Saturday, July 20, 2013

ഓര്‍ത്തുനോക്കുമ്പോള്‍.....

നാണത്തില്‍ ആകെ തുടുത്ത് നില്‍ക്കുകയാകും ഷീല. നസീറിന്റെ വിരല്‍ തൊട്ടാലുടന്‍ കൂമ്പാന്‍ കണക്കെ. മാറത്ത് ഒരു പ്രകാശശരം തറയ്ക്കുന്നത് അപ്പോഴാകും. ഓലക്കൊട്ടകയുടെ ദ്രവിച്ച മേല്‍ക്കൂരയ്ക്കിടയിലൂടെ നൂണ്‍ഷോ ഒളിച്ചു കാണുന്ന സൂര്യന്‍. നയനമനോഹരമായ വെള്ളിത്തിരയില്‍ നിറയെ വെളിച്ചത്തുണ്ടുകള്‍. കൊട്ടകകള്‍ക്ക് ബീഡിപ്പുകയുടെ മണമായിരുന്നു. കപ്പലണ്ടിക്കടലാസുകളുടെ പക്ഷികള്‍ പാറിപ്പറന്ന കൂരകള്‍. തലമുറകള്‍ ഇവിടത്തെ തറകളിലിരുന്ന് മായക്കാഴ്ചകള്‍ കണ്ടുവളര്‍ന്നു. ഞെളിപിരികള്‍ ഏറ്റുവാങ്ങിയ ബെഞ്ചുകള്‍, ചൂരല്‍ക്കസേരകള്‍... മൂട്ടപോലെ ഇന്നും മനസ്സിലേക്ക് മിന്തിക്കയറുന്ന അനുഭവമാണത്. ഉദയായുടെ പൂവന്‍കോഴി കൂവിനിന്നതും പരീക്കുട്ടി പാടിയലഞ്ഞതും ജയന്‍ ഹെലികോപ്റ്ററിനൊപ്പം ചിറകറ്റുവീണതും ഓലക്കൊട്ടകകളിലെ വെള്ളത്തുണികളിലായിരുന്നു. കണ്ടം ബെച്ച തിരശ്ശീലകള്‍. തുന്നിച്ചേര്‍ത്ത തുണിക്കഷ്ണങ്ങളുടെ ദീര്‍ഘചതുരങ്ങള്‍ ചിലപ്പോള്‍ ജയഭാരതിയുടെ ചന്ദനനിറമുള്ള വയറ്റത്ത്. ഗോവിന്ദന്‍കുട്ടിയുടെ ചെങ്കണ്ണുകള്‍ക്ക് താഴെ കവിളത്ത്.

കൊട്ടകകള്‍ ഉറക്കെ പാടുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഗ്രാമത്തിനുമുഴുവന്‍ കേള്‍ക്കാനായി യേശുദാസും ജാനകിയും ഡ്യുവറ്റുമായി കോളാമ്പികളിലൂടെ പുറത്തേക്കിറങ്ങി വരും. സെക്കന്റ് ഷോയ്ക്ക് പാട്ടുവയ്ക്കുന്നതായിരുന്നു ഒരു ദിവസമൊടുങ്ങുന്നതിന്റെ അടയാളം. കടകള്‍ക്കുമുന്നില്‍ പലകകകള്‍ വീഴും. വരമ്പിലൂടെ ടോര്‍ച്ച് വെളിച്ചങ്ങള്‍ മിന്നിമിന്നിപ്പോകും. പാട്ട് നേര്‍ത്തുവരുമ്പോള്‍ അത്താഴം കഴിഞ്ഞ് മുറ്റത്തുലാത്തുന്ന മുതിര്‍ന്നവര്‍ പറയും: 'അകത്തേക്കെടുത്തു'.

വര്‍ഷങ്ങള്‍ക്കുമുമ്പ് അവധിക്കു വന്നപ്പോള്‍ സിനിമാക്കൊട്ടകയില്‍ക്കയറി പൊന്നാപുരം കോട്ട കണ്ടവര്‍ ഇന്ന് തിരിച്ചുവരികയാണെങ്കില്‍ കുളമ്പടികള്‍ കേള്‍ക്കില്ല. കൊട്ടകകള്‍ കൊപ്രാക്കളങ്ങളായിക്കഴിഞ്ഞു. അല്ലെങ്കില്‍ കല്യാണഹാളുകള്‍. കാലവര്‍ഷത്തില്‍ ഓലനാരുകള്‍ പോലെ അഴുകിയകന്ന ഓര്‍മ്മ. നാട്ടുവഴികളിലൂടെ സിനിമാനോട്ടീസ് വിതറിനീങ്ങിയ വണ്ടികളും ഇന്നില്ല. ചരിത്രത്തിലേക്ക് ഓടിമറഞ്ഞ രണ്ടു വാക്കുകള്‍. നയനമനോഹരമായ വെള്ളിത്തിര. ശേഷം സ്‌ക്രീനില്‍. പത്തുവര്‍ഷത്തിനുശേഷം നാട്ടിലെത്തുന്ന മറുനാടന്‍ മലയാളിക്ക് നഷ്ടമായ കാഴ്ചകള്‍ ഇനിയുമുണ്ട്. കൈവീശി യാത്രയായപ്പോള്‍ കണ്‍മുന്നിലുണ്ടായിരുന്നതും മടങ്ങിവരുമ്പോള്‍ മറഞ്ഞുപോയതുമായ ചിലത്. ഒരു ദശകത്തിനിടെ ഇല്ലാതായ കൗതുകങ്ങള്‍.

ഓര്‍മ്മകളില്‍ തീവണ്ടിയുടെ നിറമെന്താണ്? തുരുമ്പുപോലുള്ള ചായവുമായി ഒരു ചൂളംവിളി. ഇടയ്ക്ക് പുലികളിക്കാരന്റെ മഞ്ഞവരകള്‍. ലോകത്ത് ആ നിറത്തില്‍ കാണാനാകുമായിരുന്ന ഏക വസ്തു നമ്മുടെ തീവണ്ടികള്‍ മാത്രമായിരുന്നു.
നമ്പര്‍ ട്വന്റി മദ്രാസ് മെയിലില്‍ 'ഐ ആം ടോണി കുരിശിങ്കല്‍... ടോണി കുരിശിങ്കല്‍' എന്ന് മോഹന്‍ലാല്‍ മമ്മൂട്ടിയോട് പറയുന്നത് ഇത്തരമൊരു തീവണ്ടിക്കൂപ്പെയിലിരുന്നാണ്. പഴയ തീവണ്ടിയെ അതിന്റെ എല്ലാവിധ ചന്തങ്ങളോടെയുീം ഈ സിനിമയില്‍ കാണാം. ഫ്രെയിമുകളിലുടനീളം പടര്‍ന്നോടുന്ന തുരുമ്പുനിറം. സല്ലാപത്തിലെ പാട്ടുകളില്‍ പാലക്കാടന്‍ പാളങ്ങളിലൂടെ തലങ്ങും വിലങ്ങും കൂവിപ്പായുന്നതും ഈ വണ്ടി തന്നെ. പക്ഷേ ബാലേട്ടനില്‍ അച്ഛനെയോര്‍ത്ത് ലാല്‍ കരയാന്‍ തുടങ്ങുമ്പോള്‍ ഒറ്റപ്പാലത്തെ പതിവു ലൊക്കേഷനായ മങ്കരവീടിനു മുന്നിലൂടെ പാഞ്ഞുപോകുന്ന തീവണ്ടിക്ക് നീലനിറമാണ്. കാലമടിച്ച പുതിയ ചായം.
പണ്ട് ഗള്‍ഫുകാരുടെ വണ്ടി ജയന്തി ജനതയായിരുന്നു. പ്രവാസ സ്വപ്‌നങ്ങളെ ടേക്ക് ഓഫിനായി മുംബൈ വരെയെത്തിച്ച നിത്യഹരിതനായിക. പോയപ്പോള്‍ യാത്രചെയ്ത ജയന്തിയില്‍ ഇനിയൊരിക്കലും മടങ്ങിവരാനാകില്ല. അവളും തനിനിറം ഉപേക്ഷിച്ചുകഴിഞ്ഞു.

