Friday, November 2, 2007



ഹര്‍ത്താല്‍ ആശംസകള്‍ !!!!
കേരളത്തിലെ പ്രബുദ്ധജനം ഇന്ന് ആവേശപൂര്‍വ്വം ഹര്‍ത്താല്‍ ആഘോഷിക്കുന്നു. ഓണം, വിഷു , പെരുന്നാള്‍,ക്രിസ്തുമസ് എന്നീ ഉത്സവങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതിനാലുണ്ടാകുന്ന വിരസത അകറ്റാനായി മലയാളി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമാണ് ഹര്‍ത്താല്‍ ഉത്സവം.തമിഴ്‌നാടന്‍ കോഴിയും,വിദേശ മദ്യവുമാണ് ഈ ഉത്സവത്തിന്റെ മുഖ്യ വിഭവങ്ങള്‍.കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള അവസരമായി എല്ലാ ആഴ്ച്ചകളിലും ഒന്നോരണ്ടോ ഹര്‍ത്താല്‍ നടത്താവുന്നതാണെന്ന സന്ദേശം ഇവിടത്തെ പ്രമുഖ പത്രങ്ങളാണ് മുന്നോട്ടുവച്ചത്.രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറയുന്നതുതന്നെ ഹര്‍ത്താല്‍ നടത്തലാണെന്ന് മാത്രുഭൂമി,മനോരമ എന്നീ പത്രങ്ങള്‍ രാഷ്ട്രീയ കക്ഷികളെയും,ജാതി മത സംഘടനകളേയും ഏറെക്കാലത്തെ ബോധവല്‍ക്കരണത്തിലൂടെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് മലയാളിക്ക് മഹാഭാഗ്യമായി ഹര്‍ത്താലാഘോഷങ്ങള്‍ ലഭിച്ചത്.ആഘോഷത്തിന്റെ പ്രധാന ചടങ്ങെന്ന നിലയില്‍ ഓരോ പ്രാവശ്യം ഹര്‍ത്താല്‍ ആചരിക്കുംബോഴും കെ.എം.മാത്യു സ്വാഹാ...,വീരേന്ദ്രകുമാര്‍ സ്വാഹാ... എന്നീമന്ത്രങ്ങള്‍ ചൊല്ലി മദ്യവും,കോഴിയും ,മറ്റു തൊട്ടുകൂട്ടാനുള്ള ദ്രവ്യങ്ങളും വായിലേക്ക് അര്‍ച്ചിക്കേണ്ടതാണ്. വിസ്തരിച്ച് പൂജ നടത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മറ്റു പത്രങ്ങളുടെയും,ടി.വി.ചാനലുകളുടേയും ഉടമസ്ഥരുടെ പേര് സ്വാഹ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.ഹര്‍ത്താലു നടത്തുന്നതിനെതിരെ അസുരഗണത്തില്പെട്ട ചിത്രകാരന്മാര്‍ ആരെങ്കിലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നുണ്ടെങ്കില്‍ അതു വിവരക്കേടുകൊണ്ടാണെന്നുകരുതി മാപ്പുകൊടുത്ത് അവന്മാരുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക മാത്രം ചെയ്താല്‍ മതിയാകും.കാറുള്ള അസുരന്മാരാണെങ്കില്‍ ഫ്രണ്ട് ഗ്ലാസ് ഒരു വിറകുകൊള്ളി ഉപയോഗിച്ച് ഉപ്പേരിയാക്കിയാല്‍ വളരെ മനോഹരമായിരിക്കും. ആരേയും ഉപദ്രവിക്കരുത്.പത്ര ബ്രാഹ്മണരുടെ മൂടു താങ്ങിയും,അവന്റെ കച്ചവടത്തിനായുള്ള സംസ്കാരം സൃഷ്ടിക്കുന്നതിനു കൂട്ടുനിന്നും ,അവര്‍ കല്‍പ്പിച്ചുനല്‍കുന്ന വാലുള്ള ബ്രാന്‍ഡ് ഇമേജു വാലാക്കി ധരിച്ചും വിനീതരായി നടക്കുന്ന രാഷ്ട്രീയക്കാര്‍ രാഷ്റ്റ്രീയ പ്രവര്‍ത്തനമെന്ന നിലയില്‍ ഹര്‍ത്താല്‍ നടത്തി ഓരോ ആഴ്ച്ചയും നമ്മെ ആഘോഷങ്ങള്‍കൊണ്ട് ആനന്ദ തുന്തിലരാക്കുംബോള്‍... നാം നന്ദി പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരോടും,പത്രങ്ങളോടും,റ്റിവി.ചാനലുകളോടും.ഒരുത്തരോടു മാത്രമേ സഹതാപം തോന്നുന്നുള്ളു... കേരളത്തിന്റെ ഹര്‍ത്താല്‍-ധൂര്‍ത്തു ജീവിതത്തിന് കണ്ടറിഞ്ഞ് പണം വാരിക്കോരി നല്‍കുന്ന ഗള്‍ഫ് മലയാളികളോട് മാത്രം.ഏവര്‍ക്കും
ഹൃദയം നിറഞ്ഞ ഹര്‍ത്താല്‍ ദിനാശംസകള്‍...!!!