Monday, December 17, 2007

ഇറ്ഷാദ് മോന്‌ അല്ലാഹു ാഖിറത്തില്‍
മഗ്ഗിറത്ത് നല്‍കുമാറകട്ടെ .

ആമീന്‍ .

  • കണ്ണീരിറ്റി വീഴുന്ന ,

  • പിടയ്ക്കുന്ന കരങ്ങളോടെ,

  • കനല്‍ക്കട്ടകള്‍ വീണ

  • ഹൃദയത്തോടെ,

  • സങ്കടം കൊണ്ട്‌ വീര്‍പ്പ്‌ മുട്ടുന്ന്

  • ആത്മാവോടെ...................







മലയാള റേഡിയോ പ്രക്ഷേപണം

ആദ്യമായി റാസല്‍ഖൈമയില്‍ ആരംഭിച്ചതു

മുതല്‍ അതിന്റെയൊക്കെ ശ്രോതാവായ

ഒരു പ്രവാസി എഴുതുന്ന അനുഭവം

പതിനേഴു കൊല്ലം മുന്‍പു ഷാര്‍ജാ എയര്‍പോര്‍ട്ടില്‍, ചിറകു വിരിച്ചു നില്‍ക്കുന്ന ഒരു ഫാല്‍ക്കന്‍ പക്ഷിയുടെ വിരിമാറില്‍ പായക്കപ്പലിന്റെ ചിത്രമുള്ള ഒരു ഇളം ചുവപ്പു എന്റ്രി പെര്‍മിറ്റു വിസയും നെഞ്ചോടു ചേര്‍ത്തു,തനിച്ചു വന്നിറങ്ങുമ്പോള്‍ പിന്നിലുപേക്ഷിച്ചു
പോന്ന, ഞാനേറെ ഇഷ്‌ടപ്പെട്ടിരുന്ന , എന്നെയേറെ ഇഷ്‌ടപ്പെട്ടിരുന്ന പ്രാദേശിക മലയാള സാഹിത്യ,കലാരംഗവും, എന്നില്‍ വേര്‍പ്പാടിന്റെ വല്ലാത്തൊരു വ്യസനമാണു അന്നുണ്ടാക്കിയത്‌. നാട്ടില്‍, സന്ധ്യാ സമയത്തെ സാഹിത്യ സദസ്സുകളും, കളിക്കളത്തിലെ കുട്ടിക്കുറുമ്പുകളും, കേവല വിജയത്തിനു വേണ്ടിയുള്ള കൂട്ടുകാരോടുള്ള വീറും വാശിയും, എല്ലാം ഓര്‍ക്കാനെന്തു രസം!. ഇവിടെ, അന്നൊക്കെ ഇവിടെ വെറുതെയിരിക്കുന്ന സമയത്തും, 286 മോണോഗ്രാം കമ്പ്യൂട്ടരില്‍ ഡിബേസ്‌ ത്രീയിലെഴുതിയ ജേര്‍ണല്‍ എന്‍ട്രികള്‍ പോസ്‌ടു ചെയ്യാന്‍ എടുക്കുന്ന ഒച്ചിഴയുന്ന സമയത്തും, മനസ്സു നൂലറ്റ പട്ടം പോലെ, ഓര്‍ക്കാനിഷ്‌ടമുള്ള ആ പുല്‍മേട്ടിലോക്കെ പാറി പാറി നടന്നു. ഒപ്പം മധുരമുള്ള നൊമ്പരങ്ങള്‍ നാരങ്ങായല്ലികളായി എന്റെ നെഞ്ചിലേക്കെറിഞ്ഞെന്നെ ഒരുപാടു വേദനിപ്പിച്ചു.
അന്നിവിടെ ഞങ്ങള്‍ക്കു മലയാളം അപൂര്‍വ്വമായി മാത്രമെ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിരുന്നുള്ളൂ. അറബിയും, ഉര്‍ദുവും പഞ്ചാബി കലര്‍ന്ന ഹിന്ദിയും ബംഗ്ലയും,തഗലോഗും,സിംഗളയും പിന്നെ ധാരാളം ഇംഗ്ലീഷും കേട്ടു കേട്ടു ഞങ്ങള്‍ മലയാളത്തെ വല്ലാതെ മിസ്സു ചെയ്തു. അന്നീ മണല്‍പ്പരപ്പില്‍ മലയാള റേഡിയോ പ്രക്ഷേപണവും മലയാള ടെലിവിഷന്‍ സംപ്രേഷണവും ഒന്നുമില്ല. ദിനപത്രങ്ങള്‍ തന്നെ മൂന്നാം ദിവസമെ ഇവിടെ കിട്ടൂ. അപ്പോഴേക്കും അതിന്റെ വാര്‍ത്താപ്രധാന്യം കുറഞ്ഞിരിക്കും. ഫോണ്‍ ചാര്‍ജുകള്‍ വളരെ കൂടിയത്‌.അതിനാല്‍ അത്യാവശ്യത്തിനും അത്യാഹിതത്തിനും പിന്നെ അഹങ്കാരത്തിനും മാത്രമേ ഫോണ്‍ ചെയ്യൂ.
