Thursday, October 29, 2009

--- ആദിപാപങ്ങള്‍ ----

അനുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ വലത്തോട്ട്.ഒടുവില്‍ ചിനച്ചുകൊണ്ട് ഒരുവശത്തേക്ക് മറിയും.കടിഞ്ഞാണ്‍ നഷ്ടപ്പെട്ടവന്‍ ഒരു കുട്ടിയായിരുന്നു.കാലുകുത്താന്‍ വെപ്രാളത്തോടെ വൃഥാ ശ്രമിക്കുമ്പോള്‍ അവന്റെ വായില്‍ വലിയൊരു നിലവിളി തികട്ടിവന്നു.പക്ഷേ പുറത്തേക്ക് കേട്ടില്ല.നിലത്ത് വീണുകിടക്കുമ്പോള്‍ എവിടൊക്കെയൊ വേദനിച്ചെങ്കിലും അവനത് വിഴുങ്ങി.ആരെങ്കിലും കാണുന്നുണ്ടോയെന്ന് പേടിയോടെ നോക്കി.അരികെ അപ്പോള്‍ ഒരു കുഞ്ഞുസൈക്കിളിന്റെ ചക്രശ്വാസം കേട്ടു.

ജീവിതത്തിലെ ആദ്യപാപത്തിന്റെ ശിക്ഷയായിരുന്നു അത്.ആരും കാണാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചവരെല്ലാം അനുഭവിച്ച ആദ്യപാഠം.കാലം ഉണക്കിയ കറുത്തപാടായി ശരീരത്തിലെവിടെയോ അതിന്നും ഉണ്ടാകും.അന്നത്തെ വീഴ്ചയുടെ സൈക്കിള്‍പാട്.തൊട്ടുനോക്കിയാലറിയാം അതേ തീവ്രതയോടെ ആ നീറ്റല്‍.അപ്പോള്‍ മനസ്സില്‍ നിന്ന് നീരൊലിക്കും. സൈക്കിളില്‍ നിന്ന് വീണവന്റെ ചിരി ചുണ്ടിലുണ്ടാകും

അരുതുകളുടെ നിഷേധം അഞ്ചോ ആറോ വയസ്സില്‍ ഉപ്പയും ഉമ്മയും അറിയാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതില്‍ നിന്ന് തുടങ്ങുന്നു.വലുതാകാനുള്ള ആഗ്രഹത്തിന്റെ ആദ്യത്തെചവിട്ടുപടിയാണ് സൈക്കിള്‍പെഡലുകള്‍.സ്വന്തംകാലില്‍, സൈക്കിള്‍ നില്‍ക്കാതെ പറപ്പിക്കുന്ന ദിവസമായിരുന്നു പണ്ട് ബാല്യത്തിന്റെ രാത്രിസ്വപ്‌നങ്ങളില്‍ നിറഞ്ഞത്.ബാലന്‍സ് ലഭിക്കുന്നത് പ്രായത്തിനുകൂടിയാണെന്ന വിചാരം രണ്ടുകൈയും വിട്ടുള്ള നീക്കത്തിന് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു.

നാട്ടിന്‍പുറം സൈക്കിളുകളാല്‍ സമൃദ്ധമായ കാലമായിരുന്നു അത്.ഇടവഴിയില്‍ മിണ്ടുന്ന പൂച്ചയെപ്പോലെ സൈക്കിള്‍ മണികിലുക്കി നടന്നു.ചലിക്കുന്ന ഈ കളിപ്പാട്ടം കുട്ടിക്കാലത്തിന്റെ ഏറ്റവും വലിയ കൗതുകമായി.ഏറ്റവും വലിയ വാടകവസ്തുവും അന്ന് സൈക്കിള്‍ തന്നെ.സ്‌കൂളിലേക്കുള്ള വഴിയില്‍ ഉല്ലാസകേന്ദ്രത്തിലെ കുതിരകള്‍കണക്കെ കുഞ്ഞുവാടകസൈക്കിളുകള്‍ വിശ്രമിച്ചു.ചുവന്നനിറമായിരുന്നു പലതിനും.തലമുറകളുടെ ചവിട്ടേറ്റ് അവയ്ക്ക് അകാലവാര്‍ദ്ധക്യംബാധിച്ചിരുന്നു.അനങ്ങുമ്പോള്‍ കറകറ ശബ്ദം കേള്‍ക്കും.ഹാന്‍ഡില്‍ കാണുമ്പോള്‍ അപ്പൂപ്പന്റെ പല്ലുകളെ ഓര്‍ത്തു.കുതിരക്കാരനെപ്പോലെ പ്രായമേറിയ ഒരാള്‍ വാടകസൈക്കിളുകള്‍ക്കരികെയിരുന്ന് ഉറക്കം തൂങ്ങി.

