Monday, November 5, 2007

കുയിലെപ്പിടിച്ച് കൂട്ടിലടച്ച് ...

തമിഴ്‌പാട്ടുകളില്‍ എവിടെയെങ്കിലും കുയില്‍ വന്നാല്‍ മിക്കവാറും പിന്നാലെ പ്രതീക്ഷിക്കാം ഒരു മയില്‍. അതു പോലെ തിരിച്ചും. അത്തരത്തില്‍ ഒരു പാട്ടാണ് 'കുയിലെപ്പിടിച്ച് കൂട്ടിലടച്ച് ...' എന്നു തുടങ്ങുന്ന ഗാനം. ഇവിടെ ഇപ്പോള്‍ ഈ പാട്ട് ഓര്‍ത്തത് മലയാള ചാനലുകളില്‍ ഇപ്പോള്‍ സംഗീതമത്സരങ്ങളെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന, 'റിയാലിറ്റി ഷോ' എന്നറിയപ്പെടുന്ന ഷോഡതികള്‍ കാണാനിടയായപ്പോളാണ്. മത്സരാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്ന രീതി എന്തായാലും പങ്കെടുക്കുന്നവരുടെ കൂട്ടത്തില്‍ കഴിവുള്ളവരും വരുന്നുണ്ട്. (സ്വാശ്രയം ഉണ്ടോ എന്നറിയില്ല; ഏതായാലും മെറിറ്റുള്ളവരും ഉണ്ട് എന്നത് ആശ്വാസം. സിനിമാനടന്മാര്‍ വരെ സ്വാശ്രയരീതിയില്‍ വന്നു തുടങ്ങുന്ന കാലമാണിത്. അതെ, മെറിറ്റില്ലാത്തവന് കാശുകൊടുത്ത് ഡോക്ടറും എന്‍ജിനീയറുമാകാമെങ്കില്‍ എന്തുകൊണ്ട് കലാരംഗത്തും അതെല്ലാമായിക്കൂടാ. ന്യായമായ ചോദ്യം). എന്തായാലും വിധികര്‍ത്താക്കള്‍ക്ക് മാനദണ്ഡങ്ങളൊന്നും ബാധകമാക്കിയതായി കാണുന്നില്ല. പ്രൊഫഷണല്‍ സംഗീതരംഗത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സജിവമായി രംഗത്തില്ലാത്തവര്‍ക്കും പുറമേ സിനിമാ നടീനടന്മാരും മറ്റും വിധികര്‍ത്താക്കളുടെ കൂട്ടത്തില്‍ കാണാം