തീവണ്ടികള്‍ നിറംമാറിയപ്പോള്‍ ബസ്സിനുള്ളില്‍ സംഭവിച്ചത് രൂപപരിണാമമാണ്. കണ്ടക്ടര്‍ ചെറിയ കീബോര്‍ഡുപോലെ കൊണ്ടുനടന്നിരുന്ന ആ നീളന്‍ തടിയുപകരണം അന്ത്യയാത്രയായി. ഇപ്പോള്‍ വിരലൊന്നു ഞെക്കിയാല്‍ ടിക്കറ്റു ചാടുന്ന ഇത്തിരിക്കുഞ്ഞന്‍ യന്ത്രമാണ് നാടിന്റെ ഫെയര്‍‌സ്റ്റേജ് നിശ്ചയിക്കുന്നത്. നമുക്കൊപ്പമുള്ള യാത്രക്കിടെ എവിടെയോ ഇറങ്ങിപ്പോയ ടിക്കറ്റ് റാക്കുകള്‍. ഇരുഭാഗത്തും വെള്ളിനിറത്തില്‍ വിരലുകള്‍ പോലെ വളഞ്ഞുനില്‍ക്കുന്ന തകിടുകളായിരുന്ന റാക്കുകളുടെ ഭംഗി. എങ്ങോട്ടേക്കുള്ള ടിക്കറ്റിനെയും അവ ആലിംഗനത്തിലൊതുക്കും. കണ്ടക്ടര്‍ വലിച്ചെടുക്കാന്‍ നോക്കിയാലും ചിലപ്പോള്‍ ഇഷ്ടം കൊണ്ട് ടിക്കറ്റിനെ പിടിച്ചുവയ്ക്കും. തനിക്ക് പാതി യാത്രക്കാരന് പാതി.
റാക്കുകളുടെ തഴമ്പുണ്ടാകും പഴയ കണ്ടക്ടര്‍മാരുടെ കൈകള്‍ക്ക്. അവര്‍ ദീര്‍ഘദൂര യാത്രക്കുള്ള കണക്ഷന്‍ ടിക്കറ്റുകള്‍ മുറിച്ചുനല്‍കുന്നത് ഒരു കാഴ്ചയായിരുന്നു. സീറ്റിന്റെ മുകള്‍ കമ്പിയില്‍ ചാരി ആദ്യമൊരു ടിക്കറ്റെടുത്ത് ഇടംകൈയുടെ തള്ളവിരല്‍ കൊണ്ട് ഉറപ്പിച്ചു പിടിച്ച് പിന്നെ റാക്ക് പ്രത്യേക താളത്തില്‍ മറിച്ചെടുത്ത് തുപ്പല്‍ നനവ് കൊടുത്ത് മറ്റൊരെണ്ണമെടുത്ത്...

ബസ്സിനു നടുവിലെ വഴിയരികിലിരിക്കുന്ന യാത്രക്കാര്‍ക്കും ഇപ്പോള്‍ പേടിവേണ്ട. റാക്കുകള്‍ തട്ടിയും മുട്ടിയും രസിച്ചിരുന്നത് ഇവരെയായിരുന്നു. അതിലെ മുള്ളാണികള്‍ നുള്ളി നോവിച്ചത് എത്രയോ യാത്രികരുടെ കുപ്പായങ്ങളെയാണ്. നോക്കിയയുടെ ആദ്യകാല മൊബൈല്‍ ഫോണുകളുടെ വലിപ്പത്തില്‍ കണ്ടക്ടറുടെ കഴുത്തില്‍ കിടക്കുന്ന ആധുനികന്‍ ആരെയും തൊടാനും പിടിക്കാനും പോകാത്ത ജന്റില്‍മാന്‍. വലിയ ടിക്കറ്റുകള്‍ക്കായി മറുപുറം തേടുകയും വേണ്ട. കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ വിരല്‍തുമ്പില്‍. കാലമെപ്പോഴും ഇങ്ങനെയാണ്. നമ്മളില്‍നിന്ന് എന്തെങ്കിലുമൊക്കെ കെടുത്തിക്കളഞ്ഞുകൊണ്ടിരിക്കും. രണ്ടായിരം ജൂണിലെ ഒരു കോടതി ഉത്തരവോടെ അണഞ്ഞുപോയത് മലയാളിയുടെ ചുണ്ടോടു ചേര്‍ന്നെരിഞ്ഞിരുന്ന ചില തീപ്പൊരികളായിരുന്നു. പുകവലിക്കാന്‍ തീ നല്‍കരുതെന്ന് കോടതി പറഞ്ഞപ്പോള്‍ മുറുക്കാന്‍ കടക്കാര്‍ തീയണച്ച് ബോര്‍ഡ് വെച്ചു. ദയവായി തീ ചോദിക്കരുത്. ചുണ്ണാമ്പുപാത്രത്തിനരികെ ഒരറ്റം ചുവന്ന് തൂങ്ങിനിന്ന ആ കയര്‍ ഒരു ശീലത്തെ ജ്വലിപ്പിച്ചതില്‍ പ്രധാനിയായിരുന്നു. ചുംബിക്കാനാനെന്നോണം എത്ര അരുമയായാണ് വലിയന്മാര്‍ അതിനെ ചുണ്ടോടുചേര്‍ത്തിരുന്നത്. സിരകളില്‍ തീ പടര്‍ത്താന്‍ പിന്നെയുമുണ്ടായിരുന്നില്ലേ നാടന്‍ ഉപകരണങ്ങള്‍. ഒഴിഞ്ഞ തീപ്പെട്ടിക്കൂടും കുറെ കൊള്ളികളും. ഒരു ചിമ്മിനിവിളക്കും ഒരേ അളവില്‍ മുറിച്ച സിഗരറ്റുകവറിന്‍ കഷ്ണങ്ങളും... ചുവപ്പിലും പച്ചയിലും മഞ്ഞയിലുമായി നൂലില്‍ ഞാന്നുകിടക്കുന്ന ഗ്യാസ്‌ലൈറ്റര്‍... ഇവയൊക്കെ ഗ്രാമ്യതയുടെ ചിഹ്നങ്ങളായിരനു്‌നു. ഇനിയൊരിക്കലും കാണാന്‍ പറ്റില്ലവയെ. ചെറിയ വലിയ നഷ്ടങ്ങള്‍. പോയകാലത്തേക്കുള്ള പ്രകാശബിന്ദുക്കള്‍. ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്ന സുഖമുള്ള ഓര്‍മ്മകള്‍.
2
പച്ചപ്പാടത്തിന് നടുവിലൂടെയോ മാമരങ്ങളെത്തൊട്ട് വളഞ്ഞുപുളഞ്ഞുനീളുന്ന ടാര്‍വഴികളിലൂടെയോ ഓടിവരുന്ന ബസ്സ് വെറുമൊരു ശകടം മാത്രമല്ലായിരുന്നു. നാടിന്റെ നാഴികമണി. പലതിലേക്കുമുള്ള പാലം. എല്ലാ വീട്ടിലും പരിചയക്കാരുള്ള വിരുന്നുകാരന്‍. ബസ്സിന്റെ യാത്ര മനസ്സുകളിലൂടെയായിരുന്നു. വാഹനപ്പെരുക്കത്തിനും മുമ്പാണ്. നാട്ടിന്‍പുറത്തിന്റേതായി ഒരു ബസ്സുണ്ടായിരുന്നു. അതായിരുന്നു ആ പ്രദേശത്തിന്റെ മുഴുവന്‍ ജീവിതത്തെ മുന്നോട്ട് നയിച്ചിരുന്നത്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലുള്ളതു പോലൊരു പതിവ് ദൃശ്യം. പുലര്‍ച്ചക്കോഴി കൂവുന്നതിനൊപ്പം ആദ്യ ബസ്സുപോകും. കഞ്ഞികുടിക്കാന്‍ കൈകഴുകുമ്പോഴാകും ആ ഇരമ്പല്‍ കേള്‍ക്കുക. അവസാനത്തെ ബസ്സ് വരുന്നു. ബസ്സിന്റെ ബെല്ലുകള്‍ക്കൊപ്പം ചലിച്ചിരുന്നു നമ്മള്‍, പണ്ട്. ബസ്സിന്റെ സമയമായിരുന്നു നാടിന്റെ ഘടികാരം. ആദ്യ ബസ്സുപോകുമ്പോള്‍ ഒരു കോട്ടുവാ വിടരുന്നു. പകലിന്റെ മൂരിനിവര്‍ക്കല്‍. നട്ടുച്ചയുടെ ബസ്സ് ചോറ്റുപാത്രങ്ങളെ ഉണര്‍ത്തും. പാടത്തും കടയിലും പണിയെടുക്കുന്ന വീട്ടുകാരനുവേണ്ടി ധൃതിയോടെ പാത്രം തുടച്ചോടുന്ന വീട്ടമ്മമാര്‍ക്കുള്ള അടയാളം. നാലുമണിയുടേത് സ്‌കൂള്‍ വിടാറായി എന്ന ഓര്‍മ്മപ്പെടുത്തലാണ്. അങ്ങളെ പ്ലാവിലക്കുമ്പിളില്‍ വറ്റുകള്‍ നിറയും വരെ ബസ്സ് നമുക്കിടയിലൂടെ ഓടിക്കൊണ്ടേയിരുന്നു.

