകളുടെ ഛന്ദസ്സിനൊപ്പിച്ച് പ്രേമലേഖനമെഴുതാനറിയാത്തവര്‍ കവിതയും കഥയുമെഴുതുന്നവരെ കൂട്ടുപിടിച്ചു. കഞ്ചാവ് ബീഡിയും കാലിച്ചാരായവും കൊടുത്ത് കടം വാങ്ങിയ കാല്പനികത. നല്ല കൈപ്പടയുള്ളവരെത്തേടിയും ആവശ്യക്കാരെത്തി. പ്രേമലേഖനങ്ങള്‍ കൈമാറുന്നതും ഒരു കാഴ്ചയായിരുന്നു. അമ്പലക്കുളക്കരയില്‍ കാത്തുനിന്ന്.... കലുങ്കിനരികെ വെച്ച് സൈക്കിളില്‍ വന്ന്... ഇലപ്പടര്‍പ്പുകള്‍ മൂടിയ ഇടവഴിയില്‍ പിന്നില്‍നിന്നു വിളിച്ച്.... നാലായി മടക്കിയ കടലാസ് വിറച്ച കൈകളാല്‍ ഏല്പിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ആരും കാണാതെയുള്ള അഭ്യാസം. കൊടുക്കുന്നയാളും ഏറ്റുവാങ്ങുന്നയാളും പേടമാനെപ്പോലെ ചുറ്റിനും കണ്ണോടിക്കും. തട്ടിപ്പറിച്ച് ഒറ്റയോട്ടം. അല്ലെങ്കില്‍ അതിവേഗം ബൗണ്ട് പുസ്തകത്തിലേക്ക് പൂഴ്ത്തിവെയ്ക്കല്‍.

പൂമുഖത്ത് കോണിച്ചുവട്ടില്‍ ചെന്നുനിന്നു. ചാരിയവാതില്‍ തുറന്നു. സ്വര്‍ണവളയിട്ട മിനുത്തു തുടുത്ത കൈ പുറത്തുകണ്ടു. കടലാസ്സ്. കൊഴുത്ത കൈയില്‍ മിനുത്ത കടലാസ്സ്. കൈമറഞ്ഞു. മുകളിലേക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി. നാലുപേജുള്ള പ്രേമലേഖനം. അഴകുള്ള അക്ഷരങ്ങള്‍. ജീവിതത്തില്‍ പ്രേമത്തിന്റെ ആദ്യത്തെ കൈനീട്ടം. മധുരമധുരമായ പ്രേമലേഖനം. മാദകപ്രണയത്തിന്റെ ആദ്യത്തെ കനത്ത ചെക്ക്. (കവിയുടെ കാല്‍പ്പാടുകള്‍ -പി. കുഞ്ഞിരാമന്‍നായര്‍)

നേരിട്ട് സ്‌നേഹം കൈമാറാന്‍ ചങ്കുറപ്പുപോരാത്തവര്‍ മൂന്നാമതൊരാളിന്റെ സഹായം തേടിയിരുന്നു. പ്രണയത്തിനിടയില്‍ എല്ലാ കാലത്തും പറന്നുനടന്ന പക്ഷികള്‍. പ്രിയമാനസരായ ഹംസങ്ങള്‍. ഇവരുടെ ദൗത്യങ്ങള്‍ പലതായിരുന്നു. പ്രേമലേഖനം കൊത്തിപ്പറക്കുന്നതു മുതല്‍ ഇഷ്ടമറിഞ്ഞു വരാനുള്ള ദൂതുവരെ. ഏറ്റവുമടുത്ത കൂട്ടുകാരാണ് സന്ദേശവാഹകരാകുക. ചാടുവാക്കുപറയാന്‍ ചാതുര്യമുള്ളവര്‍ ഈ വേഷത്തില്‍ ശോഭിച്ചിരുന്നു. ദൂതിനു പോകുന്നവര്‍ പ്രിയം മാത്രമേ പറയൂ. വിശേഷണങ്ങള്‍. വീരേതിഹാസങ്ങള്‍. ഏറ്റെടുത്ത ഉദ്യമം വിജയിപ്പിക്കാനുള്ള ചതുരുപായങ്ങള്‍.

നല്ലതു നല്ലതിനോടു ചേരണം, തവ
വല്ലഭനപരന്‍ തുല്യന്‍ നഹിനൂനം,
മേഘവാഹനനെക്കാള്‍ ബലവാന്‍
മോഹനാംഗനവനതി ഗുണവാന്‍
കമനീരത്‌ന കനകങ്ങളുടെ;
ഘടനയേ നിങ്ങളുടെ...
(നളചരിതം ഒന്നാം ദിവസം
-ഉണ്ണായി വാര്യര്‍)

ഹംസം തിരിച്ചുവരുന്നതുവരെ പ്രേമി ഉഴറി നടക്കും. 'തവ കരഗതമേ മമ കാമിതം ജീവിതവും..' എന്ന് മനസ്സില്‍ പറയും. ചലജളിത്ധംകാരം, ചെവികളിലംഗാരം, ചിലര്‍ ദൂരെ നിന്ന് ദൂതിന്റെ ദൃശ്യം ഒളികണ്ണാല്‍ പാര്‍ക്കും. നെഞ്ചിനുള്ളിലൊതുക്കിയതെല്ലാം മറ്റൊരു നാവിലൂടെയൊഴുകുന്നത് അകലെ നിന്ന് അറിയും.എന്തു പറഞ്ഞു എന്നറിയാനുള്ള ആകാംക്ഷ ജീവിതത്തിലെ ഏറ്റവും വലിയ കൊതികളിലൊന്നാണ്. ഹൃദയാഘാതമുണ്ടാക്കുന്ന ജിജ്ഞാസ. നാടകീയമായ വര്‍ണനക്കൊടുവില്‍ ഫലശ്രുതി. മുഖത്തേക്ക് പടരുന്ന നിഴലും നിലാവും.വെറുതെയായിരുന്നില്ല അനുരാഗമറിയിക്കാനുള്ള അഞ്ചലോട്ടങ്ങള്‍. ദൈവം തന്നെ നിനക്ക് പ്രതിഫലം തരുമെന്നാണ് നളന്‍ ഹംസത്തോട് പറഞ്ഞത്. പരിപ്പുവടയില്‍ തുടങ്ങി പതഞ്ഞുയരുന്ന പാതിരാപ്പാര്‍ട്ടികളില്‍ വരെയെത്തിയിരുന്നു ദൂതുപോയവര്‍ക്കുള്ള വിരുന്നൂട്ട്.
ചിലര്‍ ധീരരായിരുന്നു. ഇടനിലകളില്‍ വിശ്വാസമില്ലാത്ത ഇവര്‍ 'എനിക്ക് നിന്നെ ഇഷ്ടമാണ്...' എന്ന് നേരിട്ട് ചെന്നങ്ങു പറഞ്ഞിട്ട് മടങ്ങി. അത് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ഭാഷയായിരുന്നു. പ്രണയത്തിന്റെ ഏറ്റവും തീഷ്ണമായ പ്രകടനം. നടന്നുപോകുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി ഇഷ്ടമറിയിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്....ഈ രീതിക്ക് ഒരുപാട് മുന്നൊരുക്കങ്ങളുണ്ടായിരുന്നു. പറയേണ്ട ഓരോ വാക്കും പലവട്ടം ആലോചിച്ചാകും തിരഞ്ഞെടുക്കപ്പെടുക. പിന്നീടത് മനസ്സിലേക്ക് പറഞ്ഞുറപ്പിക്കും. കണ്ണാടി കാമുകിയാകും. ഇങ്ങനെ ഇഷ്ടം സഞ്ചരിച്ച വഴികള്‍ എന്തൊക്കെയെന്തൊക്കെ...4അച്ഛന്റെ ഡയറിയിലാണ് ആ പേരും വിലാസവും ആദ്യം കണ്ടത്. അതിലേയ്ക്ക് നോക്കുമ്പോള്‍ ഒരത്ഭുത തൈലത്തിന്റെ മണം പരക്കുന്നതു പോലെ തോന്നുമായിരുന്നു. കഷണ്ടിക്ക് മരുന്നു കണ്ടിപിടിച്ച ഗോപാലകൃഷ്ണന്‍ നായര്‍ അസൂയയുണ്ടാക്കുന്ന കാഴ്ചയായിരുന്നു അന്ന്. തലകള്‍ മരുഭൂമിയായവര്‍ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് വിഗ്ഗുകള്‍ വരുന്നതിനും വളരെ മുമ്പാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം. തിരുവനന്തപുരം വഞ്ചിയൂര്‍കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഇറക്കിയ ഒരു ചെറിയ കുപ്പിയെ കേരളം ശിരസ്സിലേറ്റി. കഷണ്ടിക്കുള്ള ദിവ്യൗഷധം. അര്‍ഷിക് ഹെര്‍ബല്‍ മെഡിവിന്റെ അനൂപ് ഹെര്‍ബല്‍ ഓയില്‍. ആകെയുള്ള മൂന്നുനാലുനാരുകളെ പതിപ്പിച്ചു നിര്‍ത്താന്‍ ദിവസേന മണിക്കൂറുകളോളം അത്യധ്വാനം ചെയ്യുന്നവരും അതിനു പോലും കഴിയാതെ അമരീഷ്പുരിയെപ്പോലെ കണ്ണാടിപ്രതലമായ തലതടവി നടന്നവരും പിറകില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ കുറുനിരകള്‍ പോലെയുള്ള ചുരുക്കം ചുരുള്‍മുടികളില്‍ സ്വയം സമാധാനിച്ചവരും തലവര മാറിയെന്ന് ആശ്വസിച്ചു.മുടിയന്മാരാകാനായി തിരുവനന്തപുരത്തുനിന്ന് വണ്ടി കയറിയവരില്‍ കാസര്‍കോട്ടു നിന്നുള്ളവര്‍ വരെയുണ്ടായിരുന്നു. നേരിട്ടുപോകാനാകാത്തവര്‍ കൊല്ലത്തും നാഗര്‍കോവിലിലുമൊക്കെയുള്ള ബന്ധുക്കളുടെ കൈയില്‍ പണമേല്പിച്ചു വിട്ടു.ചില കാലങ്ങളില്‍ ചിലര്‍ ഇങ്ങനെ ഉയര്‍ന്നുവരും. അന്നുവരെ എവിടെയും കേള്‍ക്കാതിരുന്ന ചില പേരുകള്‍. ശൂന്യതയില്‍ നിന്നെന്നോണം അത്ഭുതങ്ങളുടെ ആകാശങ്ങളിലേയ്ക്ക് അവര്‍ ജ്വലിച്ചുയരും. താരങ്ങളാകും. പത്രങ്ങളുടെ തലക്കെട്ടുകളില്‍ എട്ടുകോളത്തില്‍ തലക്കെട്ട് കെട്ടി നില്ക്കും. നാടിന്‍ നാവിന്‍തുമ്പില്‍ സദാ കളിയാടും. ഒരു കാലത്തെ ഈ വാര്‍ത്താപുരുഷന്മാര്‍ ഇന്നും നമുക്കിടയിലെവിടെയോ ഉണ്ട്. ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരന്‍ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാര്‍ കോവില്‍ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവന്‍. പെട്ടെന്നൊരുനാള്‍ ലോകത്തിനു മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെപ്പോലെയായി അയാള്‍. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമര്‍പിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു. പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ നാലുമീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമര്‍ ലോകത്തെ ഞെട്ടിച്ചത് 1992 നവംബര്‍ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. കരിമ്പിന്‍ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമര്‍ പശ്ചിമഘട്ടവും കടന്ന് വളര്‍ന്നു.പച്ചില പെട്രോളിനു മേല്‍ നിഗൂഢയാത്രകളുടെ ഇരുട്ടുണ്ടായിരുന്നു. അത്ഭുത സസ്യത്തിന്റെ ഇലതേടി തോക്കേന്തിയ വളര്‍ത്തച്ഛന്‍ രാമയ്യക്കൊപ്പം ചെമ്പക്കക്കാട്ടിലൂടെ മേക്ക് തുടര്‍ച്ചിമലയിലേയ്ക്ക് പോകുന്നത് രാത്രിയുടെ രണ്ടാം പകുതിയിലാണെന്നാണ് രാമര്‍ പറഞ്ഞിരുന്നത്. ശാസ്ത്രലോകം ഇതുകേട്ട് തരിച്ചുനിലേ്ക്ക രാമര്‍ രണ്ടു രൂപയ്ക്ക് പെട്രോള്‍ വില്ക്കാന്‍ തുടങ്ങി.വിവാദങ്ങളുടെ തീ പടര്‍ത്തുകയായിരുന്നു രാമറിന്റെ പെട്രോള്‍. പരീക്ഷണങ്ങളില്‍ പരിശുദ്ധി തെളിയിക്കാനാകാതെ വന്നപ്പോള്‍ ഈ തമിഴനുമേല്‍ സംശയത്തിന്റെ പുകപരന്നു. രാമര്‍പിള്ള എണ്ണക്കിണര്‍പോലെ കത്തിയൊടുങ്ങി.മൂന്നു പേരുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു മന്ത്രിയുണ്ടായിരുന്നു പണ്ട്, നമുക്ക്. കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ മാറാത്താ വീരനായകന്മാരെ ഓര്‍മവരും. എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ തക്ക വീര്യമുള്ള പേര്. എം.ആര്‍.രഘുചന്ദ്രബാല്‍. കോണോടുകോണിലെല്ലാം നേതാക്കള്‍ മുളച്ച കോണ്‍ഗ്രസ്സില്‍ രഘുചന്ദ്രബാലിന്റെ വളര്‍ച്ച കണ്ണുചിമ്മുന്ന നേരം കൊണ്ടായിരുന്നു. പാറശ്ശാലയില്‍ നിന്നുള്ള ഈ എം.എല്‍.എ. 1991ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രാമാണിത്തം നുരയുന്ന എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായപ്പോള്‍ കേരളം മുഴുവന്‍ അതിശയിച്ചു. ''യെന്തരിത്, യിതേത് പയല്....''മന്ത്രി വേഷത്തില്‍ രഘുചന്ദ്രബാല്‍ പെട്ടെന്ന് വാര്‍ത്തുകളിലെ നായകനായി. ഖദര്‍ അഴിച്ചു വെച്ച് എകൈ്‌സസ് ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളുവാറ്റുകാരെ തേടി കാടുകയറി. കോടകളുടെ കലങ്ങളുടഞ്ഞു. ചാരാച്ചാലുകള്‍ നീന്തിക്കയറി പഴയ എം.എല്‍.എ. കുഞ്ഞികൃഷ്ണ നാടാരുടെ സഹോദരപുത്രന്‍ മുന്‍പേജുകളില്‍ ചിരിച്ചു നിന്നു. ഇതിനിടെയായിരുന്നു കല്യാണം. മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും രഘുചന്ദ്രബാലിന്റെ കഴുത്തില്‍ വീണു. വിവാദങ്ങളും കുറവല്ലായിരുന്നു. കരുണാകരന്റെ ബിനാമിയെന്നുവരെ പേരുകേട്ടു. ആകപ്പാടെ ജഗപൊഗ. യെന്തൊരു ഓളമായിരുന്നു അത്.മന്ത്രി സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ രഘുചന്ദ്രബാല്‍ സ്പിരിറ്റുപോലെ ആവിയായി. വന്നവേഗത്തില്‍ മറവിയിലായ ഏക മുന്‍മന്ത്രി ഒരു പക്ഷേ ഇദ്ദേഹം മാത്രമായിരിക്കും.

