Saturday, March 3, 2007

എളുപ്പവഴികള്‍

എളുപ്പവഴികള്‍

ജീവിതത്തില്‍ കുറുക്കുവഴികളും എളുപ്പവഴികളും തേടിപ്പോകുന്നത് നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ ലോകത്ത് കുറുക്കുവഴികള്‍ പലതും ലഭ്യമാണ്. മൌസ് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളും കീബോര്‍ഡ് ഷോര്‍ട്ട് കട്ട്സ് ഉപയൊഗിച്ച് വളരെ വേഗം ചെയ്യാന്‍ കഴിയും. താര കഥക്കൂട്ടില്‍ ഇതിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടതു കണ്ടപ്പോഴാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടു കളയാം എന്നു തോന്നിയത്.

ALT-TAB ആണെന്നു തോന്നുന്നു എറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഷോര്‍ട്ട് കട്ട്. ഓഫീസില്‍ ഇരുന്ന് അന്നാ കുര്‍ണിക്കോവയുടെ സൈറ്റ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ മാനേജര്‍ വരുന്നതു കണ്ടാല്‍ പണിയെടുക്കാനുള്ള വിന്‍ഡോയിലേക്കു മാറാനുള്ള എളുപ്പ വഴി.ഈ ഷോര്‍ട്ട് കട്ടിന്റെ കൂട്ടുകാരനായ വേറെ ഒരു ഷോര്‍ട്ട് കട്ട് ഉണ്ട് - ALT-SHIFT-TAB, വിപരീത ദിശയില്‍ ജാലകങ്ങളില്‍ കൂടി നീ‍ങ്ങാന്‍. ഇത് കുറച്ച് ആളുകളേ ഉപയോഗിക്കാറുള്ളു എന്നു തോന്നുന്നു. ഇതു പോലെ തന്നെ WIN-TAB അടിച്ചു കൊണ്ടിരുന്നാല്‍ ടാസ്‌ക്ക് ബാറിലെ ഐക്കണുകളില്‍ കൂടി നീങ്ങാം.

ഒരു റിസര്‍ച്ച് നടത്താന്‍ വേണ്ടി 43 ജാലകങ്ങള്‍ തുറന്നിട്ടിട്ട് ഡെസ്‌ക്ക് ടോപ്പ് പെട്ടന്ന് കാണണം എന്നു തോന്നിയാല്‍ WIN-D അല്ലെങ്കില്‍ WIN-M ഉപയോഗിക്കാം. ഇനിയിപ്പോ ഈ മിനിമൈസ് ചെയ്ത ജാലകങ്ങള്‍ എല്ലാം കൂടി തിരിച്ചു പ്രതിഷ്ഠിക്കണമെങ്കില്‍ WIN-SHIFT-M അടിച്ചാല്‍ മതി. ഫോക്കസില്‍ ഉള്ള ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ ജാലകം ക്ലോസ് ചെയ്യണം എന്നുണ്ടെങ്കില്‍ ALT-F4 ഉപയോഗിക്കാം. എമ്മെസ് വേര്‍ഡ് പോലത്തെ പല ഡോക്യുമെന്റ് തുറക്കാന്‍ പറ്റുന്ന ആപ്ലിക്കേഷനില്‍ ഒരു ഡൊക്യുമെന്റ് മാത്രം ക്ലോസ് ചെയ്യാന്‍ CTRL-F4 ഉപയോഗിക്കാം.

ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ജാലകം മാക്സിമൈസ് ചെയ്യാന്‍ ALT-SPACEBAR-X അടിച്ചാല്‍ മതി. ഇനി മിനിമൈസ് ചെയ്യാന്‍ ആണെങ്കിലോ - ALT-SPACEBAR-N അണ് വേണ്ടത്. ALT-SPACEBAR-C അടിച്ചാല്‍ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യാനും പ റ്റും. CTRL-W വായിച്ചു കൊണ്ടിരിക്കുന്ന ഡോക്യുമെന്റ് ക്ലോസ് ചെയ്യാന്‍ ഉപയോഗിക്കാം.