വലിയവരുടെ സൈക്കിള്‍ പച്ചനിറത്തില്‍ നന്നേ മുതിര്‍ന്നതായിരുന്നു.കരുതലിന്റേയും ആധിയുടേയും സ്വരങ്ങളാണ് സൈക്കിള്‍ചവിട്ടരുതെന്ന മുന്നറിയിപ്പുകളില്‍ കേട്ടത്.അതുകൊണ്ട് തൊടാന്‍തന്നെ പേടിച്ചു.ഹെര്‍ക്കുലീസ് എന്ന പേരില്‍ ചിത്രകഥകളിലെ വില്ലന്റെ ഛായനിറഞ്ഞുനിന്നു.അവയുടെ ചക്രങ്ങളില്‍ കറങ്ങുന്ന പൂക്കള്‍ ഉണ്ടായിരുന്നു.അതിന്റെ നിറങ്ങള്‍ എന്നെങ്കിലും കാല്‍ക്കീഴിലാകുമെന്ന ആത്മവിശ്വാസവും അരുതായ്മയിലേക്ക് അകമ്പടിയായി.
അന്ന് ഒരു അവധിദിവസമായിരുന്നിരിക്കണം.മനസ്സില്‍ അടക്കിവച്ചിരുന്ന ആഗ്രഹം നടപ്പാക്കാന്‍ തീരുമാനിച്ച നാള്‍.സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ തീരുമാനിച്ചവരെല്ലാം മൂന്നുമണിനേരങ്ങളാണ് തിരഞ്ഞെടുത്തത്.നാട്ടുവഴികളും ഉച്ചമയക്കത്തിലാകും.എതിരേ വണ്ടികള്‍ വരില്ല.വീണാലും ആരും കാണില്ല.ഭയത്തോടെ കവലയിലേക്ക് നടക്കുമ്പോള്‍ കൂട്ടുകാരനൊപ്പം കൈയിലുള്ളത് ഒരു അമ്പതുപൈസ.അതില്‍ കുടുക്കയിലെ പൊടിയുണ്ടാകും. .

വാടകസൈക്കിളില്‍ ആദ്യമായിതൊട്ടപ്പോള്‍ കൈവിറച്ചു.ആദ്യസ്​പര്‍ശനങ്ങളെല്ലാം വിറയാര്‍ന്നതാണെന്ന് അന്നറിഞ്ഞില്ല.സൈക്കിള്‍ തരുമ്പോള്‍ സൂക്ഷിപ്പുകാരന്‍ കൈയിലെ പുരാതനമായ വാച്ചിലേക്ക് നോക്കി.കൈയിലെ അമ്പതുപൈസയുടെ വില ഒരുമണിക്കൂറാണ് .സമ്മര്‍ദ്ദം ഹൃദയത്തിന്റെ ട്യൂബുകളില്‍ നിറഞ്ഞു.ചവിട്ടിത്തുടങ്ങിയപ്പോള്‍ സൈക്കിള്‍ തുടക്കക്കാരോട് കാട്ടുന്ന സ്വഭാവം പുറത്തെടുത്തു.ഇടഞ്ഞോടി.കൂട്ടുകാരന്റെ കൈത്താങ്ങാണ് ബലം.ആദ്യ ദിവസത്തെ അദ്ധ്വാനം കഴിഞ്ഞ് വീട്ടില്‍ചെല്ലുമ്പോള്‍ ആരൊക്കെയോ ആയ ഭാവമായിരുന്നു.പിന്നീടുള്ള ദിവസങ്ങളില്‍ കൂട്ടുകാരന്‍ 'കൈവിടും'.ഒറ്റയ്ക്കുള്ള കന്നിപ്പാച്ചിലില്‍ എതിരെയുള്ള മരങ്ങളും മനുഷ്യരും പീടികകളും 'മൈഡിയര്‍ കുട്ടിച്ചാത്ത'നിലെപ്പോലെ കണ്ണിനുനേര്‍ക്ക് പാഞ്ഞുവരുന്നതുപോലെ തോന്നും.ഒടുവില്‍ വലതുകാല്‍ നിലത്തുകുത്തി,ഇടതുകാലില്‍ തൊങ്കിത്തൊങ്കി,വീണ്ടും വലതുകാല്‍ പൊക്കി,വായുവിലൊരു അര്‍ദ്ധവൃത്തംവരച്ച് സൈക്കിള്‍തണ്ടിനുമുകളിലൂടെ വലതുപെഡലില്‍ പൂര്‍ണ്ണമാകുന്ന അവസാനഅടവും അഭ്യസിക്കുന്നതോടെ സൈക്കിള്‍ വരുതിയിലാകും.