തികച്ചും ഒറ്റപ്പെട്ട തുരുത്തില്‍ വെറുതെ ജീവിക്കുകയായിരുന്നില്ല പകരം ജീവിച്ചു തീര്‍ക്കുകയായിരുന്നു ഞാനുള്‍പ്പെടെയുള്ള ഓരോ പ്രവാസിയും.
മരുഭൂമിയില്‍ മരുപച്ച കണ്ടെത്തിയ പോലെയാണ്‌ പ്രവാസികളായ ഞങ്ങള്‍ക്കു മലയാള പ്രക്ഷേപണം ആദ്യമായി റാസല്‍ ഖൈമയില്‍ നിന്നു അനുവദിച്ചു കിട്ടിയത്‌. അവതാരകരെക്കാളും,ആരംഭകരെക്കാളും ഏറ്റവും സന്തോഷിച്ചത്‌ ശ്രോതാക്കളായിരുന്നു. വിവരമറിഞ്ഞയുടന്‍ റേഡിയോ വാങ്ങി എല്ലാ മലയാളികളും ആദ്യ പ്രക്ഷേപണത്തിന്നായി കാതോര്‍ത്തിരുന്നു. മറുനാട്ടില്‍ കേട്ട ആദ്യത്തെ ഗഗനവാണിയിലൂടെ മലയാളം ഒഴുകിവന്നപ്പോള്‍ ഞങ്ങള്‍ ആനന്ദം കൊണ്ടു തുള്ളിച്ചാടി. പെറ്റമ്മയെ തൊട്ടറിഞ്ഞ നിര്‍വൃതി,പെട്ടന്നു നാട്ടിലെത്തിയ പ്രതീതി. വാക്‍മാന്‍ പോക്കറ്റിലിട്ടു ഞങ്ങള്‍ അതില്‍ നിന്നു വരുന്ന വാണിയെ നെഞ്ചിലേറ്റി. റേഡിയോ ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി.അതു ഞങ്ങള്‍ക്കു സംസാരിക്കാന്‍ ഒരുപാടു വിഷയങ്ങള്‍ തന്നു.
വെട്ടൂര്‍ ശ്രീധരനും, ആല്‍ബര്‍ട്ട്‌ അലക്സും,മൊയ്തീന്‍ കോയയും,സണ്ണിയും, ആശാലതയും,സത്യഭാമയും മറ്റും ഞങ്ങളുടെ സ്വന്തമായി. അവരെയൊക്കെ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ എന്നപോലെ ഞങ്ങള്‍ സ്നേഹിക്കാന്‍ തുടങ്ങി. പിന്നെ പിന്നെ കാലങ്ങള്‍ കഴിയവേ, റേഡിയോയില്‍ മുഴുവന്‍ വാണിജ്യ പരസ്യങ്ങളുടെ കുത്തൊഴുക്കായി. പരസ്യകമ്പനിക്കാര്‍ വന്‍തുകകള്‍ ചെലവഴിച്ചു പരസ്യപ്രോഗ്രാമുകള്‍ നടത്താന്‍ തുടങ്ങിയതോടെ റേഡിയോ ഞങ്ങളില്‍ നിന്നകലാന്‍ തുടങ്ങി. പരസ്യ പ്രക്ഷേപണം വഴി വരുമാനത്തിന്റെ തോതു കൂടിയപ്പോള്‍ കിടമല്‍സരവും തുടങ്ങി. റേഡിയോ പ്രക്ഷേപണ കൂട്ടായ്മ അമീബയെപ്പോലെ വിഭജിക്കാന്‍ തുടങ്ങി. കൂടെ നിന്നവര്‍, ഒരു പാത്രത്തിന്നുണ്ടവര്‍, പരസ്പരം ചെളിവാരിയെറിയല്‍ നടത്തിയതു റേഡിയോവിലൂടെയായി.(രഹസ്യമായി പാരവെപ്പും).