മെനുവില്‍ ഉള്ള കാര്യങ്ങള്‍ കീബോര്‍ഡ് ഉപയോഗിച്ച് ചെയ്യുന്നതാണ് അടുത്ത പടി. ഫയല്‍ മെനു തുറക്കാന്‍ ALT-F, റ്റൂള്‍സ് മെനു തുറക്കാന്‍ ALT-T അങ്ങനെ അങ്ങനെ... മെനുവിനുള്ളിലെ സബ്-മെനുവിലേക്കു പോകാനും എളുപ്പമാണ്. ALT-F-S ഉപയോഗിച്ച് ഡോക്യുമെന്റ് സേവ് ചെയ്യാന്‍ സാധിയ്ക്കും, ALT-F-A എന്നു കൊടുത്താല്‍ 'Save As' എന്ന ഡയലോഗ് വരും, നമുക്ക് ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം. സബ്-മെനുവിന്റെ കീബോര്‍ഡ് കരുക്കള്‍ ഓര്‍ത്തു വെയ്ക്കുന്നതും അത്ര ബുദ്ധിമുട്ടല്ല. ALT-D-F-F എന്നത് എക്സല്‍ ഫയലുകളില്‍ ഓട്ടോ ഫില്‍റ്റര്‍ ഇടാനായി ഞാന്‍ ഉപയോഗിക്കാറുണ്ട്. അതു പോലെ തന്നെ ഒരു വേര്‍ഡ് ഡോക്യുമെന്റില്‍ പേജ് ബ്രെയ്ക്ക് കൊടുക്കാന്‍ ALT-I-B എന്നതും പിന്നെ ഒരു എന്റര്‍ കീയും - അത്രയേ വേണ്ടു.

സ്ക്രീനില്‍ എവിടെയെങ്കിലും റെറ്റ് ക്ലിക്ക് ചെയ്യുന്നതിനു പകരം SHIFT-F10 ഉപയോഗിച്ചാല്‍ മതി. ഒരു ഐക്കണ്‍ സെലക്റ്റ് ചെയ്തിട്ട് അതിന്റെ പ്രോപ്പെര്‍ട്ടീസ് ഡയലോഗ് കാണാനായി ALT-ENTER മതി. ഫയര്‍ഫോക്സ് പോലെയുള്ള ടാബ്‌ഡ് ആപ്ലിക്കേഷനില്‍ ടാബുകളില്‍ കൂടെ നീങ്ങാന്‍ CTRL-TAB ഉപയോഗിക്കാം. CTRL-PAGE DOWN എന്നതും CTRL-PAGE UP എന്നതും ഉപയോഗിച്ച് എമ്മെസ് എക്‌സല്‍-ലെ ഒരു ഷീറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മൌസ് ഇല്ലാതെ മാറാം.

ഹെല്പ് കിട്ടാന്‍ F1 ഞെക്കുക എന്നത് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാം എന്നു തോന്നുന്നു. F2 എന്നത് സെലക്റ്റ് ചെയ്ത ഫയലിന്റെ പേരു മാറ്റാന്‍ ഉപയോഗിക്കാം. CTRL-F അടിച്ചാല്‍ സേര്‍ച്ച് ചെയ്യാനുള്ള ഡയലോഗ് വരും. അവിടെ ഒരു തവണ പരതിക്കഴിഞ്ഞ് വീണ്ടും പരതണമെങ്കില്‍ F3 അടിച്ചാല്‍ മതി. ഫയല്‍/ഫോള്‍ഡര്‍ സേര്‍ച്ച് ചെയ്യുന്ന വിന്‍ഡോസ് ഡയലോഗ് കിട്ടാനായി WIN-F മതി.