..

'...ചവിട്ടാന്‍ നേരം കണ്ണുതള്ളുന്നു.ബ്രേക്കുപോലും പിടിക്കാനാവാതെ റോഡിലെകുഴിയിലേക്ക് വീഴുന്നുവെന്നുറപ്പായി.എന്റെ വലംകൈ പ്ലാസ്റ്ററിട്ട് കഴുത്തില്‍ കെട്ടിയിട്ട് നടക്കുന്ന ആ അവധിക്കാലം ഒരു നിമിഷം ഞാന്‍മുന്നില്‍ കണ്ടു.കാലൊടിയുന്നതും കണ്ടു.നട്ടെല്ലൊടിഞ്ഞ് എക്കാലവും രോഗിയായി കിടക്കുന്നതും കണ്ടു.പക്ഷെ,ആ ഒരു നിമിഷം!ഞാനെന്റെ ആഗ്രഹങ്ങളുടെ ആവേശമത്രയും കോരിയെടുത്ത് സൈക്കിളിനെ ചുംബിക്കുകയായിരുന്നിരിക്കണം.സൈക്കിളെനിക്ക് വഴങ്ങി.സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചിരിക്കുന്നുവെന്ന വലിയ സത്യം.വിലക്കുകളുടെ കടുത്ത മുള്ളുവേലി തകര്‍ത്ത് ഞാനൊരു കൊട്ടാരം കീഴടക്കിയിരിക്കുന്നു.ഇരുട്ട് ഒരു ലഹരിയോടെ എന്നെ തൊട്ടു.'(സ്‌നേഹിതനേ..സ്‌നേഹിതനേ...)

പിന്നീടുള്ള വരികള്‍ക്കൊടുവില്‍ 'ജീവിതത്തില്‍ ഞാനേറ്റവുമധികം ആഗ്രഹിച്ചിട്ടുള്ളത് ഒരു സൈക്കിളാണ്....ജീവിതത്തില്‍ ഏറ്റവും ആനന്ദം തന്നത് ഒരു സൈക്കിളാണെങ്കിലും എനിക്കിപ്പോഴും സ്വന്തമായി ഒരു സൈക്കിളില്ല....'എന്നു സങ്കടപ്പെട്ട കൂട്ടുകാരിക്കുവേണ്ടി സൈക്കിള്‍ചിത്രമുള്ള പിറന്നാള്‍ കാര്‍ഡുതേടി ത്തെരുവു മുഴുവന്‍ അലഞ്ഞപ്പോഴും അരികെ കേട്ടു ഒന്നിലധികം മണിയൊച്ചകള്‍.
ഭാഗ്യക്കുറിക്കച്ചവടക്കാരുടെ വാഹനമായിരുന്നു പണ്ട് സൈക്കിളുകള്‍.നാളെയാണ്..നാളെ...നാളെ...എന്നു ശബ്ദിച്ച വാഹനങ്ങള്‍.അവയിലേറ്റി കാലം നമ്മെ നാളെകളിലെത്തിച്ചു.സൈക്കിള്‍ ഇന്നലെകളിലേക്ക് ഓടിപ്പോയി.ഒരു വീഴ്ചയില്‍ തുടങ്ങിയ ധിക്കാരങ്ങള്‍ ചുണ്ടിലെ തീയായിപ്പടര്‍ന്നു.സൈക്കിളിന്റെ കുളമ്പടിപോലെ കൊതിപ്പിച്ച ഒന്നായിരുന്നു ബീഡിയുടെ ചുവന്നപൊട്ട്. കണ്ണാടിയില്‍ മീശയുടെ കറുപ്പ് കണ്ടുതുടങ്ങിയ സമയമായിരുന്നു അത്.ദാവണിയുടുത്തവരേയും പട്ടുപാവാടയിട്ടവരേയും കാണുമ്പോള്‍ മനസ്സ് കല്ലുവീണകുളം പോലെ ഇളകിയിരുന്ന നാളുകള്‍.കൗമാരത്തിന്റെ കനല്‍ എരിഞ്ഞുതുടങ്ങിയത് ആദ്യമായി ബീഡിവലിച്ചപ്പോഴാണ്.കടലാസ് ചുരുട്ടിക്കത്തിച്ച കുട്ടിക്കളിക്ക് അന്നേരം കാര്യത്തിന്റെ ചൂടുണ്ടായി.ആളിപ്പടരാന്‍ ആഗ്രഹിച്ചവര്‍ രണ്ടാമത്തെ പാപത്തിന് തീകൊളുത്തിയതും ആരും കാണാതെയാണ്.തട്ടിന്‍പുറമോ,കക്കൂസോ നിശബ്ദസാക്ഷികളായി നിന്നു.അടുപ്പിനരികെനിന്ന് ചുമയ്ക്കുന്നതുപോലൊരു ശബ്ദം ആദ്യം വെളിയില്‍ വന്നു.മൂക്കും വായും പുകക്കുഴലുകളായി.ഊണിനിടെ ചോറുതൊണ്ടയില്‍കെട്ടിയപോലൊരു അനുഭവം.