ബസ്സിന് പല ഭാവങ്ങളുണ്ട്. യാത്രികരില്‍ നിന്ന് പകര്‍ന്നത്. രാവിലെ കുളിച്ചീറനായുള്ള ആദ്യയാത്രയില്‍ അതിന് മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും മണമുണ്ടാകും. നഗരത്തിലേക്ക് പോകുന്നവരുടെ നവോന്മേഷം. അത്തറിലും വാട്ടിയ വാഴയിലയിലും നിന്ന് പരക്കുന്ന കൊതി. തീരദേശങ്ങളില്‍ ബസ്സ് രാവിലെ തന്നെ മത്സ്യഗന്ധിയാകും. കലപിലകള്‍. കശപിശകള്‍.ഉച്ചയൂണിനൊതുക്കുന്ന വണ്ടിയില്‍നിന്ന് വിയര്‍പ്പൊലിക്കുന്നുണ്ടാകും. പെന്‍ഷന്‍തുകയോ നേന്ത്രക്കുല വിറ്റുകിട്ടുന്ന കാശോ നിറച്ച മടിശ്ശീലകള്‍ കാണാമിതില്‍. മുറുക്കാന്‍ കടയില്‍നിന്ന് മുഷിഞ്ഞനോട്ടാലൊരു നാരങ്ങാവെള്ളം. അല്ലെങ്കിലൊരു മുറുക്കാന്‍. ഉച്ചതിരിഞ്ഞുള്ള വണ്ടിയില്‍ വരുന്നത് വിരുന്നുകാരാകും. അവരെ കാത്തെന്നോണം അടുപ്പുകളില്‍ ചായക്കലങ്ങള്‍ തിളയ്്ക്കുന്നുണ്ടാകും. ചെളിപുരണ്ട സ്‌കൂള്‍ കുപ്പായങ്ങളെപ്പോലെ ബസ്സപ്പോള്‍ മുഷിയാന്‍ തുടങ്ങിയിരിക്കും.

സന്ധ്യയ്ക്ക് അത് വന്നുനില്‍ക്കുന്നത് ആകുലതകള്‍ക്കുമേല്‍ വെളിച്ചമിട്ടുകൊണ്ടാണ്. തിരക്കോടെ ഇറങ്ങി വീടുതേടി ഓടുന്നവര്‍. ടോര്‍ച്ചുമായി കാത്തുനില്‍ക്കുന്ന അച്ഛനൊപ്പം നീങ്ങുന്ന ഒരു പെണ്‍കുട്ടി. അവസാനത്തെ ബസ്സ് ആടിക്കുഴഞ്ഞായിരിക്കും വരിക. അതില്‍ 'ഴ'കാരത്തിലുള്ള പാട്ടുണ്ടാകും. കപ്പലണ്ടിയുടെ നനുത്ത പുറന്തോടുകളും കീറിയ സിനിമാടിക്കറ്റുകളും വീണുകിടക്കും.അരുമയായിരുന്നു അവള്‍. മിക്കവാറും എല്ലാ ബസ്സുകള്‍ക്കും ഒരു പെണ്‍പേരാകും. പത്മപ്രിയയെന്ന നായിക പ്രശസ്തയാകുന്നതിനും വളരെ മുമ്പ് നാട്ടുവഴികളിലൂടെ അതേപേരില്‍ സുന്ദരിയായ ബസ്സോടിയിരുന്നു. നെറ്റിയില്‍ പേറിയ കാല്‍പ്പനികമായ പിന്നെയുമെത്രയോ നാമങ്ങള്‍. അമ്പിളി, ജ്യോതി, സ്വപ്‌ന തുടങ്ങി ചുരുക്കം അക്ഷരങ്ങളിലൊതുങ്ങിയ ഭംഗി. സ്വന്തം വീട്ടിലെ പെണ്‍കുട്ടിയോടെന്നപോലെയുള്ള അടുപ്പമായിരുന്നു നാട്ടുകാര്‍ക്ക് ഇവരോടെല്ലാം. ബസ്സുപോയോ എന്ന് ചോദ്യമില്ല. 'അമ്പിളി വന്നോ' എന്നാകും അന്വേഷണം. ഈ ബന്ധം സ്ഥിരം തമാശയായി സ്‌റ്റേജുകളിലേക്കും എത്രയോ സിനിമകളിലേക്കും ഉരുണ്ടുകയറി.