അതിനിടയില്‍ ഇതില്‍ ഒരു റേഡിയോ വിഭാഗം നാട്ടില്‍ നിന്നു ആകാശവാണിയില്‍ കൗതുക വാര്‍ത്തകള്‍ വായിക്കുന്ന "രാമചന്ദ്രനെ" ഇറക്കുമതി ചെയ്തു. അദ്ദേഹത്തിന്റെ മനോഹര ശബ്ദം ആദ്യമായി ഒരു ഫോണിന്‍ ക്വിസ്സ്‌ സമ്മാന പ്രോഗ്രാമിന്‌ റിക്കാര്‍ഡു ചെയ്തു. ഒരു ലോക്കല്‍ നമ്പരില്‍ വിളിച്ചാല്‍, കമ്പ്യൂട്ടര്‍ ചോദിക്കുന്ന മൂന്നു ചോദ്യങ്ങള്‍ക്കു ചോയ്സായി പറയുന്ന ഉത്തരങ്ങളുടെ നമ്പര്‍ ഫോണിലെ ഡിജിറ്റില്‍ അടിച്ചു സേവു ചെയ്താല്‍, നിങ്ങളൂടെ എന്‍ട്രി നമ്പര്‍ നറുക്കെടുത്ത്‌ നിങ്ങള്‍ക്കു ഭാഗ്യമുണ്ടെങ്കില്‍ ഒരു 20 ഇഞ്ചു ഹിറ്റാച്ചി ടി.വി. സമ്മാനമായി ലഭിക്കും. ഉത്തരങ്ങള്‍ വളരെ ലളിതം. പലരും ഫോണ്‍ ചെയ്തു, കാരണം രാമചന്ദ്രന്‍ സാര്‍ നേരിട്ടു സംസാരിക്കുന്ന അനുഭൂതി, പിന്നെ ലോക്കല്‍ കാളിന്റെ ചാര്‍ജേയുള്ളൂവെന്ന റേഡിയോക്കരുടെ പരസ്യം, മാത്രമല്ല ഇത്തിരി ജനറല്‍ നോളേജിനുള്ള വകയും.
വിളിച്ചവര്‍ തന്നെ പിന്നെയും പിന്നെയും വിളിച്ചു. ഞങ്ങളുടെ കമ്പനിയില്‍ അഞ്ചു ലൈനുള്ളത്‌ എപ്പോഴും എന്‍ഗേജായതിനാല്‍ ചിലര്‍ ഫാക്സ്‌ ലൈനില്‍ നിന്നു വിളിച്ചു. ഞാന്‍ എന്റെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും നമ്പര്‍ കൊടുത്തു. എല്ലാരും മരണവിളി.അവിടെ ലൈന്‍ എന്‍ഗേജിന്റെ പ്രശ്നമേയില്ല. നല്ല രസം. അടുത്തമാസമാണ്‌ നറുക്കെടുപ്പ്‌. എല്ലാരും രജിസ്ടര്‍ ചെയ്ത നമ്പറുമായി സമ്മാനത്തിനായി കാത്തിരിക്കുകയാണ്‌. ആ മാസത്തെ ഇത്തിസാലാത്തിന്റെ( ടെലിഫോണ്‍ ഡിപ്പാര്‍ട്ടുമെണ്ടിന്റെ) ബില്ലു വന്നപ്പോള്‍ ഞങ്ങളില്‍ പലരും ബോധം കെട്ടു വീണു. V.A.N.Calls എന്ന പേരില്‍ ഞങ്ങളുടെ കമ്പനിയില്‍ 12000 ദിര്‍ഹമിന്റെ ബില്ലു വന്നു. അന്വേഷിച്ചപ്പോഴാണറിയുന്നത്‌ ആ കാളുകള്‍ വിദേശരാജ്യത്തേക്കു ഡൈവേര്‍ട്ടു ചെയ്ത്‌ അവിടെയാണ്‌ സോര്‍ട്ടിംഗും റിക്കാര്‍ഡിംഗും നടന്നിരുന്നതെന്നും അതിനാല്‍ എല്ലാ കാളിന്നും ഇന്‍റ്റര്‍നാഷണല്‍ ചാര്‍ജ്ജാണിട്ടതെന്നും.