6

ശരിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം.മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്.എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.....ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം?അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം.പക്ഷെ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി.ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും.മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍...ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും വളക്കടത്തിരക്കിലും....നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച.പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക.വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക.ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്.മനസ്സിനൊരു വൈദ്യുതാഘാതം.ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല.ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം.പേരറിയാത്ത 'യെന്തോ ഒരിത്'.മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും.ഒരു പക്ഷേ എന്നേയ്ക്കുമായി.എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്. ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും.അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും.പൊള്ളിയപോലെ തോന്നും അന്നേരം.ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും.പിന്നെ അന്ത്യദര്‍ശനം.അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?കുട്ടിക്കാലത്ത് മാഞ്ഞൂര്‍ എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്.റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി.ഒന്നേ കണ്ടുള്ളൂ.പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്.തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. ഈ നഷ്്ടബോധമാണ് അതിന്റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്.കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്.അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്റെ മനസ്സിന്റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം..........അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..
7

Tuesday, February 14, 2012

മടക്കയാത്രയെ ആരാണ് ഭയപ്പെടുന്നത്?

മടക്കയാത്രയെ ആരാണ് ഭയപ്പെടുന്നത്?ഗള്‍ഫ് പ്രവാസികള്‍ കഥകളിലും സിനിമകളിലും ആല്‍ബങ്ങളിലും ലേഖനങ്ങളിലും പഠനങ്ങളിലും ബുദ്ധിജീവികളുടെ നിരീക്ഷണങ്ങളിലും പരിഹാസകഥാപാത്രമായിട്ട് പതിറ്റാണ്ടുകളായി. കുടിയേറ്റത്തിന്റെ അറുപതാണ്ടിലെത്തി നില്‍ക്കുമ്പോള്‍ പോലും പ്രത്യേകിച്ച് ഒരു വികാരവും സാധാരണക്കാരായ പ്രവാസികള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. സഹനവും പീഢനവും വീര്‍പ്പുമുട്ടലും നൊമ്പരവും ഒറ്റപ്പെടലും പാരപണിയലും കൊണ്ട് ജീവിതയാത്രയില്‍ അനുഭവമായി പഠിച്ച പാഠങ്ങളാണ് ഇവര്‍ക്ക് കൈമുതല്‍.

സഹായിച്ചവരൊക്കെ കൈമലര്‍ത്തിയിട്ടും പഠിപ്പിച്ച് വലിയവരാക്കിയവര്‍ കുത്തിനോവിച്ചിട്ടും കൂടപ്പിറപ്പിന്റെ വേദനയില്‍ സ്വയം മറന്ന് സഹായിച്ചവര്‍ ഒറ്റപ്പെടുത്തിയിട്ടും, കെട്ടിച്ച് വിട്ടവര്‍ പരാതി പറഞ്ഞപ്പോഴും,സംഭാവനയുടെ തുകകുറഞ്ഞ് പോയതിന് നാട്ടിലെ കമ്മിറ്റി പരിഹസിച്ചതിനും സാക്ഷിയാകേണ്ടിവന്നവരാണ് പ്രവാസികള്‍. അനുഭവം കൊണ്ട് പഠിച്ച യാഥാര്‍ഥ്യങ്ങളുടെ പൊള്ളുന്ന നോവ് മനസ്സില്‍ കനല്‍പോലെ കൊണ്ടുനടക്കുന്ന പരശ്ശതം ഗള്‍ഫ് ജീവിതത്തിന് തിരിച്ച്‌പോക്കിന്റെ നോവിന് കഠിന വേദന കാണില്ല. കാരണം അവിടെയായാലും ഇവിടെയായാലും എല്ല് മുറിയെ പണിയെടുക്കണം.

കൂട്ടിക്കിഴിക്കലിന് ശേഷമുള്ള മൂല്യം വെച്ച് നോക്കുമ്പോള്‍ മലയാളമണ്ണ് തന്നെയാണ് എന്ത്‌കൊണ്ടും ഗുണകരം.തിരിച്ച് പോക്കിനെ പേടിക്കുന്നവരാരാണ്? ഒരു 'നിരീക്ഷ'ണത്തിലും പെടാത്ത ചെറിയ ശതമാനമാണ് മടക്കയാത്രയെ ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും.

കുടുംബവും കുട്ടികളുമായി വൈറ്റ് കോളര്‍ ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് പോക്ക് ഭയാനകമായ ശൂന്യത തീര്‍ക്കുന്നുണ്ടാവാം. അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റോ സാങ്കേതിക പരിജ്ഞാനമോ ഇല്ലാതെ ഉന്നതങ്ങളില്‍ 'വാക്പയറ്റ്' കൊണ്ട് കയറിപ്പറ്റിയവര്‍ക്ക് നാട്ടിലെ വ്യവസ്ഥിതിക്ക് അനുസരിച്ച് ജോലി സമ്പാദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അസോസിയേഷനിലെ ഭാരവാഹിത്വവും സംഘടനയുടെ തലപ്പത്തും കയറി ഒരു ചെറുസമൂഹത്തിന്റെ മേലാളനായി കഴിഞ്ഞവര്‍ക്ക് തിരിച്ച് പോക്ക് അസഹ്യമാവുന്നതില്‍ അത്ഭുതമില്ല.

അവര്‍ എഴുതുന്ന ലേഖനങ്ങളിലും കോട്ടും ടൈയും കെട്ടി ഇരിക്കുന്ന ചാനല്‍ ചര്‍ച്ചകളിലും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതായി കാണുന്നില്ല.ഒരു തിരിച്ച് പോക്ക് വേണ്ടിവന്നാല്‍ മക്കളുടെ വിദ്യാഭ്യാസം, ജോലി, വീട്, വസ്ത്രം, കാറ്, ഭക്ഷണം, എന്നിങ്ങനെ പേടിപ്പെടുത്തുന്ന ഭാവികാലത്തിന്റെ വരാനിരിക്കുന്ന കറുത്ത ദിനങ്ങളെ ഓര്‍ത്ത് വേവലാതിപ്പെടുകയാണ്.

നാം കേരളീയര്‍ മാത്രമാണ് തിരിച്ച്‌പോക്കിനെ ഭയക്കുന്നവര്‍. മടങ്ങേണ്ടിവന്നാല്‍ നാം എന്ത് ചെയ്യും എന്നത് മുന്‍കൂട്ടി തീരുമാനിക്കാന്‍ ആവുന്നതാണെന്നും മടങ്ങേണ്ടിവന്നാല്‍ സന്തോഷം മടങ്ങുക. അന്യദേശത്ത് ഇത്രയും കാലം സസുഖം വാഴാന്‍ അനുവദിച്ചതിനെ വന്ദിക്കുക. ഈ നാട്ടിലെ ജനങ്ങളും ഇവിടത്തെ ഭരണകര്‍ത്താക്കളും നല്‍കിയ സ്‌നേഹത്തിനും കൂറിനും നന്ദിപറയുക.

പിസ്സയും ബര്‍ഗറും ഏസിയും ബെന്‍സും അമേരിക്കന്‍ സ്‌കൂളും ഇല്ലെങ്കിലും കേരളം നമ്മുടെ നടാണ്. മാതൃരാജ്യത്തിലേക്കുള്ള മടക്കത്തിനപ്പുറം സന്തോഷം മറ്റെന്തിനുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ വിദേശരാജ്യം തൊഴില്‍ തരാനുള്ള സന്‍മനസ്സുകാണിക്കണം. ഗള്‍ഫ് രാജ്യം പുറന്തള്ളിയാല്‍ പഠിപ്പിച്ചതൊക്കെ പാഴായി പോകില്ലെന്നാരുകണ്ടു. കേരളത്തില്‍ ജോലി ചെയ്യാന്‍ ഭാഷാപഠനം ആവശ്യമില്ലല്ലൊ.

സ്വന്തം രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാരും ചെറുപ്പക്കാരികളും വളരുന്നതാണ് ഗള്‍ഫ് മേഖലകളിലെ പ്രധാനപ്രശ്‌നം അവര്‍ക്ക് തൊഴില്‍ കൊടുത്തേ മതിയാവൂ. അറബ് വസന്തവും മുല്ലപ്പൂ വിപ്ലവും മുന്നിലുള്ളപ്പോള്‍ ഒരു പ്രതിഷേധസമരത്തിന് പോലും ഇവിടുത്തെ ഭരണാധികാരികള്‍ അവസരം കൊടുക്കില്ല. ന്യായമായ അവകാശങ്ങള്‍ അനുവദിച്ച് കൊടുത്തേമതിയാവൂ.