ബസ്സുപോലെ തന്നെയായിരുന്നു ബസ്സുകാരും. ഡ്രൈവറും കണ്ടക്ടറും നാടിന്റെ ബന്ധുക്കളായിരുന്നു. ബസ്സിന്റെ അവസാന സ്റ്റോപ്പിലെ ചായക്കടകളായിരിക്കും ഇവരുടെ ഇരിപ്പുകേന്ദ്രങ്ങള്‍. ഇവിടെ അവര്‍ക്ക് പ്രത്യേക സൗജന്യങ്ങളുമുണ്ടാകും. രാവിലെ പാല്‍ അല്പം കൂടുതലൊഴിച്ച ചായ. ഉച്ചയൂണിന് സ്‌നേഹത്തിന്റെ എരിവ്. നിരക്കില്‍ ഇളവ്.ഏതെങ്കിലുമൊരു തണലിന്റെ തണുപ്പിലായിരിക്കും ബസ്സ് തളര്‍ന്നുകിടക്കുക. അമ്പലത്തിനുമുന്നിലെ അരയാല്‍ ചുവട്ടില്‍. ബസ്സ്‌സ്റ്റോപ്പിലെ വലിയ വാകയുടെ കീഴെ. അതുമല്ലെങ്കില്‍ പാലത്തിനോട് ചേര്‍ന്ന്. രാത്രിയുറക്കവും ഇവിടെയൊക്കെത്തന്നെ. എല്ലാവരുമുറങ്ങുമ്പോള്‍ ഗ്രാമത്തിന്റെ സ്വന്തം ബസ്സും ജാലകവിരികള്‍ പുതച്ച് നിശ്ചലമായിക്കിടക്കും. അതുകാണുമ്പോള്‍, 'ഞാനും നിങ്ങളിലൊരാളാണെന്ന്' ബസ്സ് മൗനമായി പറയുംപോലെ തോന്നും. ഊണിലും ഉറക്കത്തിലും അങ്ങനെ ബസ്സ് നമ്മള്‍ക്കൊപ്പമുണ്ടായിരുന്നു.

ജീവിതത്തിലെ അനേകം നിമിഷങ്ങളില്‍ ബസ്സിന്റെ ഹോണടി നിറഞ്ഞുനില്‍ക്കുന്നു. രാവിലെ ബസ്സുകാത്ത് നില്‍ക്കുമ്പോഴാകും ആദ്യമായിക്കാണുന്നത്. ഒരു നോട്ടത്തില്‍ നിന്ന് പിറക്കുന്ന അനുരാഗം. പിന്നെ ദിവസവും ഒന്നുകാണുവാനായി മാത്രം അതേ സമയത്തെത്തും. അരികിലൂടെ ബസ്സ് വന്നും പോയുമിരിക്കും.പതിയെ പ്രണയം ഉള്ളിലേക്ക് കടക്കും. ടിക്കറ്റിനായി തൊട്ടുവിളിക്കുന്ന കണ്ടക്ടറുടെ കൈതട്ടി പിന്‍ഭാഗത്തുനിന്ന് മുന്നിലെ ആള്‍തിരക്കിലേക്ക് എത്തിവലിഞ്ഞ് നോക്കും. മുന്നിലും പിന്നിലുമായുള്ള നോട്ടങ്ങളിലൂടെ ഇഷ്ടം വളരും. പശ്ചാത്തലത്തില്‍ ബസ്സിന്റെ മണിനാദം ഒറ്റയായും ഇരട്ടയായും. വിവാഹപ്പുതുമയില്‍ സിനിമാ കാണാന്‍ പോകുമ്പോള്‍ യാത്ര ഒറ്റസീറ്റിലാകും. ആരെങ്കിലും കവര്‍ന്നാലോ എന്ന പേടിയുള്ളതുപോലെ കൈകൊണ്ട് ചേര്‍ത്തുപിടിച്ച്. ഇങ്ങനെ ബസ്സ് കണ്ട ജീവിതരംഗങ്ങള്‍ എത്രയെത്ര.
ആദ്യമായ് ജോലികിട്ടി നാടുവിട്ടുപോകുമ്പോള്‍ ബസ്സിന്റെ ഫുട്‌ബോര്‍ഡിനരികെ വീട്ടുകാര്‍ മുഴുവനുമുണ്ടാകും. ബസ്സ് ഒരിക്കലും വിടാതിരുന്നെങ്കില്‍ എന്നാകും അപ്പോഴത്തെ പ്രാര്‍ത്ഥന. ഗിയര്‍ വീഴുമ്പോള്‍ ചങ്കിടിക്കും. ഒടുവില്‍ ബസ്സ് അകന്നുപോകുമ്പോള്‍ വീശിനില്‍ക്കുന്ന കുറെ കൈകള്‍. ബസ്സിന്റെ ഇരിപ്പിടങ്ങള്‍ കണ്ണീര്‍ വീണ് നനഞ്ഞതുമായിരുന്നു.

തുടരും......
3
ഒരാളോട് ആത്മാര്‍ത്ഥമായി ഇഷ്ടം തോന്നുകയെന്നത് കുട്ടി അമ്പിളിയമ്മാവനെ കൊതിക്കും പോലെ നിര്‍മലമാണ്. പ്രണയമുണ്ടായാല്‍ പിന്നെയത് പറഞ്ഞുതീര്‍ക്കും വരെ ഉള്ളിലൊരു പരവേശമായിരിക്കും. ഹൃദയം പിടിവാശി പിടിച്ച് ചിണുങ്ങും. തൊണ്ടയെപ്പോഴും വരണ്ടുണങ്ങി ദാഹിക്കുന്ന തരിശുനിലമാകും. നെഞ്ചിലാരോ അണക്കെട്ട് പണിയും. കാലമെത്ര കഴിഞ്ഞാലും കാമുകഭാവങ്ങള്‍ക്ക് മാറ്റമില്ല. പ്രേമം അറിയിക്കാന്‍ അക്ഷരങ്ങളെ മുതല്‍ അരയന്നത്തെ വരെ നമ്മള്‍ ഉപയോഗിച്ചു. ടെലിഫോണ്‍ മണികള്‍ ചിരിക്കുന്നതിനും പിന്നെ എസ്.എം.എസ്. എന്ന മൂന്നക്ഷരത്തിലേക്ക് എല്ലാം ചുരുങ്ങിയൊതുങ്ങുന്നതിനും മുമ്പുള്ള കഥയാണത്. അന്ന് അനുരാഗത്തിന്റെ അറിയിപ്പു വഴികള്‍ പലതായിരുന്നു.

ജീവിതവും യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമാകുമ്പോള്‍ ആരും ആദ്യം ചിന്തിച്ചിരുന്നത് പ്രേമലേഖനത്തെക്കുറിച്ചായിരുന്നു. പ്രണയത്തിന്റെ എക്കാലത്തേയും വലിയ ഒപ്പുകടലാസായിരുന്നു അത്. അനുരാഗികളുടെ ആത്മാവിന്റെ അക്ഷരമാല. 'മധുരസുന്ദരസുരഭിലമായ' സന്ദേശകാവ്യം.പ്രേമത്തിന്റെ ഇതിഹാസങ്ങളോളം പഴക്കമുള്ള ഈ പ്രകടനോപാധിയുടെ ലാളിത്യം മറ്റൊരു രീതിക്കുമില്ല. താമരയിലയില്‍ കോറിയ നഖമുനകളുടെ ഓര്‍മ. പ്രേമലേഖനമെഴുതാന്‍ തുടങ്ങുമ്പോള്‍ പ്രണയി ശകുന്തളയെപ്പോലെ എങ്ങനെയെഴുതണമെന്നറിയാതെ സന്ദേഹിയാകും. വാക്കുകളുടെ മഴ കാത്ത് വേഴാമ്പലായി മിഴിനട്ടിരിക്കും. രാത്രികള്‍ പകലുകള്‍. അതൊരു വേദന തന്നെയാണ്. എത്രയെഴുതിയാലും ഭാഷ അപൂര്‍ണമെന്നുതോന്നും. അക്ഷരങ്ങളുടെ അഴകളവുകള്‍ ചാഞ്ഞും ചരിഞ്ഞും നോക്കും. ഭംഗി പോരെന്നുതോന്നുമ്പോള്‍ ചുറ്റിനും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ പന്തുപോലെയുരുളും.പ്രണയലേഖനത്തിന് അലിഖിതമായ ചേരുവകളുണ്ട്. ആരും പറഞ്ഞതല്ല. അതങ്ങനെയാകണമെന്ന് പ്രേമിക്കുന്നവര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. എഴുതുന്ന കടലാസില്‍ തുടങ്ങണം റൊമാന്റിക് ഛായ. സാഹിത്യം നിര്‍ബന്ധം. കവിത പാകത്തിന്. ആദ്യവായനയില്‍ തന്നെ കരളില്‍ കൊള്ളണം.