നാഷണല്‍ ബാങ്ക്‌ ഓഫ്‌ ഷാര്‍ജയില്‍ പ്രബേഷന്‍ പിരിയേഡില്‍ ജോലി ചെയ്തിരുന്ന എന്റെ ഒരു കൂട്ടുകാരനു ടെര്‍മിനേഷന്‍ നോട്ടീസു കിട്ടി. ഒരു പാടു പേരുടെ പണി പോയി. എന്റെ കമ്പനിയിലെ, ടെലഫോണ്‍ ബില്ലു പ്രോസസിംഗു എന്റെ പണിയായതിനാല്‍ ഞങ്ങള്‍ ഏഴു മലയാളികളും ഒരു തമിഴനും മാനേജ്‌മെണ്ടിനു മുന്‍പേ പേടിച്ചു പേടിച്ചു മുന്‍കൂറായി കുറ്റം സമ്മതിച്ചു. പൈസ ഞങ്ങളുടെ ശമ്പളത്തില്‍ നിന്നു പിടിക്കാന്‍ അപേക്ഷിച്ചു. മലയാളികളല്ലാത്ത മറ്റുള്ളവര്‍ക്കു ഞങ്ങളുടെ റേഡിയോ കേള്‍ക്കലില്‍ അസൂയയുണ്ടായിരുന്നതു കൊണ്ട്‌ അവര്‍ സംഗതിക്കു എരിവു കൂട്ടി. എട്ടു പേരെ ഒന്നിച്ചു ക്യാന്‍സല്‍ ചെയ്താല്‍ കമ്പനി സഹിക്കുമെന്നു മാനേജ്‌മെണ്ടിനു തോന്നിയതിനാല്‍ ശിക്ഷ ബില്ലിലെ തുകയും 10% അധികവുമായി ചുരുങ്ങി. പലരുടേയും ഒരുമാസത്തെയും അതിലധികവും ശമ്പളമാണു പോയത്‌. ഞാന്‍ ആദ്യമായി ഒരാളെ ഫോണിലൂടെ അത്രക്കും സിന്‍സിയറായി മലയാളത്തില്‍ ചീത്തയും തെറിയും വിളിച്ചത്‌ അന്നാണ്‌.
പാവം! ആ മലയാള പ്രക്ഷേപണ നിലയത്തിലെ ടെലിഫോണ്‍ ഓപ്പറേറ്ററെ! (അയാള്‍ പ്രോഗ്രാം ഡയറക്ടറെ ലൈനില്‍ തരാത്തതിനാലാണയാള്‍ക്കു ശ്രോതാക്കളില്‍ നിന്നു നല്ല മലയാളത്തില്‍ ചീത്ത കേട്ടത്‌). അയാള്‍ക്കു എന്നെ കൂടാതെ പലരില്‍ നിന്നും ഈ സമ്മാനം കിട്ടിയതിനാലായിരിക്കാം ആ ടെലിഫോണ്‍ ഓപ്പറേറ്റരും കൂടെ കൗതുക വാര്‍ത്തകള്‍ "വായിക്കുന്നത്‌ രാമചന്ദ്രനും" രാക്കു രാമാനം നാടു പിടിച്ചത്‌. അതിനു ശേഷം ഞങ്ങള്‍ക്കു റേഡിയോ കേള്‍ക്കുന്നതു പോയിട്ടു കാണുന്നതു തന്നെ പേടിയായിരുന്നു. ഞാന്‍ എന്റെ ബന്ധുക്കളോടും കൂട്ടുകാരോടും സമ്പര്‍ക്കമില്ലതെ ആറുമാസം കഴിഞ്ഞു കൂടി. കാരണം അവര്‍ക്കൊക്കെ എന്റെ ഉപദേശം കാരണം ഈ ഫോണ്‍വിളി നടത്തിയതിനു ഗംഭീര ബില്ലു വന്നിരുന്നു. അവസാനം ഇതു മിനിസ്‌ട്രിയിലും മറ്റും സംസാരമായി. ഇത്തിസാലാത്തും മലയാള റേഡിയോ പ്രക്ഷേപണ നിലയവും തമ്മിലെ "കമ്മ്യൂണിക്കേഷണ്‍ എറര്‍" എന്നു കണ്ടെത്തി വര്‍ഷാവസാനം ഇത്തിസാലാത്ത്‌ ഈ സംഖ്യകളെല്ലാം തിരിച്ചു ബില്ലില്‍ ക്രെഡിറ്റു തന്നു. പലര്‍ക്കും ഈ സംഖ്യ തിരിച്ചു കിട്ടി. പക്ഷെ ജോലി നഷ്ടപെട്ടവര്‍, ഫൈനടച്ചവര്‍, മാനേജ്‌മെണ്ടിനു മുന്‍പില്‍ തെറ്റുകാരനായവര്‍ പലരുമുണ്ടായിരുന്നു. അതിനു ശേഷം ഒരു ഫോണിന്‍ പരിപാടിയെന്നു കേട്ടാല്‍ ചെകുത്താനു കുരിശു കാണിച്ച പോലെയായിരുന്നു ഞങ്ങള്‍ക്ക്‌.