ഇത്രയും കാലം തീറ്റിപ്പോറ്റിയ നാടിനോട് നന്ദിയുള്ള കുഞ്ഞാടുകളായി അവരുടെ നിയമവും നിരീക്ഷണങ്ങളും അനുസരിക്കുക.നഷ്ടപ്പെടാനുള്ളവര്‍ക്ക് വിമ്മിഷ്ടം തോന്നുക സ്വാഭാവികം. കച്ചവടം, മുതല്‍മുടക്ക്, ബാങ്ക് ബാലന്‍സ്, ഫ്ലാറ്റ്, ഓഹരി, സംഘടനയുടെ നേതാവ്, ഇതൊക്കെ നഷ്ടപ്പെടുന്നവര്‍ക്കേ വേവലാതിയുള്ളൂ.

മുന്‍പ് ഗള്‍ഫിലേക്ക് വരുമ്പോള്‍ ഉമ്മറകോലായില്‍ നിന്ന് ചിന്തിച്ച് കൂട്ടിയ വേവലാതി മാത്രമേ ഇവിടുന്ന് തിരിച്ച് പോകേണ്ടിവരുമെന്ന് പറയുമ്പോള്‍ സധാരണക്കാരായ പ്രവാസിക്ക് ചിന്തിക്കാനുള്ളൂ.

ഗള്‍ഫ് തിരിച്ച് പോക്കിന് വേഗതകൂട്ടിയത് നാം തന്നെയാണ്. വലിയ വലിയ മാളുകളും ഹോട്ടലുകളും, ചെറുകിട കച്ചവടക്കാരെ അപ്പാടെ വിഴുങ്ങികളയുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്ടമെന്റ് സ്റ്റോറുകളും തുടങ്ങി. ക്ലിനിക്കുകള്‍ക്ക് പകരം മള്‍ട്ടിസ്‌പെഷ്യാലിറ്റി ആസ്പത്രികളായി. സ്വദേശികളും മറ്റു അറബ് വംശജരും ഈ തള്ളിച്ചയില്‍ അന്തംവിട്ടു. വലിയ വലിയ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വിദേശ ഇന്ത്യക്കാരുടെയും മറ്റു രാജ്യക്കാരുടെതുമാത്രമാണെന്നുള്ള തിരിച്ചറിവ്. അവരുടെ മനസ്സില്‍ അലോസരം സൃഷ്ടിച്ചിട്ടുണ്ടാവാം.

ജ്വല്ലറികളുടെ മാര്‍ക്കറ്റുകള്‍, പണമിടപാട് സ്ഥാപനങ്ങളുടെ നീണ്ടനിര, എല്ലാം മലയാളിയുടേത്. ഇന്ത്യക്കാരന്റേത്, പാകിസ്താനിയുടേത്. നമ്മുടെ ദേശത്ത് നമുക്കായ് എന്തുണ്ട് എന്ന തോന്നലുകള്‍ ഉടലെടുത്തിട്ടുണ്ടാവാം.

ഗള്‍ഫ് കാലം കഴിഞ്ഞെന്ന് പറയുന്നതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയും അവര്‍ക്ക് ശേഷം കഴിഞ്ഞു. ഇങ്ങോട്ടാരും വരേണ്ട,എന്നൊക്കെ പറയുമ്പോഴും പാസ്‌പോര്‍ട്ട് കോപ്പിയും രണ്ട് ഫോട്ടോയും പാന്റിന്റെ പോക്കറ്റില്‍ കാണും. അങ്ങനെ വന്നണഞ്ഞവര്‍ മറ്റുള്ളവരോട് പറയും കഴിഞ്ഞു. ഇനി വിസ ഇല്ല. ഈ വാക്കും പ്രവൃത്തിയും തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കോഴിക്കോട്ട് നിന്നും, കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും വിമാനങ്ങള്‍ പറന്ന് കൊണ്ടിരിക്കുന്നു. അതിലെല്ലാം വിസിറ്റായും എംപ്ലോയ്‌മെന്റ് വിസയായും. പുതുതലമുറയും എത്തുന്നു.

തിരിച്ച് പോക്കിന്റെ വേവലാതി നാം തന്നെ പങ്കിട്ടെടുക്കയാണല്ലൊ. ഇവിടെയുള്ള പത്രദൃശ്യ ശ്രാവ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഗള്‍ഫ് മേഖലയില്‍ തന്നെ ചുറ്റിക്കറങ്ങുകയാണ്. യുദ്ധം കൊണ്ട് ഒറ്റപ്പെട്ട് പോയ ഒരു രാജ്യത്തിലെ ജനങ്ങളെ പോലെയാണ് പ്രവാസികള്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയുന്നില്ല. ഗള്‍ഫ് എഡിഷനുകള്‍ തീര്‍ത്ത് ഗള്‍ഫില്‍ തന്നെ വാര്‍ത്തകള്‍ ജീര്‍ണ്ണിക്കുകയാണ്. ഗള്‍ഫ് കവി, പ്രവാസി രചന, പ്രവാസി എഴുത്തുകാരന്‍, ഗള്‍ഫ് കോളം എന്നിവകൊണ്ട് നാം നല്‍കിയത് നമുക്ക് തന്നെ നല്‍കിക്കൊണ്ട് 'സായൂജ്യ' മടയുകയാണ്.

പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നമുക്കാരാണ് ഉള്ളത്. വിമാനം ചാര്‍ട്ട് ചെയ്ത് വോട്ട് നല്‍കി വിജയിപ്പിച്ചവരാണ് ഭരിക്കുന്നത്. പ്രവാസിമന്ത്രിയും വ്യോമയാനമന്ത്രിയും കേരളീയനായ 'ഭാഗ്യം' ലഭിച്ചവരാണ് നമ്മള്‍ എന്നിട്ടൊ?

പുനരധിവാസവും പെന്‍ഷനും വേണമെന്നുള്ള മുറവിളിക്ക് നീണ്ടകാലയളവുണ്ട്. മാന്യമായ ടിക്കറ്റ് കൂലി അനുവദിക്കാനെങ്കിലും ഒരാളുണ്ടായെങ്കില്‍.നമുക്ക് ഫിലിം അവാര്‍ഡും മിമിക്രിയും ഓണപ്പരിപാടിയും ഡാന്‍സ് പാര്‍ട്ടിയും കണ്ടിരിക്കാം. പരാതി പറയുന്നവര്‍ പാര്‍ട്ടിക്ക് പുറത്താകുന്നകാലം.. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടോ? മന്ത്രിമാരും ഉത്തരവാദപ്പെട്ടവരും വരുന്നത്. ഞാന്‍ സൂചിപ്പിച്ച 'ചെറുശതമാന' ത്തിന്റെ കൈയില്‍ കാറില്‍ നിന്ന് കാര്‍പ്പറ്റിലേക്കിറങ്ങി. ശീതീകരിച്ച വരള്‍ച്ചയിലേക്ക് ആനയിക്കുന്നവര്‍ക്ക് പറയാന്‍ അവരുടെ പ്രശ്‌നങ്ങള്‍. പുതിയ സ്ഥലത്തിന്റെ നിലം നികത്തി തുടങ്ങാന്‍ പോകുന്ന ബിസിനസ്സിന്റെ പേപ്പര്‍ ശരിയാക്കല്‍. മക്കളുടെ അഡ്മിഷന്‍, പിന്നെ സര്‍ട്ടിഫിക്കറ്റിലേക്കുള്ള തുകയും.

താലപ്പൊലിയും, ചെണ്ടമേളവും കാതടപ്പിക്കുന്ന കോലാഹലങ്ങളുമായി ഇവര്‍ മന്ത്രിമാരെ 'ചെകിടടപ്പി'ക്കുന്നു. പുരുഷാരത്തിന്റെ തള്ളിച്ചയില്‍ നേതാക്കള്‍ കാറിലേറുന്നു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമയം ചോദിക്കുന്നു. അറുപതാണ്ട് പഠിച്ചിട്ടും പഠിക്കാത്തവര്‍ നമ്മളെ ഭരിക്കുന്നു. വീണ്ടും വീണ്ടും പാഠം ചൊല്ലിക്കൊടുക്കാന്‍ പ്രവാസികള്‍ ഉടുമുണ്ട് താഴ്ത്തി ഓച്ഛാനിച്ച് നില്‍ക്കുന്നു. തിരിച്ച് പോകാന്‍ ആര്‍ക്കാണ് പേടി. മറുപടി അര്‍ഹിക്കുന്ന ചോദ്യമാണ്.


വാല്‍കഷ്ണം: കഴിഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫില്‍ വന്നില്ല. നമ്മളെ കണ്ടില്ല. നമ്മുടെ പരാതി കേട്ടില്ല. നന്ദിയുണ്ട് സാര്‍ അങ്ങെങ്കിലും നമ്മുടെ ശാപത്തില്‍ നിന്ന് രക്ഷപ്പപെട്ടല്ലോ.

Tuesday, May 4, 2010

ഗള്‍ഫിലേക്കുള്ള ദൂരം

ഗള്‍ഫിലേക്കുള്ള ദൂരം


ഗള്‍ഫ് കുടിയേറ്റത്തിന്റെ 50-ാം വാര്‍ഷികം താണ്ടുമ്പോഴും പ്രവാസികള്‍ ഓര്‍ക്കാതെ പോകുന്ന ഒരു മുന്‍തലമുറക്കാരുണ്ട്. നമുക്ക് മുന്നില്‍ മണലും കടലും കാടും തോടും താണ്ടി പായ്കപ്പലിലും, കള്ളലോഞ്ചിലും 'അനധികൃത' കുടിയേറ്റക്കാരായി ഈ തീരത്തണഞ്ഞവര്‍... പേര്‍ഷ്യ എന്ന വന്‍കര ലക്ഷ്യമാക്കിയല്ല വറുതിയില്‍നിന്ന് കഷ്ടപ്പാടില്‍നിന്ന് മുഴുപ്പട്ടിണിയില്‍നിന്ന്... സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍... നാടിനെ നാട്ടുകാരെ രക്ഷിക്കാന്‍ ഏതെങ്കിലും തീരത്തണയാന്‍ പുറപ്പെട്ടതായിരുന്നു അവര്‍.. വിദ്യാഭ്യാസത്തിന്റെ പിന്‍ബലമില്ലാത്തവര്‍പോലും, ലോഞ്ചിലും ചങ്ങാടത്തിലും ഉരുവിലും കയറി ലക്ഷ്യമില്ലാതെ ഏതെങ്കിലും മണല്‍കാട് കാണുന്നതുവരെ... ഇവരെ കൊണ്ടുപോകുന്ന ലോഞ്ചുകാര്‍ കൊടുത്തകാശ് തീരുന്നസ്ഥലത്ത് ഇറക്കിവിടും. ദൂരെ കാണുന്ന കരയെ ലക്ഷ്യമാക്കിയുള്ള നീന്തലായിരിക്കും പിന്നീട്. ഇതില്‍ കരക്കണഞ്ഞവര്‍ എത്ര? രോഗംവന്ന് ജീവിതം വെടിഞ്ഞവര്‍... പിടിക്കപ്പെട്ടവര്‍.. ഭക്ഷണവും മരുന്നുമില്ലാതെ തളര്‍ന്നുപോയവര്‍, ആര്‍ക്കും ആരും തുണയില്ലാതെ... മുംബൈയിലോ, റാസല്‍ഖൈമയിലോ, ഫുജൈറയിലോ, കോര്‍ഫുക്കാനിലോ കരപറ്റിയവര്‍... 'വീണിടം വിഷ്ണുലോക'മാക്കിയവര്‍.