ഒറ്റമൂച്ചിന് എഴുതിയിട്ട് കേശവന്‍നായര്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി. മധുരമന്ദഹാസത്തോടെ സാറാമ്മ അയാളുടെ പിന്നില്‍ നില്‍ക്കുന്നതായ അനുഭൂതി. ചുമ്മാ ഒരു തോന്നല്‍. അയാള്‍ എഴുത്തുവായിച്ചു. കവിതയുണ്ട്. തത്ത്വശാസ്ത്രമുണ്ട്, മിസ്റ്റിസിസവുമുണ്ട്. എന്തിന് കേശവന്‍നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമുണ്ട്. എഴുത്ത് ഉദ്ദേശിച്ചതിലും നന്നായിട്ടുണ്ട്. അയാള്‍ അത് നാലായി മടക്കി പോക്കറ്റിലിട്ടു.
(പ്രേമലേഖനം-വൈക്കം മുഹമ്മദ് ബഷീര്‍)

നിബന്ധനകളുടെ ഛന്ദസ്സിനൊപ്പിച്ച് പ്രേമലേഖനമെഴുതാനറിയാത്തവര്‍ കവിതയും കഥയുമെഴുതുന്നവരെ കൂട്ടുപിടിച്ചു. കഞ്ചാവ് ബീഡിയും കാലിച്ചാരായവും കൊടുത്ത് കടം വാങ്ങിയ കാല്പനികത. നല്ല കൈപ്പടയുള്ളവരെത്തേടിയും ആവശ്യക്കാരെത്തി. പ്രേമലേഖനങ്ങള്‍ കൈമാറുന്നതും ഒരു കാഴ്ചയായിരുന്നു. അമ്പലക്കുളക്കരയില്‍ കാത്തുനിന്ന്.... കലുങ്കിനരികെ വെച്ച് സൈക്കിളില്‍ വന്ന്... ഇലപ്പടര്‍പ്പുകള്‍ മൂടിയ ഇടവഴിയില്‍ പിന്നില്‍നിന്നു വിളിച്ച്.... നാലായി മടക്കിയ കടലാസ് വിറച്ച കൈകളാല്‍ ഏല്പിക്കുന്നത് ഇങ്ങനെയൊക്കെയായിരുന്നു. ആരും കാണാതെയുള്ള അഭ്യാസം. കൊടുക്കുന്നയാളും ഏറ്റുവാങ്ങുന്നയാളും പേടമാനെപ്പോലെ ചുറ്റിനും കണ്ണോടിക്കും. തട്ടിപ്പറിച്ച് ഒറ്റയോട്ടം. അല്ലെങ്കില്‍ അതിവേഗം ബൗണ്ട് പുസ്തകത്തിലേക്ക് പൂഴ്ത്തിവെയ്ക്കല്‍.

പൂമുഖത്ത് കോണിച്ചുവട്ടില്‍ ചെന്നുനിന്നു. ചാരിയവാതില്‍ തുറന്നു. സ്വര്‍ണവളയിട്ട മിനുത്തു തുടുത്ത കൈ പുറത്തുകണ്ടു. കടലാസ്സ്. കൊഴുത്ത കൈയില്‍ മിനുത്ത കടലാസ്സ്. കൈമറഞ്ഞു. മുകളിലേക്കോടി. കോണിപ്പടികളറിയാതെ മുകളിലെത്തി. നാലുപേജുള്ള പ്രേമലേഖനം. അഴകുള്ള അക്ഷരങ്ങള്‍. ജീവിതത്തില്‍ പ്രേമത്തിന്റെ ആദ്യത്തെ കൈനീട്ടം. മധുരമധുരമായ പ്രേമലേഖനം. മാദകപ്രണയത്തിന്റെ ആദ്യത്തെ കനത്ത ചെക്ക്. (കവിയുടെ കാല്‍പ്പാടുകള്‍ -പി. കുഞ്ഞിരാമന്‍നായര്‍)

നേരിട്ട് സ്‌നേഹം കൈമാറാന്‍ ചങ്കുറപ്പുപോരാത്തവര്‍ മൂന്നാമതൊരാളിന്റെ സഹായം തേടിയിരുന്നു. പ്രണയത്തിനിടയില്‍ എല്ലാ കാലത്തും പറന്നുനടന്ന പക്ഷികള്‍. പ്രിയമാനസരായ ഹംസങ്ങള്‍. ഇവരുടെ ദൗത്യങ്ങള്‍ പലതായിരുന്നു. പ്രേമലേഖനം കൊത്തിപ്പറക്കുന്നതു മുതല്‍ ഇഷ്ടമറിഞ്ഞു വരാനുള്ള ദൂതുവരെ. ഏറ്റവുമടുത്ത കൂട്ടുകാരാണ് സന്ദേശവാഹകരാകുക. ചാടുവാക്കുപറയാന്‍ ചാതുര്യമുള്ളവര്‍ ഈ വേഷത്തില്‍ ശോഭിച്ചിരുന്നു. ദൂതിനു പോകുന്നവര്‍ പ്രിയം മാത്രമേ പറയൂ. വിശേഷണങ്ങള്‍. വീരേതിഹാസങ്ങള്‍. ഏറ്റെടുത്ത ഉദ്യമം വിജയിപ്പിക്കാനുള്ള ചതുരുപായങ്ങള്‍.

നല്ലതു നല്ലതിനോടു ചേരണം, തവ
വല്ലഭനപരന്‍ തുല്യന്‍ നഹിനൂനം,
മേഘവാഹനനെക്കാള്‍ ബലവാന്‍
മോഹനാംഗനവനതി ഗുണവാന്‍
കമനീരത്‌ന കനകങ്ങളുടെ;
ഘടനയേ നിങ്ങളുടെ...
(നളചരിതം ഒന്നാം ദിവസം
-ഉണ്ണായി വാര്യര്‍)