സോദരാ
ഒരു നാള്‍ മരുപ്പച്ചകളില്‍ പുക പടരും ,
സിമന്റു കൊട്ടാരങ്ങളില്‍
ഒരു നാള്‍ മണല്‍ക്കാറ്റു വീശും.
അതിനു മുമ്പ്‌ ,
അതിനു മുമ്പ്‌ പ്രിയപ്പെട്ടവരെ റ്റാല്‍ക്കാലികമായ
സുരക്ഷിത സങ്കേതങ്ങളുപേക്ഷീച്ച്‌
ഒരു യാത്ര അനിവാര്യമാണു.





മയ്യിത്തുകള്‍ക്കും ചിലതു പറായാനുണ്ട്.


ചില മയ്യിത്തുകളുടെ മൂക്കീന്നും വായീന്നും രക്തമൊഴുകും. ചിലവയുടെ വയറ്റീന്നു പോകും. കൈകാലുകള്‍ ശക്തിയെടുത്താലും അനക്കാനാവാത്ത മയ്യിത്തുകളുമുണ്ട്. നിങ്ങ പുസ്തകത്തില്‍ വായിച്ചു ചെയ്യുമ്പോലല്ല മയ്യിത്ത് പരിപാലനം. അത് ചെയ്ത് തന്നെ പഠിക്കേണ്ടതാണ്‌. മയ്യിത്തുകള്‍ക്കും ചിലതു പറായാനുണ്ട്.പറയുന്നത് ഇതിനകം നാലായിരത്തിലധികം മയ്യിത്തുകള്‍ പരിപാലിച്ച

ചാലാട് ജുമാഅത്ത് പള്ളിയിലെ ഖാദര്‍ കല്‍ഫ. കഴിഞ്ഞ അറുപത്തിരണ്ടു വര്‍ഷമായി മയ്യിത്തുപരിപാലനം സേവനമാക്കിയ ഖാദര്‍ കല്‍ഫാക്ക് മയ്യിത്തുകളെ പറ്റി പറയുമ്പോഴും പരിപാലിക്കുമ്പോഴും അന്നും ഇന്നും പേടിയില്ല. കോളറ വസൂരി മാറാലികള്‍ നാടിനെ പിടിച്ചു കുലുക്കിയപ്പോഴും ഖാദര്‍ കുലുങ്ങിയിട്ടില്ല. ദിനം പ്രതി മൂന്നെന്ന തോതില്‍ ചാലാട് മഹല്ലിലെ വസൂരി രോഗം ബാധിച്ചു മരിച്ച ശരീരങ്ങള്‍ ഖാസര്‍ മുഖം മൂടിയും കയ്യുറയുമില്ലതെ പരിപാലിച്ചിട്ടുണ്ട്. പിതാവിനെ സഹായിക്കാനിറങ്ങിയ ചെറുപ്രായക്കാരനായ ഖദറിനെ അന്നു ബന്ധുക്കള്‍ വിലക്കി. അവനെകൊണ്ട് രോഗം ബാധിച്ച മയ്യിത്തുകള്‍ കുളിപ്പിക്കേണ്ട. പിതാവ് ബന്ധുക്കളെ സമാധാനിപ്പിച്ചു. ഒന്നും സംഭവിക്കില്ല. തന്റെ പതിനഞ്ചാം വയസ്സില്‍ പിതാവ് കോറോത്ത് അബ്ദുറഹ്മാന്‍ കല്‍ഫയുടെ സഹായിയായാണ് ആദ്യമായി ഖാദര്‍ മയ്യിത്ത് പരിപാലനം നടത്തുന്നത്. പിതാവിന്റെ മരണശേഷം ഖാദര്‍ കല്‍ഫ മയ്യിത്ത് പരിപാലനം നടത്താന്‍ തുടങ്ങി.
കോളറ വസൂരി കാലങ്ങളില്‍ രണ്ടു മാസത്തിനിടെ മാത്രം നൂറിലധികം മയ്യിത്തുകള്‍ ചാലാട് മഹല്ലില്‍ ഖാദര്‍ കല്‍ഫ കഫന്‍ ചെയ്തിട്ടുണ്ട്. ചില ശരീരങ്ങള്‍ പൊട്ടിയൊലിച്ചിട്ടുണ്ടാകും. ചിലതില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടാകും. ഇതൊന്നും കൂസാതെ മയ്യിത്ത് പരിപാലിച്ചത് ഉപ്പയുടെ ധൈര്യത്തിലാണെന്ന് ഖാദര്‍ കല്‍ഫ പറയുന്നു.