തലയില്‍ തട്ടിത്തരാന്‍ ആരുമുണ്ടായില്ല...മണം പിടിച്ചുവന്നവര്‍ ചെവിയ്ക്ക് പിടിച്ചു.മൂക്കിലൂടെ പുകവിടാന്‍ പഠിക്കുന്നതോടെ പുകവലിയിലെ അവസാനതന്ത്രവും ചുണ്ടിലാകുന്നു.
പൂക്കള്‍ വിരിയുന്ന ഉടയാടകളും കാതില്‍ വളയവുമായി നടന്നു വന്ന പെണ്‍കുട്ടികളായിരുന്നു അതുവരെയുള്ള മുന്തിയ ലഹരി.പക്ഷേ വിലക്കപ്പെട്ട വസ്തുക്കളില്‍ ഏറ്റവും വീര്യമേറിയതിനെ ഏറെപ്പേരും പരിചയിച്ചത് .

..

അന്നൊക്കെ ക്ലാസ്സില്‍ കയറാതെയുള്ള സഞ്ചാരം തീയറ്ററുകളില്‍ അവസാനിച്ചു. ഉച്ചപ്പടങ്ങളുണ്ടായത് അങ്ങനെയാണ്.കണ്ണൂരില്‍ പ്രഭാതും പഴയങാടിയില്‍ പ്രതിഭയും പുതിയങാടിയില്‍ സ്റ്റാറും കാതരകളായി കാത്തിരുന്നു.ആദ്യമായി കാണാന്‍പോയവര്‍ ഇടവേളയ്ക്കുതൊട്ടുമുന്നിലെ തുണ്ട് വീണ്ടുമുണ്ടാകുമെന്ന പ്രതീക്ഷയില്‍ അവസാനം വരെ കാത്തു.പാതിയില്‍ ഇറങ്ങിപ്പോകുന്നവരെ അത്ഭുതത്തോടെ നോക്കി.പക്ഷേ അവര്‍ പതിവുകാരായിരുന്നു.അവര്‍ക്കറിയാം ഇനിയൊന്നുമില്ലെന്ന്.അവസാനവെളിച്ചം വീഴുന്നത് പല പരിചിത മുഖങ്ങളിലേക്കാകുമെന്നും.

വി.സി.ആര്‍ എന്ന കാഴ്ചപ്പെട്ടിയില്‍ നീലക്കാസറ്റുകള്‍ കണ്ടു.വീട്ടില്‍ ആരുമില്ലാത്തദിവസം അടക്കിപ്പിടിച്ച നിശ്വാസങ്ങളോടെ കുറേപ്പേര്‍ പൊട്ടാനൊരുങ്ങിയ അമിട്ടുകുറ്റികളായി.
ജീവിതം പിന്നെ എന്തെല്ലാം കാട്ടിത്തന്നു.പിന്നീടുള്ള അനുഭവങ്ങള്‍ ഇങ്ങനെ സമാധാനിപ്പിക്കുന്നു..പണ്ട് ചെയ്തതൊന്നും പാപങ്ങളേയല്ല...