ഇനി എമ്മെസ് വേര്‍ഡ് പോലത്തെ ഡോക്യുമെന്റ് എഡിറ്റിങ്ങ് ആപ്ലിക്കേഷനകത്ത് അല്പം. CTRL-S മിക്കവാറും എല്ലായിടത്തും സേവ് ചെയ്യുന്നു. CTRL-RIGHT ARROW യും CTRL-LEFT ARROW എന്നിവ ഉപയോഗിച്ച് വാക്കുകള്‍ക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും ചാടിക്കളിക്കാം. ഡോക്യുമെന്റില്‍ ഏറ്റവും മുകളിലേക്കു പോകണെമെങ്കില്‍ CTRL-HOME ഉം എറ്റവും താഴേക്കു പോകണമെങ്കില്‍ CTRL-END ഉം ഉപയോഗിക്കാം. കുറച്ച് റ്റെക്‌സ്റ്റ് സെലക്റ്റ് ചെയ്തിട്ട് CTRL-B അടിച്ചാല്‍ ബോള്‍ഡ് ആവും, CTRL-I അടിച്ചാല്‍ ഇറ്റാലിക്സ് ആവും. വാക്കുകള്‍ ഫൈന്‍ഡ് ചെയ്യാന്‍ CTRL-F ഉപയോഗിക്കാം. ഏതെങ്കിലും ഒരു പ്രത്യേക വരിയിലേക്കു പോകണമെങ്കില്‍ CTRL-G അടിച്ചിട്ട് ലൈന്‍ നമ്പര്‍ കൊടുത്താല്‍ മതി.

ഇനി ശരിയ്ക്കും ഷോര്‍ട്ട് കട്ട് എന്നു വിളിക്കാനാവത്ത ചില കീ ബോര്‍ഡ് കോമ്പിനേഷന്‍സ്. പക്ഷെ മൌസ് ഉരുട്ടി ഐക്കണ്‍ കണ്ടു പിടിച്ച് ക്ലിക്ക് ചെയ്യുന്നതിനു മുമ്പെ തന്നെ ഇവ ഉപയോഗിച്ച് കാര്യം നടത്താം. WIN-R എന്നു ടൈപ്പ് ചെയ്താല് Run prompt കിട്ടും. ഇനി ഈ പ്രൊംപ്റ്റില് നിന്ന് പല ആപ്ലിക്കേഷനും ലോഞ്ച് ചെയ്യാന് പറ്റും. winword എന്ന് റണ്‍ പ്രൊംപ്റ്റില് ടൈപ്പ് ചെയ്ത് എന്റര്‍ അടിയ്ക്കൂ, എമ്മെസ് വേര്‍ഡ് തുറക്കും. iexplore എന്നാണെങ്കിലല്‍ ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററും വെറുതെ explorer എന്ന് കൊടുത്താല്‍ വിന്‍ഡോസ് എക്സ്‌പ്ലോററും തുറക്കും. വിന്‍ഡോസ് എക്സ്‌പ്ലോറര്‍ തുറക്കാന് വേണ്ടി WIN-E ഉപയോഗിക്കുന്നതായിരിയ്ക്കും എളുപ്പം. റണ്‍ പ്രൊംപ്റ്റില്‍ പരീക്ഷിച്ചു നോക്കാനുള്ള മറ്റു ചില കാര്യങ്ങളാണ് notepad, mspaint, devenv...

ഇനി ഒരു ലോങ്ങ് കട്ട് - CTRL-ESC അടിച്ചാല്‍ start menu ഓപ്പണ്‍ ആവും. വെറുതെ WIN key-ടെ പുറത്ത് വിരല്‍ എടുത്തു വെച്ചാലും മതി.

ഒരുപാട് പ്രശസ്തമായ ഒരു കീ കോമ്പിനേഷനന്‍ മറക്കുന്നില്ല - CTRL-ALT-DEL

ഓക്കെ , എന്നാല്‍ ഞാന്‍ WIN-L അടിച്ച് ലോഗ്-ഓഫ് ചെയ്യട്ടെ.