മയ്യിത്തു കുളിപ്പിക്കുക കഫന്‍ ചെയ്യുക, മറമാടിയ മയ്യിത്തുകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക തുടങ്ങിയവയണ് മയ്യിത്തു പരിപാലനത്തില്‍ പെടുന്നത്. ഇവക്കു വേണ്ടി അന്നുമിന്നു പ്രത്യേക മുന്‍‌കരുതലുകളൊന്നുമെടുക്കാറിലെന്ന് ഖാദര്‍ ഖല്‍ഫ പറയുന്നു. മനസ്സില്‍ നിയത്തും വെച്ച് ഒരിറങ്ങലാണ്‌.
ചൂടുവെള്ളവും പച്ച വെള്ളവും മയ്യിത്തുകള്‍ കുളിപ്പിക്കുന്നതിനു മുറപോലെ ഒഴിക്കും. നിവരാതെ കിടക്കുന്ന മയ്യിത്തുകളൂടെ കൈകാലുകള്‍ നിവര്‍ത്തുവാന്‍ ചൂടുവെള്ള മൊഴിക്കേണ്ടി വരും. നാലായിരത്തിലധികം മയ്യിത്തുകള്‍ നിര്‍‌വികാരനായി പരിപാലിച്ച ഖാദര്‍ പക്ഷേ ഒരു തവണ മയ്യിത്തിനു മുന്നില്‍ പതറി. തന്റെ അനുജന്‍ മുള്ളങ്കണ്ടി പാലത്തിനടുത്ത് കല്‍ഫയായിരുന്ന സൂപ്പിയുടെ മയ്യിത്ത് കുളിപ്പിക്കുമ്പോഴായിരുന്നു അത്. അന്നു മറ്റുള്ളവരായിരുന്നു മയ്യിത്ത് കുളിപ്പിച്ചത്. ചാലാട് സ്വദേശിയായ ചാത്തോത്ത് അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കല്‍ഫ ഈ എഴുപത്തേഴാം വയസ്സിലും മയ്യിത്ത് പരിപാലനത്തിന്‌ പോകറുണ്ട്. ചാലാട് മഹല്ലിലെ ആയിരത്തിലധികം വീടുകളില്‍ ഇന്നും ഇദ്ദേഹത്തിന്റെ സേവനമെത്തുന്നു. പടന്നപ്പാലം മുതല്‍ പന്നേന്‍പാറ റയില്‍വേ ട്രാക്ക് വരെയും ഒറ്റത്തെങ്ങു വരെയും നീളുന്നതാണ്‌ ഇദ്ദേഹത്തിന്റെ സേവന മേഖല.
കുളിപ്പിക്കാനെത്തുന്ന മയ്യിത്തുകള്‍ ഏതു തരത്തിലുള്ളവയാണെന്ന് പ്രത്യേകിച്ചു നോക്കാറില്ല. അപകട മരണം സന്‍ഭവിച്ചവയുണ്ട്. രോഗം ബാധിച്ചവയുണ്ട്. അകാലമരണം സംഭവിച്ചവയുണ്ട്. ആത്മഹത്യ ചെയ്തവയുണ്ട്. ഇവക്കിടയിലും മുഖത്ത് പുഞ്ചിരിതൂകുന്ന മയ്യിത്തുമുണ്ട്. പ്രായം തളര്‍ത്താത്ത ആത്മവിശ്വാസത്തോടെ ഖാദര്‍ കല്‍ഫ പ്രാര്‍ത്ഥിക്കുന്നു. എല്ലാവര്‍ക്കും മഗ്‌ഫിറത്ത് നല്‍കണേ നാഥാ....