ഹംസം തിരിച്ചുവരുന്നതുവരെ പ്രേമി ഉഴറി നടക്കും. 'തവ കരഗതമേ മമ കാമിതം ജീവിതവും..' എന്ന് മനസ്സില്‍ പറയും. ചലജളിത്ധംകാരം, ചെവികളിലംഗാരം, ചിലര്‍ ദൂരെ നിന്ന് ദൂതിന്റെ ദൃശ്യം ഒളികണ്ണാല്‍ പാര്‍ക്കും. നെഞ്ചിനുള്ളിലൊതുക്കിയതെല്ലാം മറ്റൊരു നാവിലൂടെയൊഴുകുന്നത് അകലെ നിന്ന് അറിയും.എന്തു പറഞ്ഞു എന്നറിയാനുള്ള ആകാംക്ഷ ജീവിതത്തിലെ ഏറ്റവും വലിയ കൊതികളിലൊന്നാണ്. ഹൃദയാഘാതമുണ്ടാക്കുന്ന ജിജ്ഞാസ. നാടകീയമായ വര്‍ണനക്കൊടുവില്‍ ഫലശ്രുതി. മുഖത്തേക്ക് പടരുന്ന നിഴലും നിലാവും.വെറുതെയായിരുന്നില്ല അനുരാഗമറിയിക്കാനുള്ള അഞ്ചലോട്ടങ്ങള്‍. ദൈവം തന്നെ നിനക്ക് പ്രതിഫലം തരുമെന്നാണ് നളന്‍ ഹംസത്തോട് പറഞ്ഞത്. പരിപ്പുവടയില്‍ തുടങ്ങി പതഞ്ഞുയരുന്ന പാതിരാപ്പാര്‍ട്ടികളില്‍ വരെയെത്തിയിരുന്നു ദൂതുപോയവര്‍ക്കുള്ള വിരുന്നൂട്ട്.
ചിലര്‍ ധീരരായിരുന്നു. ഇടനിലകളില്‍ വിശ്വാസമില്ലാത്ത ഇവര്‍ 'എനിക്ക് നിന്നെ ഇഷ്ടമാണ്...' എന്ന് നേരിട്ട് ചെന്നങ്ങു പറഞ്ഞിട്ട് മടങ്ങി. അത് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ഭാഷയായിരുന്നു. പ്രണയത്തിന്റെ ഏറ്റവും തീഷ്ണമായ പ്രകടനം. നടന്നുപോകുന്ന പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി ഇഷ്ടമറിയിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്....ഈ രീതിക്ക് ഒരുപാട് മുന്നൊരുക്കങ്ങളുണ്ടായിരുന്നു. പറയേണ്ട ഓരോ വാക്കും പലവട്ടം ആലോചിച്ചാകും തിരഞ്ഞെടുക്കപ്പെടുക. പിന്നീടത് മനസ്സിലേക്ക് പറഞ്ഞുറപ്പിക്കും. കണ്ണാടി കാമുകിയാകും. ഇങ്ങനെ ഇഷ്ടം സഞ്ചരിച്ച വഴികള്‍ എന്തൊക്കെയെന്തൊക്കെ...



4



അച്ഛന്റെ ഡയറിയിലാണ് ആ പേരും വിലാസവും ആദ്യം കണ്ടത്. അതിലേയ്ക്ക് നോക്കുമ്പോള്‍ ഒരത്ഭുത തൈലത്തിന്റെ മണം പരക്കുന്നതു പോലെ തോന്നുമായിരുന്നു. കഷണ്ടിക്ക് മരുന്നു കണ്ടിപിടിച്ച ഗോപാലകൃഷ്ണന്‍ നായര്‍ അസൂയയുണ്ടാക്കുന്ന കാഴ്ചയായിരുന്നു അന്ന്. തലകള്‍ മരുഭൂമിയായവര്‍ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് വിഗ്ഗുകള്‍ വരുന്നതിനും വളരെ മുമ്പാണ്. ഏതാണ്ട് ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം. തിരുവനന്തപുരം വഞ്ചിയൂര്‍കാരന്‍ ഗോപാലകൃഷ്ണന്‍ നായര്‍ ഇറക്കിയ ഒരു ചെറിയ കുപ്പിയെ കേരളം ശിരസ്സിലേറ്റി. കഷണ്ടിക്കുള്ള ദിവ്യൗഷധം. അര്‍ഷിക് ഹെര്‍ബല്‍ മെഡിവിന്റെ അനൂപ് ഹെര്‍ബല്‍ ഓയില്‍. ആകെയുള്ള മൂന്നുനാലുനാരുകളെ പതിപ്പിച്ചു നിര്‍ത്താന്‍ ദിവസേന മണിക്കൂറുകളോളം അത്യധ്വാനം ചെയ്യുന്നവരും അതിനു പോലും കഴിയാതെ അമരീഷ്പുരിയെപ്പോലെ കണ്ണാടിപ്രതലമായ തലതടവി നടന്നവരും പിറകില്‍ ചന്ദ്രക്കലയുടെ ആകൃതിയില്‍ കുറുനിരകള്‍ പോലെയുള്ള ചുരുക്കം ചുരുള്‍മുടികളില്‍ സ്വയം സമാധാനിച്ചവരും തലവര മാറിയെന്ന് ആശ്വസിച്ചു.മുടിയന്മാരാകാനായി തിരുവനന്തപുരത്തുനിന്ന് വണ്ടി കയറിയവരില്‍ കാസര്‍കോട്ടു നിന്നുള്ളവര്‍ വരെയുണ്ടായിരുന്നു. നേരിട്ടുപോകാനാകാത്തവര്‍ കൊല്ലത്തും നാഗര്‍കോവിലിലുമൊക്കെയുള്ള ബന്ധുക്കളുടെ കൈയില്‍ പണമേല്പിച്ചു വിട്ടു.ചില കാലങ്ങളില്‍ ചിലര്‍ ഇങ്ങനെ ഉയര്‍ന്നുവരും. അന്നുവരെ എവിടെയും കേള്‍ക്കാതിരുന്ന ചില പേരുകള്‍. ശൂന്യതയില്‍ നിന്നെന്നോണം അത്ഭുതങ്ങളുടെ ആകാശങ്ങളിലേയ്ക്ക് അവര്‍ ജ്വലിച്ചുയരും. താരങ്ങളാകും. പത്രങ്ങളുടെ തലക്കെട്ടുകളില്‍ എട്ടുകോളത്തില്‍ തലക്കെട്ട് കെട്ടി നില്ക്കും. നാടിന്‍ നാവിന്‍തുമ്പില്‍ സദാ കളിയാടും. ഒരു കാലത്തെ ഈ വാര്‍ത്താപുരുഷന്മാര്‍ ഇന്നും നമുക്കിടയിലെവിടെയോ ഉണ്ട്. ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂര്‍ഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരന്‍ രാജപാളയത്തുകാരനായിരുന്നു, തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാര്‍ കോവില്‍ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവന്‍. പെട്ടെന്നൊരുനാള്‍ ലോകത്തിനു മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളെപ്പോലെയായി അയാള്‍. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമര്‍പിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു. പച്ചില ഉപയോഗിച്ച് വെള്ളം പെട്രോളാക്കുന്ന വിദ്യ രാമര്‍ കണ്ടുപിടിച്ചത് 14 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഇടയംകുളം കോളനിയിലെ ഏക കോണ്‍ക്രീറ്റ് വീടിന്റെ ഭൂഗര്‍ഭ അറയിലെ നാലുമീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയിലുമുള്ള രഹസ്യമുറിയില്‍ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമര്‍ ലോകത്തെ ഞെട്ടിച്ചത് 1992 നവംബര്‍ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്‌ലിയിലെ എഴുത്തുകാരന്‍ പിന്നെ സ്വയം വാര്‍ത്തയായി. കരിമ്പിന്‍ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമര്‍ പശ്ചിമഘട്ടവും കടന്ന് വളര്‍ന്നു.പച്ചില പെട്രോളിനു മേല്‍ നിഗൂഢയാത്രകളുടെ ഇരുട്ടുണ്ടായിരുന്നു. അത്ഭുത സസ്യത്തിന്റെ ഇലതേടി തോക്കേന്തിയ വളര്‍ത്തച്ഛന്‍ രാമയ്യക്കൊപ്പം ചെമ്പക്കക്കാട്ടിലൂടെ മേക്ക് തുടര്‍ച്ചിമലയിലേയ്ക്ക് പോകുന്നത് രാത്രിയുടെ രണ്ടാം പകുതിയിലാണെന്നാണ് രാമര്‍ പറഞ്ഞിരുന്നത്. ശാസ്ത്രലോകം ഇതുകേട്ട് തരിച്ചുനിലേ്ക്ക രാമര്‍ രണ്ടു രൂപയ്ക്ക് പെട്രോള്‍ വില്ക്കാന്‍ തുടങ്ങി.വിവാദങ്ങളുടെ തീ പടര്‍ത്തുകയായിരുന്നു രാമറിന്റെ പെട്രോള്‍. പരീക്ഷണങ്ങളില്‍ പരിശുദ്ധി തെളിയിക്കാനാകാതെ വന്നപ്പോള്‍ ഈ തമിഴനുമേല്‍ സംശയത്തിന്റെ പുകപരന്നു. രാമര്‍പിള്ള എണ്ണക്കിണര്‍പോലെ കത്തിയൊടുങ്ങി.മൂന്നു പേരുകള്‍ ഒന്നിച്ചു ചേര്‍ന്ന ഒരു മന്ത്രിയുണ്ടായിരുന്നു പണ്ട്, നമുക്ക്. കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ മാറാത്താ വീരനായകന്മാരെ ഓര്‍മവരും. എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ തക്ക വീര്യമുള്ള പേര്. എം.ആര്‍.രഘുചന്ദ്രബാല്‍. കോണോടുകോണിലെല്ലാം നേതാക്കള്‍ മുളച്ച കോണ്‍ഗ്രസ്സില്‍ രഘുചന്ദ്രബാലിന്റെ വളര്‍ച്ച കണ്ണുചിമ്മുന്ന നേരം കൊണ്ടായിരുന്നു. പാറശ്ശാലയില്‍ നിന്നുള്ള ഈ എം.എല്‍.എ. 1991ലെ കരുണാകരന്‍ മന്ത്രിസഭയില്‍ പ്രാമാണിത്തം നുരയുന്ന എകൈ്‌സസ് വകുപ്പ് കൈകാര്യം ചെയ്യാന്‍ നിയുക്തനായപ്പോള്‍ കേരളം മുഴുവന്‍ അതിശയിച്ചു. ''യെന്തരിത്, യിതേത് പയല്....''മന്ത്രി വേഷത്തില്‍ രഘുചന്ദ്രബാല്‍ പെട്ടെന്ന് വാര്‍ത്തുകളിലെ നായകനായി. ഖദര്‍ അഴിച്ചു വെച്ച് എകൈ്‌സസ് ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളുവാറ്റുകാരെ തേടി കാടുകയറി. കോടകളുടെ കലങ്ങളുടഞ്ഞു. ചാരാച്ചാലുകള്‍ നീന്തിക്കയറി പഴയ എം.എല്‍.എ. കുഞ്ഞികൃഷ്ണ നാടാരുടെ സഹോദരപുത്രന്‍ മുന്‍പേജുകളില്‍ ചിരിച്ചു നിന്നു. ഇതിനിടെയായിരുന്നു കല്യാണം. മന്ത്രിയായിരിക്കെ വിവാഹിതനായ അപൂര്‍വം ചിലരിലൊരാള്‍ എന്ന ബഹുമതിയുടെ പൂമാലയും രഘുചന്ദ്രബാലിന്റെ കഴുത്തില്‍ വീണു. വിവാദങ്ങളും കുറവല്ലായിരുന്നു. കരുണാകരന്റെ ബിനാമിയെന്നുവരെ പേരുകേട്ടു. ആകപ്പാടെ ജഗപൊഗ. യെന്തൊരു ഓളമായിരുന്നു അത്.മന്ത്രി സ്ഥാനമൊഴിഞ്ഞതില്‍ പിന്നെ രഘുചന്ദ്രബാല്‍ സ്പിരിറ്റുപോലെ ആവിയായി. വന്നവേഗത്തില്‍ മറവിയിലായ ഏക മുന്‍മന്ത്രി ഒരു പക്ഷേ ഇദ്ദേഹം മാത്രമായിരിക്കും.