നമുക്ക് മുമ്പെ ഇവിടെ എത്തിയവരുടെ, കഷ്ടപ്പാടുകളുടെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ, വെട്ടിപ്പിടിത്തത്തിന്റെ പച്ചയായ ജീവിതം ചമച്ചവര്‍. നമുക്ക് വെട്ടിത്തന്ന വഴിത്താരയ്ക്ക്... ഇപ്പോള്‍ ദൂരം വളരെ കുറവാണ്.നമ്മുടെ മുന്‍ തലമുറ വെട്ടിത്തന്ന വഴിയിലൂടെ, അവര്‍ നടന്ന് പാകപ്പെടുത്തിയ മണലിലൂടെ അവര്‍ കാണിച്ചുതന്ന സ്വര്‍ഗഭൂമിയിലേക്ക് വിമാനത്തിന്റെ ശീതികരണത്തില്‍നിന്ന് എയര്‍പോര്‍ട്ടിന്റെ തണുപ്പിലേക്കും. അവിടുന്ന് തണുപ്പ് മൂളുന്ന കാറിലേക്കും. അമ്പത്‌നില മൊത്തമായി ശീതികരിച്ച ഫ്ലറ്റിലേക്കും അവിടുന്ന് ഈര്‍പ്പമിറങ്ങുന്ന ഓഫീസിലേക്കും പുതുതലമുറ വന്നിറങ്ങുന്നു. കഷ്ടപ്പാടുകള്‍ ഏതുമില്ലാതെ കേരളത്തിന്റെ ഏത് എയര്‍പോര്‍ട്ടില്‍നിന്നും മൂന്നുമുതല്‍ നാല് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിന്റെ ഏത് കോണിലും എത്തുന്നു. നാട്ടില്‍ നിന്ന് നമ്മളെ എയര്‍പോര്‍ട്ടിലേക്ക് യാത്രയയക്കാന്‍ വന്ന കുടുംബങ്ങളോ, സുഹൃത്തുക്കളോ, കാറില്‍ കേരളത്തിന്റെ 'റോഡ്' വഴി തിരിച്ച് വീട്ടിലെത്തുന്നതിന് മുമ്പ് നാം ഗള്‍ഫിലെത്തിയിരിക്കും.

കുറഞ്ഞകാലം കൊണ്ട് ഈ രാജ്യം കൈവരിച്ച നേട്ടം അസൂയാവഹമാണ്. കര്‍മ്മനിരതരായ ഭരണകര്‍ത്താക്കളെയും ഭാവിയുടെ വളര്‍ച്ചയ്ക്ക് സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കുന്ന അനുബന്ധ വകുപ്പുകളും ഒരു രാജ്യത്തിന്റെ കുതിച്ച് ചാട്ടത്തിന് നിദാനമായി. നാല്‍പത് വര്‍ഷത്തിനു മുമ്പുള്ള യു.എ.ഇ.യുടെ പഴയകാല അവസ്ഥയിലേക്കായിരുന്നു കേരളത്തില്‍ നിന്നുള്ളവരുടെ കടന്നുകയറ്റം. വീട്ടില്‍ നിന്ന് വിട്ടാല്‍ പത്തും പതിനാറും ദിവസങ്ങള്‍..... ചിലപ്പോള്‍ മാസങ്ങള്‍.... ഇവിടെ തീരത്തണഞ്ഞു എന്ന് വിവരം അറിയിക്കാന്‍ മാര്‍ഗ്ഗമില്ലാതെ... പരസ്​പരം ബന്ധപ്പെടാന്‍ ആവാതെ... വീട്ടുകാരുടെ പ്രാര്‍ത്ഥനയും വഴിപാടും കൊണ്ട് ജീവിച്ചവര്‍... മണലിനോടും മണല്‍കാറ്റിനോടും പൊരുതിയവര്‍... തണുപ്പിനോടും ചുട്ടുപൊള്ളുന്ന വേനലിനോടും പൊരുതിജയിച്ചവര്‍... കാതങ്ങളോളം നടന്ന് അടുത്ത എമിറേറ്റ്‌സില്‍ എത്തിയവര്‍... പിടിച്ച് നില്‍ക്കാന്‍... സ്വയം ജീവിക്കാന്‍... മറ്റുള്ളവരെ ജീവിപ്പിക്കാന്‍... എന്തൊക്കെ കഷ്ടപ്പാടുകള്‍... ഭക്ഷണവും വെള്ളവും... വൈദ്യുതിയും ഇല്ലാതെ ഇന്തപ്പഴവും ഒട്ടകപാലും കഴിച്ച് ജീവിച്ചവര്‍... സ്വരുകൂട്ടിവെച്ചത് നാട്ടിലെത്തിക്കാന്‍ കഴിയാതെ പണമിടപാട് സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ... മറ്റാരുടെയെങ്കിലും പക്കല്‍ കൊടുത്തയച്ചവര്‍... ഈ കഥ പുതുതലമുറയ്ക്ക് അന്യമാണ്. അന്നത്തെ ഗള്‍ഫുകാരുടെ 'സാഹസികത' വിവരിക്കുമ്പോള്‍ നമുക്ക് 'ബഡായ്' ആയി തോന്നാം. പഴയപട്ടാളക്കാരുടെ കഥ കേള്‍ക്കുന്നതുപോലെ, തമാശയായി തോന്നാം. തമാശയല്ല എന്നറിയണമെങ്കില്‍ നാല്‍പത് വര്‍ഷം പിന്നോട്ട് നടക്കണം. അന്നത്തെ ഗള്‍ഫ് എന്താണന്നറിയണം. എങ്ങനെയാണ് ഇവിടെ എത്തിയത് എന്നറിയണം.

നമ്മുടെ നാട്ടില്‍ 15 വര്‍ഷം മുമ്പ് വരെ 'സിറ്റിസണ്‍' വാച്ചും സൈക്കോ ഫൈവ് വാച്ചോ കൊണ്ടുപോകണമെങ്കില്‍ ഒളിച്ച് കടത്തണമായിരുന്നു. മൂന്ന് വാച്ച് പിടിക്കപ്പെട്ടാല്‍ അവന്‍ 'കള്ളകടത്തു'കാരനായിരുന്നു. നിഡോയുടെ പാത്രത്തിലോ, കാസറ്റിന്റെ ഉള്ളിലോ... എട്ട് ഗ്രാമിന്റെ സ്വര്‍ണം 'കടത്തിയ' കഥ ഇന്നും പഴയ ഗള്‍ഫുകാര്‍ പറയുന്നത് കേള്‍ക്കാം.

ആരൊക്കെ പീഡിപ്പിച്ചു. എന്തൊക്കെ, അനുഭവിപ്പിച്ചു. എയര്‍പോര്‍ട്ടില്‍, കസ്റ്റംസുകാരുടെ പിടിച്ചുപറിയായിരുന്നു. ബോംബെ ബസ്സില്‍ മുതല്‍ നമ്മുടെ നാട്ടുവഴിയില്‍പോലും, കസ്റ്റംസുകാരുടെ കാവല്‍ ചെക്കിങ്ങും പിടുത്തവും കഴിഞ്ഞാല്‍ ഈ ഗള്‍ഫുകാരന്‍ വീടെത്തുമ്പോഴേക്കും പകുതി ജീവനെ ഉണ്ടാവുകയുള്ളൂ. ഇതൊക്കെ നടക്കുന്നത് നമ്മുടെ രാജ്യത്ത് പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണെന്ന് നാം അറിയണം. നാം പുരോഗമനത്തിന്റെ കഥപറയുമ്പോള്‍, ഈ കാര്യം വിസ്മരിച്ചുകൂടാ... പല മേഖലകളിലും നാം പുരോഗതി കൈവരിച്ചെങ്കിലും നമ്മുടെ ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ ഒരു മാറ്റവും വന്നിട്ടില്ല ഇതുവരെ.

എമിഗ്രേഷനും ടിക്കറ്റും ചവിട്ടി കയറ്റലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും പള്ളി അമ്പല പിരിവും ഇങ്ങനെ നൂറ് കാര്യങ്ങളുമായി ഗള്‍ഫുകാരെ നേരിട്ടത് കുറഞ്ഞ വര്‍ഷം മുമ്പാണ്. ഇന്ന് ജര്‍മ്മനിയില്‍ ഇറങ്ങുന്ന ഒരു ടോര്‍ച്ചോ, ജപ്പാന്റെ ടി.വി.യോ, സൈക്കോ ഫൈവ് വാച്ചോ, നിഡോയോ നമുക്ക് നമ്മുടെ ചെറിയ അങ്ങാടിയില്‍ കിട്ടും. ഈ വളര്‍ച്ച ഗാട്ട് കരാര്‍ കൊണ്ടോ, മറ്റ് ഏതെങ്കിലും കരാര്‍ കൊണ്ടോ ആണ് സംഭവിച്ചതെങ്കില്‍ അത് നമ്മള്‍ പ്രവാസികള്‍ അംഗീകരിക്കണം. അതിന്റെ ദൂരവ്യാപകപ്രശ്‌നങ്ങളും പ്രയാസങ്ങളും കണ്ടേക്കാം. ലോകത്ത് നിന്ന്് എവിടുന്ന് വാങ്ങിയ ഉത്പന്നവും (നിയമാനുസൃതമായതെങ്കില്‍) ഏത് രാജ്യത്ത് കൊണ്ടുപോകുന്നതിലും വിലക്കുണ്ടാവരുത്.

ഇന്ന് സ്വര്‍ണവും, ഇലക്‌ട്രോണിക്‌സും ടോയ്‌സും ഫുഡും കൊണ്ട് കസ്റ്റംസ് ചെക്കിങ്ങില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ നമ്മുടെ പഴയ ഗള്‍ഫുകാര്‍ മൂക്കത്ത് വിരല്‍വെക്കുന്നുണ്ടാവും. 'ഉച്ചഭക്ഷണത്തിന് ഞാന്‍ എത്തും' എന്നുപറഞ്ഞ് ഗള്‍ഫില്‍ നിന്ന് പോകുന്ന ഒരാള്‍ക്ക് ഉച്ചഭക്ഷണത്തിന് വീട്ടിലെത്താന്‍ കഴിയും. ദൂരം അത്രയും കുറഞ്ഞു.

ഇവിടുത്തെ ഗവണ്‍മെന്റ് ഒഴിവ് ദിവസങ്ങളില്‍ നാട്ടില്‍ പോകുന്ന ഒരു പുതിയ പതിവ് ചിലര്‍ സ്വീകരിച്ചിട്ടുണ്ട് ഇവിടെ. ''ഏഴ് ദിവസത്തെ ഒഴിവാണ്. ടിക്കറ്റ് ഫെയര്‍ വളരെ കുറവും.. ഒന്ന് പോയേച്ച് വരാം'' എന്ന് പറയുന്നവരുടെ എണ്ണം കൂടി വരികയാണ്. പോകുന്നത് എയര്‍ ഇന്ത്യാ എക്്‌സ്​പ്രസ്സില്‍. കുറ്റം പറയുന്നത് എക്‌സ്​പ്രസ്സിനെ. ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഒരു കാര്യം പറയും. ഇത്രയും ചാര്‍ജ് കുറച്ച് പോകുന്ന ഒരു വിമാനകമ്പനിയും ഇവിടെ ഇല്ല. നല്ല സര്‍വീസ്. കൃത്യത. ആഴ്ചയില്‍ 100 ഓളം സര്‍വീസ് നടത്തുമ്പോള്‍, ചില 'സാങ്കേതിക' പ്രശ്‌നങ്ങള്‍ സ്വാഭാവികം. അത് മാത്രം ഉയര്‍ത്തികാട്ടി നാം നടത്തുന്ന സമരമുറകള്‍ പലതും അടിസ്ഥാനരഹിതമാണ്. ഒരു ബഡ്ജറ്റ് എയര്‍ എന്ന തീരുമാനമെടുത്തവരാരായാലും അത് നല്ലതാണ്. നല്ലതിനെ നല്ലതെന്നും അല്ലാത്തതിനെ അല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടാവണം.

എയര്‍ ഇന്ത്യാ എക്്‌സ്​പ്രസ്സ് ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഒപ്പ് ശേഖരണം നടത്തിയ ഗള്‍ഫിലെ ഒരു സംഘടനാ പ്രവര്‍ത്തകനെ എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സില്‍ കാണാനിടയായി. ചമ്മിപ്പോയ കക്ഷി പറഞ്ഞത് ''പെട്ടെന്ന് കിട്ടിയത് ഈ ഫ്‌ളൈറ്റാണ്. ഭാര്യയും മൂന്ന് കുട്ടികളും... മറ്റ് വിമാനത്തിന്റെ ഫെയര്‍'' എന്നൊക്കെയാണ്. എന്ത് പ്രസംഗിച്ചാലും പ്രവര്‍ത്തനത്തില്‍ കാണിച്ച് മാതൃകയാക്കാന്‍ ഒരാള്‍ പോലും ഇല്ല.