6

ശരിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം.മൂക്കാതെ പഴുത്ത പേരയ്ക്കയുടെ നിറമുള്ള കവിളുകള്‍ ഒപ്പം തുള്ളിയിട്ടുമുണ്ടാകും. ജീവിതത്തെ മദ്യത്തില്‍ വാറ്റിയെടുത്ത അവന് പെണ്‍കുട്ടികള്‍ പച്ചവെള്ളമായിരുന്നു.ഒട്ടും ഹരം പകരാത്ത ഒന്ന്.എന്നിട്ടും ഓര്‍ക്കൂട്ട് എന്ന ഓണ്‍ലൈന്‍ കൂട്ടില്‍ ഐഡിയല്‍ മാച്ച് എന്നതിനു നേരെ അവന്‍ എഴുതി വച്ചു.....'അന്നൊരിക്കല്‍ ബസില്‍ കണ്ട പെണ്‍കുട്ടി.....ഐസ്‌ക്യൂബിനോളം തണുത്ത ഒരു മനസ്സിനെപ്പോലും ഉരുക്കിക്കളഞ്ഞത് ആകര്‍ഷണീയതയുടെ ഏതു രസതന്ത്രം?അതുവരെ രുചിച്ചതിനുമപ്പുറത്തെ ഏതോ ലഹരി അവന് സമ്മാനിച്ച് മണിയൊച്ചയുടെ അവസാനം ഒരു ബസ് സ്‌റ്റോപ്പിലിറങ്ങി അവള്‍ പതുക്കെ നടന്നുപോയിട്ടുണ്ടാകണം.പക്ഷെ അതിനുമുമ്പ് അവന്റെ അലസമായ കണ്ണുകളെ ഉണര്‍ത്തിയിരുന്നു ആ പെണ്‍കുട്ടി.ഒന്നും മിണ്ടാതെ ഒറ്റയാനെപ്പോലും ഒറ്റക്കാഴ്ചയാലൊരു കീഴടക്കല്‍.ജീവിതത്തിലൂടെയുള്ള സഞ്ചാരത്തില്‍ ഇങ്ങനെ ചില അജ്ഞാതരെ നാം കണ്ടുമുട്ടിയിട്ടുണ്ടാകും.മഴത്തുള്ളികള്‍ പറ്റിയ തീവണ്ടിജനാലയ്ക്കരികെ, അല്ലെങ്കില്‍ ബസ്സിന്റെ വേഗത്തിനൊപ്പം പുറത്തേയ്ക്ക് പറക്കുന്ന മുടിയിഴകള്‍ ഇടംകൈകൊണ്ടൊതുക്കി ഡ്രൈവറുടെ സീറ്റിനു പിന്നില്‍...ഉത്സവപ്പറമ്പിലെ തീവെട്ടിവെളിച്ചത്തിലും വളക്കടത്തിരക്കിലും....നിമിഷനേരത്തേയ്ക്ക് മാത്രം തെളിയുന്ന കാഴ്ച.പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും എന്നേയ്ക്കുമായി ഉള്ളില്‍ പതിഞ്ഞ മുഖം.കണ്ണുചിമ്മും നേരംകൊണ്ട് കൊതിപ്പിച്ച് കടന്നുപോയവര്‍.ഭംഗിയുള്ള ചില മിന്നലുകള്‍..ഇരുട്ടില്‍ പെട്ടെന്നൊരു മിന്നാമിനുങ്ങ് പ്രകാശിക്കും പോലെയാണ് ആള്‍ക്കൂട്ടത്തില്‍ ആ മുഖം തെളിയുക.വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തില്‍ നിന്ന് ഇടയ്‌ക്കൊന്ന് തലയുയര്‍ത്തുമ്പോള്‍,ഓവര്‍ ബ്രിഡ്ജിന്റെ പടികള്‍ ധൃതിയില്‍ ഓടിക്കയറുമ്പോള്‍,ഇടവേളയില്‍ തീയറ്റര്‍വിളക്കുകള്‍ തെളിയുമ്പോള്‍ ഒക്കെയായിരിക്കാം മുന്നിലൊരു മിന്നിമായല്‍.യാത്രകളിലാണ് ഇത്തരം ദൃശ്യാനുഭവങ്ങള്‍ കൂടുതലായുണ്ടാകുക.ഓര്‍ത്തുനോക്കിയാല്‍ പ്ലാറ്റുഫോമുകളിലും, പാളങ്ങളിലും, പായുന്ന ബസ്സിലും പറക്കുന്ന വിമാനത്തിലും ഇങ്ങനെ അടയാളവിളക്കുകളായി കത്തിയത് എത്രയോപേര്‍.അഴകളവുകള്‍ കൊണ്ടുള്ള മാടിവിളിക്കല്‍ അല്ല ഇത്.മനസ്സിനൊരു വൈദ്യുതാഘാതം.ആദ്യമായി കാണുകയാണെങ്കിലും പോയകാലത്തുനിന്നൊരു ചരട് അങ്ങോട്ടു നീണ്ടുചെല്ലും പോലെ.ആ മുഖം വീണ്ടും വീണ്ടും നോക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.അതു പക്ഷേ ആദ്യദര്‍ശനാനുരാഗമല്ല.ഉറക്കച്ചടവിനെപ്പോലും തുടച്ചു കളയുന്ന ഊര്‍ജ്ജം. അരനാഴികനേരം കൊണ്ടുള്ള ഒരടുപ്പം.പേരറിയാത്ത 'യെന്തോ ഒരിത്'.മിക്കവാറും വീണ്ടും നോക്കുമ്പോഴേക്ക് എങ്ങോ മറഞ്ഞുകാണും.ഒരു പക്ഷേ എന്നേയ്ക്കുമായി.എങ്കിലും പിന്നീടുള്ള യാത്രയില്‍ പിന്നില്‍ നിന്നുള്ള കാറ്റു കണക്കെ അതു വന്ന് തൊട്ടുകൊണ്ടേയിരിക്കും.ഒരു യാത്ര ഓര്‍മ്മിക്കപ്പെടുവാന്‍ വേണ്ടി ഒന്ന്. ചിലപ്പോള്‍ അല്‍പനേരം കണ്ടിരിക്കാനാകും.അപ്പോള്‍ നിഷേധിക്കപ്പെട്ട കളിപ്പാട്ടത്തിലേക്ക് കുട്ടി വീണ്ടും വീണ്ടും നോക്കും പോലെ കണ്ണുകള്‍ ആ ഭാഗത്തേക്ക് ഇടയ്ക്കിടക്ക് കടന്നു ചെല്ലും.അങ്ങനെയുള്ള നിമിഷങ്ങളിലൊന്നില്‍ നോട്ടങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും.പൊള്ളിയപോലെ തോന്നും അന്നേരം.ഇത്തരം ഒന്നുരണ്ടു കണ്ണേറുകളാകുമ്പോള്‍ രണ്ടിലൊരാളുടെ നേരമാകും.പിന്നെ അന്ത്യദര്‍ശനം.അകന്നുപോകുമ്പോഴും പരതിക്കൊണ്ടേയിരിക്കും എവിടെ...?എവിടെ...?കുട്ടിക്കാലത്ത് മാഞ്ഞൂര്‍ എന്ന കിഴക്കന്‍ ഗ്രാമത്തിലേക്കുള്ള ഒരു യാത്ര ഇന്നും ഓര്‍ക്കാനാകുന്നത് ഒരു ദാവണിച്ചൊല്ലിയാണ്.റബ്ബര്‍പ്പാടങ്ങള്‍ക്കിടയിലൂടെ നീങ്ങുകയായിരുന്നു ബസ്സ്.ഇടയ്‌ക്കൊരു സ്റ്റോപ്പിനെ കടന്നു പോയപ്പോള്‍ ഹാഫ്‌സാരിയുടുത്ത ഒരു മുതിര്‍ന്ന പെണ്‍കുട്ടി.ഒന്നേ കണ്ടുള്ളൂ.പക്ഷേ മധുരങ്ങള്‍ നുണഞ്ഞു നടക്കാന്‍ മാത്രം വളര്‍ച്ചയുള്ള ഒരു മനസ്സിനെ കോലുമിഠായി പോലെ രസിപ്പിച്ചു കളഞ്ഞു ആ ചേച്ചി.പിന്നോട്ടോടി മറഞ്ഞ കാഴ്ചയില്‍ ഉറുമ്പു കടിച്ച നോവ്.തിരിച്ചറിവില്ലാത്ത ഒരു പത്തു വയസ്സുകാരനെ നിമിഷാര്‍ധം കൊണ്ട് പട്ടത്തിലേറ്റിപ്പറത്തിയ കാറ്റിന് എന്താണു പേര്.വയസ്സുകള്‍ പിന്നെയും പലപല ബസ്സുകള്‍ പോലെ ഓടിയിട്ടും ആ സാരിത്തുമ്പ് മറന്നുപോകാത്തത് എന്തുകൊണ്ടാണ്..?ഇത്തരം കൂടിക്കാഴ്ചകള്‍ പിന്നീടൊരിക്കലും ആവര്‍ത്തിക്കാറില്ല.ഒറ്റത്തവണ മാത്രം കണ്ട ഒരു കൊള്ളിമീന്‍. ഈ നഷ്്ടബോധമാണ് അതിന്റെ പ്രകാശത്തെ എന്നെന്നും ഉള്ളില്‍ നിലനിര്‍ത്തുന്നത്.കണ്ണടച്ചുതുറക്കുന്നതിനകം നമ്മുടെ ആരോ ഒക്കെയോ ആയി മാറിയ പേരറിയാത്ത ഒരാള്‍.'അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..'എന്ന വരിക്കൊപ്പം അവന്‍ മറ്റൊന്നു കൂടി എഴുതിയിരുന്നു.ആത്മഹത്യയാണ് ഏറ്റവും വലിയ അഭിനിവേശമെന്ന്.അവസാനം ലോഡ്ജ്മുറിയില്‍ അതിനെ പുണര്‍ന്ന നിമിഷത്തിലും അവന്റെ മനസ്സിന്റെ ഏതെങ്കിലും ഓരത്തുണ്ടായിരുന്നിരിക്കണം..........അന്നൊരിക്കല്‍ ബസ്സില്‍ കണ്ട പെണ്‍കുട്ടി..
7