പ്രവാസി ഭാരത് ദിവസും, പ്രവാസി പുരസ്‌കാരവും നല്‍കി ആദരിക്കേണ്ടത് ഈ ഗള്‍ഫിന്റെ കുടിയേറ്റത്തിന് തുടക്കം കുറിച്ചവരെയാണ്. കഷ്ടതയിലും ബുദ്ധിമുട്ടിലും ജീവിച്ച് ഒന്നുമാകാതെ പോയവരെയാണ്. നമുക്ക് മുന്നെ വഴിനടന്നവരെയാണ്. നമുക്ക് ഭാവിയുടെ ഇരുളിലേക്ക് ചൂട്ട് കത്തിച്ച് നടന്നവരെയാണ്. പുനരധിവാസവും ക്ഷേമപ്രവര്‍ത്തനവും പെന്‍ഷനും അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. അവാര്‍ഡും പൊന്നാട ചാര്‍ത്തലും പുരസ്‌കാരവും ഫലകവും അവര്‍ക്കവകാശപ്പെട്ടതാണ്.

ഗള്‍ഫിന്റെ ദൂരം കുറച്ച് നമ്മുടെ കൈവെള്ളയില്‍ വെച്ചുതന്ന നമ്മുടെ മുന്‍ഗാമികളെ വിസ്മരിച്ച് കൂട... ബിസിനസ് ലോകത്തെ ചക്രവര്‍ത്തിമാര്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് പകിട്ടില്ല. പൊലിമയില്ല. അവര്‍ക്ക് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ മുന്നേ നടന്നവരെ നമുക്ക് മറക്കാന്‍ കഴിയില്ല.വാസ്‌കോഡിഗാമയ്ക്ക് കാപ്പാട് സ്മാരകം പണിയാന കച്ചകെട്ടി ഇറങ്ങിയവര്‍ കേരളത്തില്‍ ഈ കണ്ട വളര്‍ച്ചയ്ക്ക് ചോരയും വിയര്‍പ്പും ജീവനും നല്‍കിയ പഴയ ഗള്‍ഫ് കുടിയേറ്റക്കാരെ ആദരിക്കാന്‍ ഒരു ഛായാചിത്രമെങ്കിലും....

Thursday, October 29, 2009

--- ആദിപാപങ്ങള്‍ ----

അനുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ വലത്തോട്ട്.ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയും.കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവന്‍ ഒരു കുട്ടിയായിരുന്നു.കാലുകുത്താന്‍ വെപ്രാളത്തോടെ വൃഥാ ശ്രമിക്കുമ്പോള്‍ അവന്റെ വായില്‍ വലിയൊരു നിലവിളി തികട്ടിവന്നു.പക്ഷേ പുറത്തേക്ക് കേട്ടില്ല.നിലത്ത് വീണുകിടക്കുമ്പോള്‍ എവിടൊക്കെയൊ വേദനിച്ചെങ്കിലും അവനത് വിഴുങ്ങി.ആരെങ്കിലും കാണുന്നുണ്ടോയെന്ന് പേടിയോടെ നോക്കി.അരികെ അപ്പോള്‍ ഒരു കുഞ്ഞുസൈക്കിളിന്റെ ചക്രശ്വാസം കേട്ടു.

ജീവിതത്തിലെ ആദ്യപാപത്തിന്റെ ശിക്ഷയായിരുന്നു അത്.ആരും കാണാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചവരെല്ലാം അനുഭവിച്ച ആദ്യപാഠം.കാലം ഉണക്കിയ കറുത്തപാടായി ശരീരത്തിലെവിടെയോ അതിന്നും ഉണ്ടാകും.അന്നത്തെ വീഴ്ചയുടെ സൈക്കിള്‍പാട്.തൊട്ടുനോക്കിയാലറിയാം അതേ തീവ്രതയോടെ ആ നീറ്റല്‍.അപ്പോള്‍ മനസ്സില്‍ നിന്ന് നീരൊലിക്കും. സൈക്കിളില്‍ നിന്ന് വീണവന്റെ ചിരി ചുണ്ടിലുണ്ടാകും

അരുതുകളുടെ നിഷേധം അഞ്ചോ ആറോ വയസ്സില്‍ ഉപ്പയും ഉമ്മയും അറിയാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു.വലുതാകാനുള്ള ആഗ്രഹത്തിന്റെ ആദ്യത്തെചവിട്ടുപടിയാണ് സൈക്കിള്‍പെഡലുകള്‍.സ്വന്തംകാലില്‍, സൈക്കിള്‍ നില്‍ക്കാതെ പറപ്പിക്കുന്ന ദിവസമായിരുന്നു പണ്ട് ബാല്യത്തിന്റെ രാത്രിസ്വപ്‌നങ്ങളില്‍ നിറഞ്ഞത്.ബാലന്‍സ് ലഭിക്കുന്നത് പ്രായത്തിനുകൂടിയാണെന്ന വിചാരം രണ്ടുകൈയും വിട്ടുള്ള നീക്കത്തിന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

നാട്ടിന്‍പുറം സൈക്കിളുകളാല്‍ സമൃദ്ധമായ കാലമായിരുന്നു അത്.ഇടവഴിയില്‍ മിണ്ടുന്ന പൂച്ചയെപ്പോലെ സൈക്കിള്‍ മണികിലുക്കി നടന്നു.ചലിക്കുന്ന ഈ കളിപ്പാട്ടം കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ കൗതുകമായി.ഏറ്റവും വലിയ വാടകവസ്തുവും അന്ന് സൈക്കിള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയില്‍ ഉല്ലാസകേന്ദ്രത്തിലെ കുതിരകള്‍കണക്കെ കുഞ്ഞുവാടകസൈക്കിളുകള്‍ വിശ്രമിച്ചു.ചുവന്നനിറമായിരുന്നു പലതിനും.തലമുറകളുടെ ചവിട്ടേറ്റ് അവയ്ക്ക് അകാലവാര്‍ദ്ധക്യംബാധിച്ചിരുന്നു.അനങ്ങുമ്പോള്‍ കറകറ ശബ്ദം കേള്‍ക്കും.ഹാന്‍ഡില്‍ കാണുമ്പോള്‍ അപ്പൂപ്പന്റെ പല്ലുകളെ ഓര്‍ത്തു.കുതിരക്കാരനെപ്പോലെ പ്രായമേറിയ ഒരാള്‍ വാടകസൈക്കിളുകള്‍ക്കരികെയിരുന്ന് ഉറക്കം തൂങ്ങി.

വലിയവരുടെ സൈക്കിള്‍ പച്ചനിറത്തില്‍ നന്നേ മുതിര്‍ന്നതായിരുന്നു.കരുതലിന്റേയും ആധിയുടേയും സ്വരങ്ങളാണ് സൈക്കിള്‍ചവിട്ടരുതെന്ന മുന്നറിയിപ്പുകളില്‍ കേട്ടത്.അതുകൊണ്ട് തൊടാന്‍തന്നെ പേടിച്ചു.ഹെര്‍ക്കുലീസ് എന്ന പേരില്‍ ചിത്രകഥകളിലെ വില്ലന്റെ ഛായനിറഞ്ഞുനിന്നു.അവയുടെ ചക്രങ്ങളില്‍ കറങ്ങുന്ന പൂക്കള്‍ ഉണ്ടായിരുന്നു.അതിന്റെ നിറങ്ങള്‍ എന്നെങ്കിലും കാല്‍ക്കീഴിലാകുമെന്ന ആത്മവിശ്വാസവും അരുതായ്മയിലേക്ക് അകമ്പടിയായി.
അന്ന് ഒരു അവധിദിവസമായിരുന്നിരിക്കണം.മനസ്സില്‍ അടക്കിവച്ചിരുന്ന ആഗ്രഹം നടപ്പാക്കാന്‍ തീരുമാനിച്ച നാള്‍.സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ തീരുമാനിച്ചവരെല്ലാം മൂന്നുമണിനേരങ്ങളാണ് തിരഞ്ഞെടുത്തത്.നാട്ടുവഴികളും ഉച്ചമയക്കത്തിലാകും.എതിരേ വണ്ടികള്‍ വരില്ല.വീണാലും ആരും കാണില്ല.ഭയത്തോടെ കവലയിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരനൊപ്പം കൈയിലുള്ളത് ഒരു അമ്പതുപൈസ.അതില്‍ കുടുക്കയിലെ പൊടിയുണ്ടാകും. .

വാടകസൈക്കിളില്‍ ആദ്യമായിതൊട്ടപ്പോള്‍ കൈവിറച്ചു.ആദ്യസ്​പര്‍ശനങ്ങളെല്ലാം വിറയാര്‍ന്നതാണെന്ന് അന്നറിഞ്ഞില്ല.സൈക്കിള്‍ തരുമ്പോള്‍ സൂക്ഷിപ്പുകാരന്‍ കൈയിലെ പുരാതനമായ വാച്ചിലേക്ക് നോക്കി.കൈയിലെ അമ്പതുപൈസയുടെ വില ഒരുമണിക്കൂറാണ് .സമ്മര്‍ദ്ദം ഹൃദയത്തിന്റെ ട്യൂബുകളില്‍ നിറഞ്ഞു.ചവിട്ടിത്തുടങ്ങിയപ്പോള്‍ സൈക്കിള്‍ തുടക്കക്കാരോട് കാട്ടുന്ന സ്വഭാവം പുറത്തെടുത്തു.ഇടഞ്ഞോടി.കൂട്ടുകാരന്റെ കൈത്താങ്ങാണ് ബലം.ആദ്യ ദിവസത്തെ അദ്ധ്വാനം കഴിഞ്ഞ് വീട്ടില്‍ചെല്ലുമ്പോള്‍ ആരൊക്കെയോ ആയ ഭാവമായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടുകാരന്‍ 'കൈവിടും'.ഒറ്റയ്ക്കുള്ള കന്നിപ്പാച്ചിലില്‍ എതിരെയുള്ള മരങ്ങളും മനുഷ്യരും പീടികകളും 'മൈഡിയര്‍ കുട്ടിച്ചാത്ത'നിലെപ്പോലെ കണ്ണിനുനേര്‍ക്ക് പാഞ്ഞുവരുന്നതുപോലെ തോന്നും.ഒടുവില്‍ വലതുകാല്‍ നിലത്തുകുത്തി,ഇടതുകാലില്‍ തൊങ്കിത്തൊങ്കി,വീണ്ടും വലതുകാല്‍ പൊക്കി,വായുവിലൊരു അര്‍ദ്ധവൃത്തംവരച്ച് സൈക്കിള്‍തണ്ടിനുമുകളിലൂടെ വലതുപെഡലില്‍ പൂര്‍ണ്ണമാകുന്ന അവസാനഅടവും അഭ്യസിക്കുന്നതോടെ സൈക്കിള്‍ വരുതിയിലാകും.

..

'...ചവിട്ടാന്‍ നേരം കണ്ണുതള്ളുന്നു.ബ്രേക്കുപോലും പിടിക്കാനാവാതെ റോഡിലെകുഴിയിലേക്ക് വീഴുന്നുവെന്നുറപ്പായി.എന്റെ വലംകൈ പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിയിട്ട് നടക്കുന്ന ആ അവധിക്കാലം ഒരു നിമിഷം ഞാന്‍മുന്നില്‍ കണ്ടു.കാലൊടിയുന്നതും കണ്ടു.നട്ടെല്ലൊടിഞ്ഞ് എക്കാലവും രോഗിയായി കിടക്കുന്നതും കണ്ടു.പക്ഷെ,ആ ഒരു നിമിഷം!ഞാനെന്റെ ആഗ്രഹങ്ങളുടെ ആവേശമത്രയും കോരിയെടുത്ത് സൈക്കിളിനെ ചുംബിക്കുകയായിരുന്നിരിക്കണം.സൈക്കിളെനിക്ക് വഴങ്ങി.സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചിരിക്കുന്നുവെന്ന വലിയ സത്യം.വിലക്കുകളുടെ കടുത്ത മുള്ളുവേലി തകര്‍ത്ത് ഞാനൊരു കൊട്ടാരം കീഴടക്കിയിരിക്കുന്നു.ഇരുട്ട് ഒരു ലഹരിയോടെ എന്നെ തൊട്ടു.'(സ്‌നേഹിതനേ..സ്‌നേഹിതനേ...)

പിന്നീടുള്ള വരികള്‍ക്കൊടുവില്‍ 'ജീവിതത്തില്‍ ഞാനേറ്റവുമധികം ആഗ്രഹിച്ചിട്ടുള്ളത് ഒരു സൈക്കിളാണ്....ജീവിതത്തില്‍ ഏറ്റവും ആനന്ദം തന്നത് ഒരു സൈക്കിളാണെങ്കിലും എനിക്കിപ്പോഴും സ്വന്തമായി ഒരു സൈക്കിളില്ല....'എന്നു സങ്കടപ്പെട്ട കൂട്ടുകാരിക്കുവേണ്ടി സൈക്കിള്‍ചിത്രമുള്ള പിറന്നാള്‍ കാര്‍ഡുതേടി ത്തെരുവു മുഴുവന്‍ അലഞ്ഞപ്പോഴും അരികെ കേട്ടു ഒന്നിലധികം മണിയൊച്ചകള്‍.
ഭാഗ്യക്കുറിക്കച്ചവടക്കാരുടെ വാഹനമായിരുന്നു പണ്ട് സൈക്കിളുകള്‍.നാളെയാണ്..നാളെ...നാളെ...എന്നു ശബ്ദിച്ച വാഹനങ്ങള്‍.അവയിലേറ്റി കാലം നമ്മെ നാളെകളിലെത്തിച്ചു.സൈക്കിള്‍ ഇന്നലെകളിലേക്ക് ഓടിപ്പോയി.ഒരു വീഴ്ചയില്‍ തുടങ്ങിയ ധിക്കാരങ്ങള്‍ ചുണ്ടിലെ തീയായിപ്പടര്‍ന്നു.സൈക്കിളിന്റെ കുളമ്പടിപോലെ കൊതിപ്പിച്ച ഒന്നായിരുന്നു ബീഡിയുടെ ചുവന്നപൊട്ട്. കണ്ണാടിയില്‍ മീശയുടെ കറുപ്പ് കണ്ടുതുടങ്ങിയ സമയമായിരുന്നു അത്.ദാവണിയുടുത്തവരേയും പട്ടുപാവാടയിട്ടവരേയും കാണുമ്പോള്‍ മനസ്സ് കല്ലുവീണകുളം പോലെ ഇളകിയിരുന്ന നാളുകള്‍.കൗമാരത്തിന്റെ കനല്‍ എരിഞ്ഞുതുടങ്ങിയത് ആദ്യമായി ബീഡിവലിച്ചപ്പോഴാണ്.കടലാസ് ചുരുട്ടിക്കത്തിച്ച കുട്ടിക്കളിക്ക് അന്നേരം കാര്യത്തിന്റെ ചൂടുണ്ടായി.ആളിപ്പടരാന്‍ ആഗ്രഹിച്ചവര്‍ രണ്ടാമത്തെ പാപത്തിന് തീകൊളുത്തിയതും ആരും കാണാതെയാണ്.തട്ടിന്‍പുറമോ,കക്കൂസോ നിശബ്ദസാക്ഷികളായി നിന്നു.അടുപ്പിനരികെനിന്ന് ചുമയ്ക്കുന്നതുപോലൊരു ശബ്ദം ആദ്യം വെളിയില്‍ വന്നു.മൂക്കും വായും പുകക്കുഴലുകളായി.ഊണിനിടെ ചോറുതൊണ്ടയില്‍കെട്ടിയപോലൊരു അനുഭവം.

തലയില്‍ തട്ടിത്തരാന്‍ ആരുമുണ്ടായില്ല...മണം പിടിച്ചുവന്നവര്‍ ചെവിയ്ക്ക് പിടിച്ചു.മൂക്കിലൂടെ പുകവിടാന്‍ പഠിക്കുന്നതോടെ പുകവലിയിലെ അവസാനതന്ത്രവും ചുണ്ടിലാകുന്നു.
പൂക്കള്‍ വിരിയുന്ന ഉടയാടകളും കാതില്‍ വളയവുമായി നടന്നു വന്ന പെണ്‍കുട്ടികളായിരുന്നു അതുവരെയുള്ള മുന്തിയ ലഹരി.പക്ഷേ വിലക്കപ്പെട്ട വസ്തുക്കളില്‍ ഏറ്റവും വീര്യമേറിയതിനെ ഏറെപ്പേരും പരിചയിച്ചത് .

..

അന്നൊക്കെ ക്ലാസ്സില്‍ കയറാതെയുള്ള സഞ്ചാരം തീയറ്ററുകളില്‍ അവസാനിച്ചു. ഉച്ചപ്പടങ്ങളുണ്ടായത് അങ്ങനെയാണ്.കണ്ണൂരില്‍ പ്രഭാതും പഴയങാടിയില്‍ പ്രതിഭയും പുതിയങാടിയില്‍ സ്റ്റാറും കാതരകളായി കാത്തിരുന്നു.ആദ്യമായി കാണാന്‍പോയവര്‍ ഇടവേളയ്ക്കുതൊട്ടുമുന്നിലെ തുണ്ട് വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ അവസാനം വരെ കാത്തു.പാതിയില്‍ ഇറങ്ങിപ്പോകുന്നവരെ അത്ഭുതത്തോടെ നോക്കി.പക്ഷേ അവര്‍ പതിവുകാരായിരുന്നു.അവര്‍ക്കറിയാം ഇനിയൊന്നുമില്ലെന്ന്.അവസാനവെളിച്ചം വീഴുന്നത് പല പരിചിത മുഖങ്ങളിലേക്കാകുമെന്നും.

വി.സി.ആര്‍ എന്ന കാഴ്ചപ്പെട്ടിയില്‍ നീലക്കാസറ്റുകള്‍ കണ്ടു.വീട്ടില്‍ ആരുമില്ലാത്തദിവസം അടക്കിപ്പിടിച്ച നിശ്വാസങ്ങളോടെ കുറേപ്പേര്‍ പൊട്ടാനൊരുങ്ങിയ അമിട്ടുകുറ്റികളായി.
ജീവിതം പിന്നെ എന്തെല്ലാം കാട്ടിത്തന്നു.പിന്നീടുള്ള അനുഭവങ്ങള്‍ ഇങ്ങനെ സമാധാനിപ്പിക്കുന്നു..പണ്ട് ചെയ്തതൊന്നും പാപങ്ങളേയല്ല...

Saturday, December 29, 2007
ഒരു വര്‍ഷം കൂടി പിറന്നു...പുതുമണം മാറാത്ത കലണ്ടര്‍ ചുവരില്‍....പുത്തന്‍ പ്രതീക്ഷകള്‍..തീരുമാനങ്ങള്‍ മനസ്സില്‍...പോയ വര്‍ഷത്തിന്റെ പകിട്ടും പാളിച്ചയും തുലനം ചെയ്യുന്നതിന്റെ തിരക്കാണെങ്ങും...എല്ലാ വര്‍ഷാന്ത്യത്തിലും അവസാന വാരം നമുക്കു തരുന്നു ഓരോരൊ ദുരന്ത സ്മരണകള്‍.....സുനാമി,സദ്ദാം,ബെനസീര്‍... അങ്ങിനെ അങ്ങിനെ....എന്തെങ്കിലും...പ്രപഞ്ചശക്തിയുടെ ഒരു വാണിംഗ്‌ പോലെ....ഒരു നിമിഷം ചിന്തിക്കാന്‍, സ്വയം വിശകലനത്തിനായി.....മരവിച്ചു തുടങ്ങിയ ചേതനയെ തൊട്ടുണര്‍ത്താന്‍....ആര്‍ദ്രമാക്കാന്‍...സ്വാര്‍ത്ഥത സ്ഥായി ഭാവമായി മാറിയ സമൂഹത്തിനുള്ള ഒരു താക്കിത്‌...അവകാശങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ മാത്രം ശീലിക്കുന്നു ...ന്യൂനപക്ഷമായാലും....ഭൂരിപക്ഷമായാലും....വെള്ള വസ്ത്രം, കാവി വസ്ത്രം,ചുവപ്പു വസ്ത്രം.....നിറങ്ങളില്‍ മാത്രം മാറ്റം...കടമകള്‍ മറന്നു പോയവര്‍....അതിനെക്കുറിച്ചു സംസാരിക്കാത്തവര്‍...ഒരു പിടി അവിലു കൊണ്ട്‌ സ്വര്‍ലോകം തുറന്ന ...അഞ്ചപ്പംക്കൊണ്ട്‌ അയ്യായിരങ്ങളെ ഊട്ടിയ .....ദൈവപുത്രന്മാരുടെ ചരിത്രവും അവരുടെ അഭിനവ പൗരന്മാരുടെ ധര്‍മ്മവും പഠിക്കാതെ ഭരണത്തിലേറിയ ഭൗതികവാദികള്‍....അഞ്ചു ടിന്‍ അരവണ പോലും തികച്ചു കൊടുക്കാന്‍ കഴിയാതെ നട്ടം തിരിയ്യുന്നു...കാര്യക്ഷമത...കര്‍മ്മനിരത ഇവയുടെ ഉത്തമോദാഹരണം..... ആലസ്യം വിട്ടൊഴിഞ്ഞ്‌ കര്‍മ്മനിരതരായ ജനങ്ങള്‍...സ്വാര്‍ഥരഹിതരായ നേതാക്കള്‍...ആത്മീയത മാത്രം മനസ്സില്‍ നിറച്ചു വെച്ച...കച്ചവടമോഹങ്ങളില്ലാത്ത മതമേധാവികള്‍...തൊഴിലില്‍ മാന്യത പുലര്‍ത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന അഭിനവ നാരദന്മാര്‍- മാധ്യമ പ്രവര്‍ത്തകര്‍...മുക്‌ മാഫി മോഹങ്ങള്‍ ആണെന്നറിയാമെങ്കിലും...ഇന്നത്തെ ഈ പുതു ദിനത്തില്‍ വെറുതെ മോഹിച്ചു പോകുന്നു...ഇനിയും ഒരു പാടു വര്‍ഷങ്ങള്‍...ഒരു പാടു നല്ല അനുഭവങ്ങള്‍...അവസരങ്ങള്‍ പുറത്താകാതെ അതിമനോഹരമായ സെഞ്ചുറി തികയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ...ആത്മാര്‍തമായ പ്രാര്‍ഥനയോടെ


Monday, December 17, 2007

ഇറ്ഷാദ് മോന്‌ അല്ലാഹു ാഖിറത്തില്‍
മഗ്ഗിറത്ത് നല്‍കുമാറകട്ടെ .

ആമീന്‍ .

  • കണ്ണീരിറ്റി വീഴുന്ന ,

  • പിടയ്ക്കുന്ന കരങ്ങളോടെ,

  • കനല്‍ക്കട്ടകള്‍ വീണ

  • ഹൃദയത്തോടെ,

  • സങ്കടം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന്

  • ആത്മാവോടെ...................മലയാള റേഡിയോ പ്രക്ഷേപണം

ആദ്യമായി റാസല്‍ഖൈമയില്‍ ആരംഭിച്ചതു

മുതല്‍ അതിന്റെയൊക്കെ ശ്രോതാവായ

ഒരു പ്രവാസി എഴുതുന്ന അനുഭവം

പതിനേഴു കൊല്ലം മുന്‍പു ഷാര്‍ജാ എയര്‍പോര്‍ട്ടില്‍, ചിറകു വിരിച്ചു നില്‍ക്കുന്ന ഒരു ഫാല്‍ക്കന്‍ പക്ഷിയുടെ വിരിമാറില്‍ പായക്കപ്പലിന്റെ ചിത്രമുള്ള ഒരു ഇളം ചുവപ്പു എന്റ്രി പെര്‍മിറ്റു വിസയും നെഞ്ചോടു ചേര്‍ത്തു,തനിച്ചു വന്നിറങ്ങുമ്പോള്‍ പിന്നിലുപേക്ഷിച്ചു
പോന്ന, ഞാനേറെ ഇഷ്‌ടപ്പെട്ടിരുന്ന , എന്നെയേറെ ഇഷ്‌ടപ്പെട്ടിരുന്ന പ്രാദേശിക മലയാള സാഹിത്യ,കലാരംഗവും, എന്നില്‍ വേര്‍പ്പാടിന്റെ വല്ലാത്തൊരു വ്യസനമാണു അന്നുണ്ടാക്കിയത്‌. നാട്ടില്‍, സന്ധ്യാ സമയത്തെ സാഹിത്യ സദസ്സുകളും, കളിക്കളത്തിലെ കുട്ടിക്കുറുമ്പുകളും, കേവല വിജയത്തിനു വേണ്ടിയുള്ള കൂട്ടുകാരോടുള്ള വീറും വാശിയും, എല്ലാം ഓര്‍ക്കാനെന്തു രസം!. ഇവിടെ, അന്നൊക്കെ ഇവിടെ വെറുതെയിരിക്കുന്ന സമയത്തും, 286 മോണോഗ്രാം കമ്പ്യൂട്ടരില്‍ ഡിബേസ്‌ ത്രീയിലെഴുതിയ ജേര്‍ണല്‍ എന്‍ട്രികള്‍ പോസ്‌ടു ചെയ്യാന്‍ എടുക്കുന്ന ഒച്ചിഴയുന്ന സമയത്തും, മനസ്സു നൂലറ്റ പട്ടം പോലെ, ഓര്‍ക്കാനിഷ്‌ടമുള്ള ആ പുല്‍മേട്ടിലോക്കെ പാറി പാറി നടന്നു. ഒപ്പം മധുരമുള്ള നൊമ്പരങ്ങള്‍ നാരങ്ങായല്ലികളായി എന്റെ നെഞ്ചിലേക്കെറിഞ്ഞെന്നെ ഒരുപാടു വേദനിപ്പിച്ചു.
അന്നിവിടെ ഞങ്ങള്‍ക്കു മലയാളം അപൂര്‍വ്വമായി മാത്രമെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിരുന്നുള്ളൂ. അറബിയും, ഉര്‍ദുവും പഞ്ചാബി കലര്‍ന്ന ഹിന്ദിയും ബംഗ്ലയും,തഗലോഗും,സിംഗളയും പിന്നെ ധാരാളം ഇംഗ്ലീഷും കേട്ടു കേട്ടു ഞങ്ങള്‍ മലയാളത്തെ വല്ലാതെ മിസ്സു ചെയ്തു. അന്നീ മണല്‍പ്പരപ്പില്‍ മലയാള റേഡിയോ പ്രക്ഷേപണവും മലയാള ടെലിവിഷന്‍ സംപ്രേഷണവും ഒന്നുമില്ല. ദിനപത്രങ്ങള്‍ തന്നെ മൂന്നാം ദിവസമെ ഇവിടെ കിട്ടൂ. അപ്പോഴേക്കും അതിന്റെ വാര്‍ത്താപ്രധാന്യം കുറഞ്ഞിരിക്കും. ഫോണ്‍ ചാര്‍ജുകള്‍ വളരെ കൂടിയത്‌.അതിനാല്‍ അത്യാവശ്യത്തിനും അത്യാഹിതത്തിനും പിന്നെ അഹങ്കാരത്തിനും മാത്രമേ ഫോണ്‍ ചെയ്യൂ.
തികച്ചും ഒറ്റപ്പെട്ട തുരുത്തില്‍ വെറുതെ ജീവിക്കുകയായിരുന്നില്ല പകരം ജീവിച്ചു തീര്‍ക്കുകയായിരുന്നു ഞാനുള്‍പ്പെടെയുള്ള ഓരോ പ്രവാസിയും.
മരുഭൂമിയില്‍ മരുപച്ച കണ്ടെത്തിയ പോലെയാണ്‌ പ്രവാസികളായ ഞങ്ങള്‍ക്കു മലയാള പ്രക്ഷേപണം ആദ്യമായി റാസല്‍ ഖൈമയില്‍ നിന്നു അനുവദിച്ചു കിട്ടിയത്‌. അവതാരകരെക്കാളും,ആരംഭകരെക്കാളും ഏറ്റവും സന്തോഷിച്ചത്‌ ശ്രോതാക്കളായിരുന്നു. വിവരമറിഞ്ഞയുടന്‍ റേഡിയോ വാങ്ങി എല്ലാ മലയാളികളും ആദ്യ പ്രക്ഷേപണത്തിന്നായി കാതോര്‍ത്തിരുന്നു. മറുനാട്ടില്‍ കേട്ട ആദ്യത്തെ ഗഗനവാണിയിലൂടെ മലയാളം ഒഴുകിവന്നപ്പോള്‍ ഞങ്ങള്‍ ആനന്ദം കൊണ്ടു തുള്ളിച്ചാടി. പെറ്റമ്മയെ തൊട്ടറിഞ്ഞ നിര്‍വൃതി,പെട്ടന്നു നാട്ടിലെത്തിയ പ്രതീതി. വാക്‍മാന്‍ പോക്കറ്റിലിട്ടു ഞങ്ങള്‍ അതില്‍ നിന്നു വരുന്ന വാണിയെ നെഞ്ചിലേറ്റി. റേഡിയോ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി.അതു ഞങ്ങള്‍ക്കു സംസാരിക്കാന്‍ ഒരുപാടു വിഷയങ്ങള്‍ തന്നു.
വെട്ടൂര്‍ ശ്രീധരനും, ആല്‍ബര്‍ട്ട്‌ അലക്സും,മൊയ്തീന്‍ കോയയും,സണ്ണിയും, ആശാലതയും,സത്യഭാമയും മറ്റും ഞങ്ങളുടെ സ്വന്തമായി. അവരെയൊക്കെ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ എന്നപോലെ ഞങ്ങള്‍ സ്നേഹിക്കാന്‍ തുടങ്ങി. പിന്നെ പിന്നെ കാലങ്ങള്‍ കഴിയവേ, റേഡിയോയില്‍ മുഴുവന്‍ വാണിജ്യ പരസ്യങ്ങളുടെ കുത്തൊഴുക്കായി. പരസ്യകമ്പനിക്കാര്‍ വന്‍തുകകള്‍ ചെലവഴിച്ചു പരസ്യപ്രോഗ്രാമുകള്‍ നടത്താന്‍ തുടങ്ങിയതോടെ റേഡിയോ ഞങ്ങളില്‍ നിന്നകലാന്‍ തുടങ്ങി. പരസ്യ പ്രക്ഷേപണം വഴി വരുമാനത്തിന്റെ തോതു കൂടിയപ്പോള്‍ കിടമല്‍സരവും തുടങ്ങി. റേഡിയോ പ്രക്ഷേപണ കൂട്ടായ്മ അമീബയെപ്പോലെ വിഭജിക്കാന്‍ തുടങ്ങി. കൂടെ നിന്നവര്‍, ഒരു പാത്രത്തിന്നുണ്ടവര്‍, പരസ്പരം ചെളിവാരിയെറിയല്‍ നടത്തിയതു റേഡിയോവിലൂടെയായി.(രഹസ്യമായി പാരവെപ്പും).
അതിനിടയില്‍ ഇതില്‍ ഒരു റേഡിയോ വിഭാഗം നാട്ടില്‍ നിന്നു ആകാശവാണിയില്‍ കൗതുക വാര്‍ത്തകള്‍ വായിക്കുന്ന "രാമചന്ദ്രനെ" ഇറക്കുമതി ചെയ്തു. അദ്ദേഹത്തിന്റെ മനോഹര ശബ്ദം ആദ്യമായി ഒരു ഫോണിന്‍ ക്വിസ്സ്‌ സമ്മാന പ്രോഗ്രാമിന്‌ റിക്കാര്‍ഡു ചെയ്തു. ഒരു ലോക്കല്‍ നമ്പരില്‍ വിളിച്ചാല്‍, കമ്പ്യൂട്ടര്‍ ചോദിക്കുന്ന മൂന്നു ചോദ്യങ്ങള്‍ക്കു ചോയ്സായി പറയുന്ന ഉത്തരങ്ങളുടെ നമ്പര്‍ ഫോണിലെ ഡിജിറ്റില്‍ അടിച്ചു സേവു ചെയ്താല്‍, നിങ്ങളൂടെ എന്‍ട്രി നമ്പര്‍ നറുക്കെടുത്ത്‌ നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഒരു 20 ഇഞ്ചു ഹിറ്റാച്ചി ടി.വി. സമ്മാനമായി ലഭിക്കും. ഉത്തരങ്ങള്‍ വളരെ ലളിതം. പലരും ഫോണ്‍ ചെയ്തു, കാരണം രാമചന്ദ്രന്‍ സാര്‍ നേരിട്ടു സംസാരിക്കുന്ന അനുഭൂതി, പിന്നെ ലോക്കല്‍ കാളിന്റെ ചാര്‍ജേയുള്ളൂവെന്ന റേഡിയോക്കരുടെ പരസ്യം, മാത്രമല്ല ഇത്തിരി ജനറല്‍ നോളേജിനുള്ള വകയും.
വിളിച്ചവര്‍ തന്നെ പിന്നെയും പിന്നെയും വിളിച്ചു. ഞങ്ങളുടെ കമ്പനിയില്‍ അഞ്ചു ലൈനുള്ളത്‌ എപ്പോഴും എന്‍ഗേജായതിനാല്‍ ചിലര്‍ ഫാക്സ്‌ ലൈനില്‍ നിന്നു വിളിച്ചു. ഞാന്‍ എന്റെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും നമ്പര്‍ കൊടുത്തു. എല്ലാരും മരണവിളി.അവിടെ ലൈന്‍ എന്‍ഗേജിന്റെ പ്രശ്നമേയില്ല. നല്ല രസം. അടുത്തമാസമാണ്‌ നറുക്കെടുപ്പ്‌. എല്ലാരും രജിസ്ടര്‍ ചെയ്ത നമ്പറുമായി സമ്മാനത്തിനായി കാത്തിരിക്കുകയാണ്‌. ആ മാസത്തെ ഇത്തിസാലാത്തിന്റെ( ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെണ്ടിന്റെ) ബില്ലു വന്നപ്പോള്‍ ഞങ്ങളില്‍ പലരും ബോധം കെട്ടു വീണു. V.A.N.Calls എന്ന പേരില്‍ ഞങ്ങളുടെ കമ്പനിയില്‍ 12000 ദിര്‍ഹമിന്റെ ബില്ലു വന്നു. അന്വേഷിച്ചപ്പോഴാണറിയുന്നത്‌ ആ കാളുകള്‍ വിദേശരാജ്യത്തേക്കു ഡൈവേര്‍ട്ടു ചെയ്ത്‌ അവിടെയാണ്‌ സോര്‍ട്ടിംഗും റിക്കാര്‍ഡിംഗും നടന്നിരുന്നതെന്നും അതിനാല്‍ എല്ലാ കാളിന്നും ഇന്‍റ്റര്‍നാഷണല്‍ ചാര്‍ജ്ജാണിട്ടതെന്നും.
നാഷണല്‍ ബാങ്ക്‌ ഓഫ്‌ ഷാര്‍ജയില്‍ പ്രബേഷന്‍ പിരിയേഡില്‍ ജോലി ചെയ്തിരുന്ന എന്റെ ഒരു കൂട്ടുകാരനു ടെര്‍മിനേഷന്‍ നോട്ടീസു കിട്ടി. ഒരു പാടു പേരുടെ പണി പോയി. എന്റെ കമ്പനിയിലെ, ടെലഫോണ്‍ ബില്ലു പ്രോസസിംഗു എന്റെ പണിയായതിനാല്‍ ഞങ്ങള്‍ ഏഴു മലയാളികളും ഒരു തമിഴനും മാനേജ്‌മെണ്ടിനു മുന്‍പേ പേടിച്ചു പേടിച്ചു മുന്‍കൂറായി കുറ്റം സമ്മതിച്ചു. പൈസ ഞങ്ങളുടെ ശമ്പളത്തില്‍ നിന്നു പിടിക്കാന്‍ അപേക്ഷിച്ചു. മലയാളികളല്ലാത്ത മറ്റുള്ളവര്‍ക്കു ഞങ്ങളുടെ റേഡിയോ കേള്‍ക്കലില്‍ അസൂയയുണ്ടായിരുന്നതു കൊണ്ട്‌ അവര്‍ സംഗതിക്കു എരിവു കൂട്ടി. എട്ടു പേരെ ഒന്നിച്ചു ക്യാന്‍സല്‍ ചെയ്താല്‍ കമ്പനി സഹിക്കുമെന്നു മാനേജ്‌മെണ്ടിനു തോന്നിയതിനാല്‍ ശിക്ഷ ബില്ലിലെ തുകയും 10% അധികവുമായി ചുരുങ്ങി. പലരുടേയും ഒരുമാസത്തെയും അതിലധികവും ശമ്പളമാണു പോയത്‌. ഞാന്‍ ആദ്യമായി ഒരാളെ ഫോണിലൂടെ അത്രക്കും സിന്‍സിയറായി മലയാളത്തില്‍ ചീത്തയും തെറിയും വിളിച്ചത്‌ അന്നാണ്‌.
പാവം! ആ മലയാള പ്രക്ഷേപണ നിലയത്തിലെ ടെലിഫോണ്‍ ഓപ്പറേറ്ററെ! (അയാള്‍ പ്രോഗ്രാം ഡയറക്ടറെ ലൈനില്‍ തരാത്തതിനാലാണയാള്‍ക്കു ശ്രോതാക്കളില്‍ നിന്നു നല്ല മലയാളത്തില്‍ ചീത്ത കേട്ടത്‌). അയാള്‍ക്കു എന്നെ കൂടാതെ പലരില്‍ നിന്നും ഈ സമ്മാനം കിട്ടിയതിനാലായിരിക്കാം ആ ടെലിഫോണ്‍ ഓപ്പറേറ്റരും കൂടെ കൗതുക വാര്‍ത്തകള്‍ "വായിക്കുന്നത്‌ രാമചന്ദ്രനും" രാക്കു രാമാനം നാടു പിടിച്ചത്‌. അതിനു ശേഷം ഞങ്ങള്‍ക്കു റേഡിയോ കേള്‍ക്കുന്നതു പോയിട്ടു കാണുന്നതു തന്നെ പേടിയായിരുന്നു. ഞാന്‍ എന്റെ ബന്ധുക്കളോടും കൂട്ടുകാരോടും സമ്പര്‍ക്കമില്ലതെ ആറുമാസം കഴിഞ്ഞു കൂടി. കാരണം അവര്‍ക്കൊക്കെ എന്റെ ഉപദേശം കാരണം ഈ ഫോണ്‍വിളി നടത്തിയതിനു ഗംഭീര ബില്ലു വന്നിരുന്നു. അവസാനം ഇതു മിനിസ്‌ട്രിയിലും മറ്റും സംസാരമായി. ഇത്തിസാലാത്തും മലയാള റേഡിയോ പ്രക്ഷേപണ നിലയവും തമ്മിലെ "കമ്മ്യൂണിക്കേഷണ്‍ എറര്‍" എന്നു കണ്ടെത്തി വര്‍ഷാവസാനം ഇത്തിസാലാത്ത്‌ ഈ സംഖ്യകളെല്ലാം തിരിച്ചു ബില്ലില്‍ ക്രെഡിറ്റു തന്നു. പലര്‍ക്കും ഈ സംഖ്യ തിരിച്ചു കിട്ടി. പക്ഷെ ജോലി നഷ്ടപെട്ടവര്‍, ഫൈനടച്ചവര്‍, മാനേജ്‌മെണ്ടിനു മുന്‍പില്‍ തെറ്റുകാരനായവര്‍ പലരുമുണ്ടായിരുന്നു. അതിനു ശേഷം ഒരു ഫോണിന്‍ പരിപാടിയെന്നു കേട്ടാല്‍ ചെകുത്താനു കുരിശു കാണിച്ച പോലെയായിരുന്നു ഞങ്ങള്‍ക്ക്‌.


സോദരാ
ഒരു നാള്‍ മരുപ്പച്ചകളില്‍ പുക പടരും ,
സിമന്റു കൊട്ടാരങ്ങളില്‍
ഒരു നാള്‍ മണല്‍ക്കാറ്റു വീശും.
അതിനു മുമ്പ്‌ ,
അതിനു മുമ്പ്‌ പ്രിയപ്പെട്ടവരെ റ്റാല്‍ക്കാലികമായ
സുരക്ഷിത സങ്കേതങ്ങളുപേക്ഷീച്ച്‌
ഒരു യാത്ര അനിവാര്യമാണു.

മയ്യിത്തുകള്‍ക്കും ചിലതു പറായാനുണ്ട്.


ചില മയ്യിത്തുകളുടെ മൂക്കീന്നും വായീന്നും രക്തമൊഴുകും. ചിലവയുടെ വയറ്റീന്നു പോകും. കൈകാലുകള്‍ ശക്തിയെടുത്താലും അനക്കാനാവാത്ത മയ്യിത്തുകളുമുണ്ട്. നിങ്ങ പുസ്തകത്തില്‍ വായിച്ചു ചെയ്യുമ്പോലല്ല മയ്യിത്ത് പരിപാലനം. അത് ചെയ്ത് തന്നെ പഠിക്കേണ്ടതാണ്‌. മയ്യിത്തുകള്‍ക്കും ചിലതു പറായാനുണ്ട്.പറയുന്നത് ഇതിനകം നാലായിരത്തിലധികം മയ്യിത്തുകള്‍ പരിപാലിച്ച

ചാലാട് ജുമാഅത്ത് പള്ളിയിലെ ഖാദര്‍ കല്‍ഫ. കഴിഞ്ഞ അറുപത്തിരണ്ടു വര്‍ഷമായി മയ്യിത്തുപരിപാലനം സേവനമാക്കിയ ഖാദര്‍ കല്‍ഫാക്ക് മയ്യിത്തുകളെ പറ്റി പറയുമ്പോഴും പരിപാലിക്കുമ്പോഴും അന്നും ഇന്നും പേടിയില്ല. കോളറ വസൂരി മാറാലികള്‍ നാടിനെ പിടിച്ചു കുലുക്കിയപ്പോഴും ഖാദര്‍ കുലുങ്ങിയിട്ടില്ല. ദിനം പ്രതി മൂന്നെന്ന തോതില്‍ ചാലാട് മഹല്ലിലെ വസൂരി രോഗം ബാധിച്ചു മരിച്ച ശരീരങ്ങള്‍ ഖാസര്‍ മുഖം മൂടിയും കയ്യുറയുമില്ലതെ പരിപാലിച്ചിട്ടുണ്ട്. പിതാവിനെ സഹായിക്കാനിറങ്ങിയ ചെറുപ്രായക്കാരനായ ഖദറിനെ അന്നു ബന്ധുക്കള്‍ വിലക്കി. അവനെകൊണ്ട് രോഗം ബാധിച്ച മയ്യിത്തുകള്‍ കുളിപ്പിക്കേണ്ട. പിതാവ് ബന്ധുക്കളെ സമാധാനിപ്പിച്ചു. ഒന്നും സംഭവിക്കില്ല. തന്റെ പതിനഞ്ചാം വയസ്സില്‍ പിതാവ് കോറോത്ത് അബ്ദുറഹ്മാന്‍ കല്‍ഫയുടെ സഹായിയായാണ് ആദ്യമായി ഖാദര്‍ മയ്യിത്ത് പരിപാലനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഖാദര്‍ കല്‍ഫ മയ്യിത്ത് പരിപാലനം നടത്താന്‍ തുടങ്ങി.
കോളറ വസൂരി കാലങ്ങളില്‍ രണ്ടു മാസത്തിനിടെ മാത്രം നൂറിലധികം മയ്യിത്തുകള്‍ ചാലാട് മഹല്ലില്‍ ഖാദര്‍ കല്‍ഫ കഫന്‍ ചെയ്തിട്ടുണ്ട്. ചില ശരീരങ്ങള്‍ പൊട്ടിയൊലിച്ചിട്ടുണ്ടാകും. ചിലതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടാകും. ഇതൊന്നും കൂസാതെ മയ്യിത്ത് പരിപാലിച്ചത് ഉപ്പയുടെ ധൈര്യത്തിലാണെന്ന് ഖാദര്‍ കല്‍ഫ പറയുന്നു.

മയ്യിത്തു കുളിപ്പിക്കുക കഫന്‍ ചെയ്യുക, മറമാടിയ മയ്യിത്തുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയണ് മയ്യിത്തു പരിപാലനത്തില്‍ പെടുന്നത്. ഇവക്കു വേണ്ടി അന്നുമിന്നു പ്രത്യേക മുന്‍‌കരുതലുകളൊന്നുമെടുക്കാറിലെന്ന് ഖാദര്‍ ഖല്‍ഫ പറയുന്നു. മനസ്സില്‍ നിയത്തും വെച്ച് ഒരിറങ്ങലാണ്‌.
ചൂടുവെള്ളവും പച്ച വെള്ളവും മയ്യിത്തുകള്‍ കുളിപ്പിക്കുന്നതിനു മുറപോലെ ഒഴിക്കും. നിവരാതെ കിടക്കുന്ന മയ്യിത്തുകളൂടെ കൈകാലുകള്‍ നിവര്‍ത്തുവാന്‍ ചൂടുവെള്ള മൊഴിക്കേണ്ടി വരും. നാലായിരത്തിലധികം മയ്യിത്തുകള്‍ നിര്‍‌വികാരനായി പരിപാലിച്ച ഖാദര്‍ പക്ഷേ ഒരു തവണ മയ്യിത്തിനു മുന്നില്‍ പതറി. തന്റെ അനുജന്‍ മുള്ളങ്കണ്ടി പാലത്തിനടുത്ത് കല്‍ഫയായിരുന്ന സൂപ്പിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോഴായിരുന്നു അത്. അന്നു മറ്റുള്ളവരായിരുന്നു മയ്യിത്ത് കുളിപ്പിച്ചത്. ചാലാട് സ്വദേശിയായ ചാത്തോത്ത് അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കല്‍ഫ ഈ എഴുപത്തേഴാം വയസ്സിലും മയ്യിത്ത് പരിപാലനത്തിന്‌ പോകറുണ്ട്. ചാലാട് മഹല്ലിലെ ആയിരത്തിലധികം വീടുകളില്‍ ഇന്നും ഇദ്ദേഹത്തിന്റെ സേവനമെത്തുന്നു. പടന്നപ്പാലം മുതല്‍ പന്നേന്‍പാറ റയില്‍വേ ട്രാക്ക് വരെയും ഒറ്റത്തെങ്ങു വരെയും നീളുന്നതാണ്‌ ഇദ്ദേഹത്തിന്റെ സേവന മേഖല.
കുളിപ്പിക്കാനെത്തുന്ന മയ്യിത്തുകള്‍ ഏതു തരത്തിലുള്ളവയാണെന്ന് പ്രത്യേകിച്ചു നോക്കാറില്ല. അപകട മരണം സന്‍ഭവിച്ചവയുണ്ട്. രോഗം ബാധിച്ചവയുണ്ട്. അകാലമരണം സംഭവിച്ചവയുണ്ട്. ആത്മഹത്യ ചെയ്തവയുണ്ട്. ഇവക്കിടയിലും മുഖത്ത് പുഞ്ചിരിതൂകുന്ന മയ്യിത്തുമുണ്ട്. പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തോടെ ഖാദര്‍ കല്‍ഫ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും മഗ്‌ഫിറത്ത് നല്‍കണേ നാഥാ....